പ്രിയ സുഹൃത്തേ,
ദൈവത്തിൻറെ ഇന്നത്തെ വാഗ്ദത്തം യെശയ്യാവ് 49:16-ൽ നിന്നാണ്. “ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു." ദൈവം നിങ്ങളെ അവൻ്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നത് അത്ഭുതകരമല്ലേ? നാം എപ്പോഴും അവൻ്റെ കൺമുമ്പിൽ ഉണ്ടെന്നാണ് ഇതിനർത്ഥം. നിങ്ങൾ ദൈവത്തിൻ്റെ അമൂല്യമായ സ്വത്താണ്, അവൻ നിങ്ങളെ എല്ലായ്‌പ്പോഴും ഓർക്കുന്നു.

ഉത്തമഗീതം 8:6 - ൽ പറയുന്നു, "എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ." സമാനമായ രീതിയിൽ, അവൻ്റെ കൈകളിൽ ആലേഖനം ചെയ്‌തിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? യേശു സ്നേഹത്താൽ നിറഞ്ഞവനാണ്. അവൻ്റെ കൈകളിൽ തറച്ച ആണികളുടെ സ്ഥിരമായ പാടുകൾ അവന് നിങ്ങളോടുള്ള തീവ്രമായ സ്നേഹത്തിൻ്റെ തെളിവാണ്. ഓരോ തവണയും അവൻ മുറിവുകളിലേക്ക് നോക്കുമ്പോൾ അവൻ നിങ്ങളെ ഓർക്കുന്നു. അവൻ്റെ കൈകളിൽ കൊത്തിവച്ചിരിക്കുന്ന നിങ്ങളുടെ പേരിനെ നീക്കം ചെയ്യാൻ ആർക്കും കഴിയില്ല. നിങ്ങളോടുള്ള അവൻ്റെ തീവ്രമായ സ്നേഹത്തിൻ്റെ ഈ തെളിവിന് നിങ്ങൾ എപ്പോഴും അവനോട്  നന്ദിയുള്ളവരായിരിക്കണം. ദൈവം എപ്പോഴും നിങ്ങളെ അവൻ്റെ മനസ്സിൽ സൂക്ഷിക്കുന്നു, അവൻ നിങ്ങളെ ഓർക്കുമ്പോൾ അവൻ നിങ്ങളെ അനുഗ്രഹിക്കുന്നു.

നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ എപ്പോഴും ഓർക്കുന്നതിനാൽ അവർക്ക് നിങ്ങളെ അനുഗ്രഹിക്കാൻ കഴിയില്ലേ? അവർ നിങ്ങളുടെ ഭാവിക്കായി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നു. ഒരു കുട്ടി വിവാഹിതനാകുമ്പോൾ, മാതാപിതാക്കൾ അവരുടെ ഹൃദയവും മനസ്സും എല്ലാം ഉപയോഗിച്ച് അവർക്കായി ആസൂത്രണം ചെയ്യുന്നു. ഇതും ദൈവത്തിൻ്റെ ഹൃദയമാണ്. യെഹെസ്കേൽ 36:9 പറയുന്നു, "ഞാൻ നിങ്ങൾക്കു അനുകൂലമായിരിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളിൽ കൃഷിയും വിതയും നടക്കും." നിങ്ങളെ അനുഗ്രഹിക്കാനും അഭിവൃദ്ധിപ്പെടുത്താനും വേണ്ടി ദൈവം നിങ്ങളെ ഓർക്കുന്നു. നിങ്ങൾ എപ്പോഴും അവൻ്റെ മനസ്സിലുണ്ട്, അതിനാൽ നിങ്ങളുടെ അപേക്ഷകളുമായി നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അവൻ്റെ അടുക്കൽ പോകാം.

Prayer:

സ്വർഗ്ഗസ്ഥനായ പിതാവേ,
അങ്ങയുടെ ഉള്ളങ്കയ്യിൽ എന്നെ വരെച്ചിരിക്കുന്നതിനും എപ്പോഴും അങ്ങയുടെ കൺമുമ്പിൽ എന്നെ സൂക്ഷിച്ചതിനും അങ്ങേക്ക് നന്ദി. എന്നോടുള്ള അഗാധമായ സ്നേഹം തെളിയിച്ചുകൊണ്ട് യേശു വഹിച്ച ശാശ്വതമായ സ്‌നേഹത്തിനും മുറിവുകൾക്കും ഞാൻ നന്ദിയുള്ളവളാണ്. അങ്ങയുടെ സാന്നിധ്യത്തെയും അനുഗ്രഹങ്ങളെയും കുറിച്ച് എന്നെ നിരന്തരം ഓർമ്മിപ്പിക്കേണമേ. അങ്ങ് എനിക്ക് വേണ്ടിയാണെന്നും എന്നെ അഭിവൃദ്ധിപ്പെടുത്താൻ പദ്ധതിയുണ്ടെന്നും അറിഞ്ഞുകൊണ്ട് വിശ്വസ്തയായിരിക്കാനും എപ്പോഴും അങ്ങയെ അന്വേഷിക്കാനും എന്നെ സഹായിക്കേണമേ. അങ്ങയുടെ വാഗ്‌ദത്തത്തിലും അങ്ങയുടെ അനന്തമായ സ്നേഹത്തിലും ഞാൻ വിശ്വസിക്കുന്നു. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.