എൻ്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം ചിന്തിക്കുന്നത് I യോഹന്നാൻ 5:4-ൽ കാണുന്ന ശക്തമായ സത്യത്തെക്കുറിച്ചാണ്. അത് ഇപ്രകാരം പറയുന്നു, “ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു.” അതെ, സുഹൃത്തേ, ലോകത്തെ മറികടക്കാൻ ദൈവം നിങ്ങളെ സഹായിക്കും, കാരണം അവൻ നിങ്ങളുടെ ഉള്ളിൽ വസിക്കുന്നു. അവൻ്റെ ശക്തിയാൽ, നിങ്ങൾക്ക് ലോകത്തിൽ നിന്ന് വരുന്ന എന്തിനേയും മറികടക്കാൻ കഴിയും.
ഒരുപക്ഷേ ഇന്ന്, നിങ്ങൾക്ക് പല പ്രലോഭനങ്ങളും നേരിടുന്നതായി കാണാം. അത് നിങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളായിരിക്കാം അല്ലെങ്കിൽ നിങ്ങൾ അനുഭവിക്കുന്ന അമിതമായ സമ്മർദ്ദം മോശമായ ശീലങ്ങളിലേക്കോ
നിഷേധാത്മക ചിന്തകളിലേക്കോ വഴങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടാകാം. ഒരുപക്ഷേ കൈക്കൂലി വാങ്ങാനുള്ള പ്രലോഭനം, നിങ്ങളുടെ ജോലിയിൽ മുന്നേറുന്നതിനായി നിങ്ങളുടെപ്രവൃത്തിയിൽ സത്യസന്ധതയില്ലായ്മ, അല്ലെങ്കിൽ ക്ഷണികമായ സമാധാനത്തിനോ ആനന്ദത്തിനോ വേണ്ടി പാപത്തിൽ ഏർപ്പെടുക എന്നിവയായിരിക്കാം അത്. നിങ്ങളുടെ ജീവിതത്തിലെ സമ്മർദ്ദത്തിൽ നിന്ന് രക്ഷപ്പെടാൻ, നിങ്ങൾക്ക് പാപപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതായി തോന്നിയേക്കാം. അല്ലെങ്കിൽ നിങ്ങളുടെ ചുറ്റുമുള്ളവരിൽ നിന്നുള്ള മൂല്യനിർണ്ണയത്തിനുള്ള ആഗ്രഹമായിരിക്കാം നിങ്ങളെ വിട്ടുവീഴ്ചയിലേക്ക് നയിക്കുന്നത്. നിങ്ങൾ ഇപ്രകാരം ചിന്തിച്ചേക്കാം, "ആരും ശ്രദ്ധിക്കുന്നില്ല; ഞാൻ ഈ ചെറിയ കാര്യങ്ങൾ ചെയ്താൽ ആർക്കറിയാം?" അല്ലെങ്കിൽ "ഞാൻ ആരെയും വേദനിപ്പിക്കുന്നില്ല, അപ്പോൾ ഞാൻ ഇത് ചെയ്താൽ എന്താണ് പ്രശ്നം?"
എന്നാൽ എന്റെ പ്രിയ സുഹൃത്തേ, വേദപുസ്തകത്തിലെ ഇയ്യോബിന്റെ ജീവിതം പരിഗണിക്കുക. ഇയ്യോബ് സമ്പന്നനും ജയിച്ചവനുമായ ഒരു വ്യക്തിയായിരുന്നു, എന്നാൽ അവന് എല്ലാം നഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നു-അവന്റെ വിജയം, ആരോഗ്യം, കുടുംബം പോലും. ഇയ്യോബ് 2:9-ൽ, "നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക" എന്ന് അവൻ്റെ ഭാര്യ പോലും അവനോട് പറഞ്ഞതായി നാം കാണുന്നു. കടുത്ത സമ്മർദ്ദത്തിന് വഴങ്ങിക്കൊടുക്കാൻ അവന് വളരെ എളുപ്പമായിരുന്നു, പക്ഷേ ഇയ്യോബ് പിടിച്ചുനിന്നു. തൻ്റെ അവസ്ഥയ്ക്ക് ദൈവം നീതി നൽകുമെന്ന് അവൻ വിശ്വസിച്ചു. വാസ്തവത്തിൽ, ഇയ്യോബ് 42:10-ൽ, ദൈവം ഇയ്യോബിന് മുമ്പുണ്ടായിരുന്നതിനേക്കാൾ ഇരട്ടി നൽകിക്കൊണ്ട് അവന്റെ സ്ഥിതിക്കു ഭേദം വരുത്തിയതായി നാം വായിക്കുന്നു.
അതെ, എൻ്റെ പ്രിയ സുഹൃത്തേ, യേശു തന്നെ നമ്മോട് യോഹന്നാൻ 16:33-ൽ പറയുന്നു, "ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു." പ്രലോഭനങ്ങൾ നമ്മുടെ വഴിയിൽ വന്നേക്കാം, അവ മധുരവും ആകർഷകവുമാണെന്ന് തോന്നിയേക്കാമെങ്കിലും, ദൈവം നമ്മെ വിളിക്കുന്നത് നീതിയുള്ള ഒരു ജീവിതം നയിക്കാനാണ് - നിർമ്മലത നിറഞ്ഞ ഒരാളാണെന്ന് നാം ഓർക്കണം. ഇയ്യോബിൻ്റെ വിശ്വസ്തതയ്‌ക്ക് അവൻ പ്രതിഫലം നൽകിയതുപോലെ, അവൻ തീർച്ചയായും നിങ്ങൾക്കും പ്രതിഫലം നൽകും. ലോകത്തെ ജയിച്ചവൻ നിങ്ങളിൽ വസിക്കുന്നതിനാൽ സന്തോഷമുള്ളവരായിരിക്കുക. അവൻ കാരണം, നിങ്ങൾക്കും ഈ വെല്ലുവിളികളെയെല്ലാം തരണം ചെയ്ത് വിജയകരവും അഭിവൃദ്ധിയുള്ളതും അനുഗ്രഹീതവുമായ ജീവിതം നയിക്കാൻ കഴിയും. ലോകത്തെ ജയിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ ഈ വിജയിയെ നിങ്ങളിൽ വസിക്കാൻ നിങ്ങൾ ക്ഷണിക്കുമോ?
PRAYER:
വിലയേറിയ കർത്താവേ, അങ്ങ് ലോകത്തെ ജയിച്ചുവെന്ന് അംഗീകരിച്ചുകൊണ്ട് ഞാൻ ഇന്ന് അങ്ങയുടെ അടുത്തേക്ക് വരുന്നു. ഈ ജീവിതത്തിൽ ഞാൻ അഭിമുഖീകരിക്കുന്ന എല്ലാ പ്രലോഭനങ്ങളെയും വെല്ലുവിളികളെയും മറികടക്കാൻ ദയവായി എന്നെ സഹായിക്കേണമേ. സമ്മർദ്ദത്താൽ ഞാൻ തളർന്നുപോകുന്നതായി തോന്നുമ്പോൾ, അങ്ങ് എൻ്റെ ശക്തിയാണെന്ന് എന്നെ ഓർമ്മിപ്പിക്കേണമേ. ആരും ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയാലും എന്റെ സത്യസന്ധതയിൽ വിട്ടുവീഴ്ച ചെയ്യുന്നതിൽ നിന്ന് എന്നെ തടയേണമേ. പാപത്തിന്റെ പ്രലോഭനത്തിൽ നിന്ന് എന്റെ ഹൃദയത്തെ കാത്തുസൂക്ഷിക്കുകയും നീതിയുടെ പാതയിലേക്ക് എന്നെ നയിക്കുകയും ചെയ്യേണമേ. ഇയ്യോബിനെപ്പോലെ, അങ്ങ് എൻ്റെ വിശ്വസ്തതയ്ക്ക് തക്കസമയത്ത് പ്രതിഫലം നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങ് എന്നോടൊപ്പമുണ്ടെന്ന് അറിയുന്നതിലൂടെ ലഭിക്കുന്ന സമാധാനം എന്നിൽ നിറയ്ക്കുകയും വിജയകരമായ ജീവിതം നയിക്കാൻ എന്നെ ശക്തിപ്പെടുത്തുകയും ചെയ്യേണമേ. എന്റെ ശക്തനായ, വിജയിയായ യേശുവേ, എന്റെ ഹൃദയത്തിൽ വസിക്കാനും എല്ലാ ദിവസവും എന്നെ നയിക്കാനും ഞാൻ അങ്ങയെ ക്ഷണിക്കുന്നു. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.