എൻ്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം I പത്രൊസ് 5:10-നെക്കുറിച്ച് ധ്യാനിക്കുന്നു. അത് ഇപ്രകാരം പറയുന്നു, “ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.” അവൻ വാഗ്‌ദത്തം ചെയ്തതുപോലെ, ദൈവം നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കും. ഇന്ന്, നിങ്ങൾക്ക് ചുറ്റുമുള്ളതെല്ലാം കുലുങ്ങുന്നതായി നിങ്ങൾക്ക് തോന്നിയേക്കാം. ഒരുപക്ഷേ ആളുകൾ നിങ്ങൾക്കെതിരെ തിരിഞ്ഞിരിക്കാം. വർഷങ്ങളായി നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച സമ്പാദ്യം നിങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കാം. നിങ്ങളുടെ കുടുംബത്തിൽ നിങ്ങൾക്ക് കടബാധ്യതയും നാണക്കേടും ഉണ്ടാകാം. നിങ്ങൾ ചിന്തിച്ചേക്കാം, "ഈ സമൂഹത്തിൽ ഞാൻ എങ്ങനെ അതിജീവിക്കും?" പക്ഷേ, എന്റെ പ്രിയ സുഹൃത്തേ, കർത്താവ് തന്നെ നിങ്ങളെ പുനഃസ്ഥാപിക്കും! അവൻ നിങ്ങളെ കെട്ടിപ്പടുക്കുകയും നിങ്ങളെ വീണ്ടും ശക്തരാക്കുകയും ചെയ്യും.

ചെന്നൈയിൽ നിന്നുള്ള പ്രിയ സഹോദരി സത്യ ഷീലയുടെ ജീവിതത്തിൽ സംഭവിച്ചത് അതാണ്. വാടകയ്‌ക്കെടുത്ത വീട്ടിൽ താമസിച്ചിരുന്ന അവളുടെ കുടുംബം, വലിയ സ്ഥലത്തേക്ക് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവരുടെ ഇപ്പോഴത്തെ വീടിന്റെ ഉടമ അവർക്ക് ഒന്നര ലക്ഷം കടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, സത്യഷീലയെ പൂർണ്ണമായും തകർത്തുകൊണ്ട് ഉടമ പണം തിരികെ നൽകാൻ വിസമ്മതിച്ചു. നിരാശയോടെ, തനിക്ക് അവകാശമുള്ളത് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ അവൾ ഒരു പോലീസ് പരാതി നൽകാൻ ആലോചിച്ചു. അവളുടെ ദുരിതങ്ങൾക്കിടയിലും, ചെന്നൈയിലെ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിൽ അവൾ ദൈവത്തെ തേടുന്നത് തുടർന്നു. അവളുടെ ഹൃദയം അവൻ്റെ മുമ്പിൽ പകർന്നു. ആ സമയത്താണ്, തന്റെ സഹോദരിയിലൂടെ അത്ഭുത ഉപവാസ പ്രാർത്ഥനയെക്കുറിച്ച് അവൾ കേട്ടത്. ഡോ. പോൾ ദിനകരനും കുടുംബവും ഓരോ വ്യക്തിക്കും വേണ്ടി  പ്രത്യേകം പ്രാർത്ഥിക്കുന്ന ഉപവാസ പ്രാർത്ഥനാ യോഗമാണിത്. വലിയ വിശ്വാസത്തോടെ, അവൾ ആ മാസത്തെ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുത്തു, ഡോ. പോളിനോടൊപ്പം തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു, തൻ്റെ ഭാരം കർത്താവിൻ്റെ മുമ്പിൽ വെച്ചു.

യോഗത്തിനിടെ, ഡോ. പോൾ പ്രാർത്ഥിക്കുകയും പ്രവചിക്കുകയും ചെയ്തപ്പോൾ, ജനക്കൂട്ടത്തിൽ നിന്ന് പ്രത്യേക പേരുകളും പ്രശ്നങ്ങളും വിളിച്ചുപറയുവാൻ തുടങ്ങി. വാഞ്‌ഛയുള്ള ഹൃദയത്തോടെ അവൾ നിലവിളിച്ചു: “കർത്താവേ, എൻ്റെ പ്രശ്നം വിളിച്ചുപറഞ്ഞ് എന്നെ വിടുവിക്കേണമേ!” അവൾ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ, ഡോ. പോൾ പ്രവചിച്ചു:  "ഈ ജനക്കൂട്ടത്തിൽ ഒരു സ്ത്രീ ഉണ്ട്, അവൾക്ക് പണം തിരികെ ലഭിക്കേണ്ടതുണ്ട്. ദൈവം അത് അവൾക്ക് തിരികെ നൽകും." ഏതാനും ദിവസങ്ങൾക്കുള്ളിൽ, അവളുടെ പണം തിരികെ നൽകാൻ വിസമ്മതിച്ച ആ വ്യക്തി തന്നെ പെട്ടെന്ന് അവളെ വിളിച്ച് മുഴുവൻ തുകയും തിരികെ നൽകി! ഒരിക്കൽ പ്രതീക്ഷയില്ലാത്തതും തകർന്നതുമായി തോന്നിയ സാഹചര്യം ദൈവം പൂർണ്ണമായും പുനർനിർമ്മിച്ചു. അവൻ ഒരിക്കൽക്കൂടി അവളുടെ ജീവിതം ഉറച്ചതും ശക്തവും സുസ്ഥിരവുമാക്കി.

അതെ, എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങൾ സമാനമായ ഒരു പോരാട്ടത്തിലൂടെ കടന്നുപോകുന്നുണ്ടാകാം. നിങ്ങൾ ലജ്ജയോ സാമ്പത്തിക പ്രശ്നങ്ങളോ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വമോ അഭിമുഖീകരിക്കുന്നുണ്ടാകാം. അടുത്ത ഘട്ടം എന്തായിരിക്കുമെന്ന് അറിയാതെ നിങ്ങളുടെ ജീവിതം തകർന്നതായി നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ധൈര്യപ്പെടുക. ദൈവം നിങ്ങളെ പണിയും! കർത്താവ് തന്നെ നിങ്ങളെ പുനഃസ്ഥാപിക്കും. അവൻ നിങ്ങളെ ഉറച്ചവരും ശക്തരും സ്ഥിരതയുള്ളവരുമാക്കും. അവൻ നിങ്ങളുടെ ജീവിതം സ്ഥാപിക്കും! ഈ വാഗ്ദത്തം ഇന്ന് നമുക്ക് അവകാശപ്പെടാമോ?

PRAYER:
സ്നേഹവാനായ കർത്താവേ, വിശ്വാസവും സമർപ്പണവും നിറഞ്ഞ ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. എനിക്ക് ചുറ്റുമുള്ളതെല്ലാം കുലുങ്ങുന്നതായി തോന്നുമ്പോൾ, അങ്ങാണ് എന്റെ ഉറച്ച അടിത്തറ. കർത്താവേ, എന്നെ പുനഃസ്ഥാപിക്കണമേ, അങ്ങയുടെ പൂർണമായ ഹിതമനുസരിച്ച് എൻ്റെ ജീവിതം കെട്ടിപ്പടുക്കേണമേ. ബലഹീനതയുടെ സമയങ്ങളിൽ എന്നെ ശക്തിപ്പെടുത്തുകയും എൻ്റെ വിശ്വാസത്തിൽ എന്നെ സ്ഥിരപ്പെടുത്തുകയും ചെയ്യേണമേ. എന്നെ ഭാരപ്പെടുത്തുന്ന നാണക്കേട്, കടം, അനിശ്ചിതത്വം എന്നിവയുടെ എല്ലാ ഭാരവും നീക്കേണമേ. അങ്ങയുടെ ദൈവിക കരുതലിൽ ആശ്രയിക്കുന്നതിലൂടെ ലഭിക്കുന്ന സമാധാനത്താൽ എന്നെ നിറയ്ക്കണമേ. 1 പത്രൊസ് 5:10-ലെ അങ്ങയുടെ വാഗ്‌ദത്തം എൻ്റെ ജീവിതത്തിൽ ഇന്ന് നിറവേറട്ടെ. എല്ലാ പരീക്ഷണങ്ങൾക്കിടയിലും എന്നെ ശക്തവും ദൃഢവുമാക്കേണമേ. അങ്ങ് എന്റെ ജീവിതം സ്ഥാപിതമാക്കുമെന്നും എന്നെ സമൃദ്ധമായി അനുഗ്രഹിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. യേശുവിൻ്റെ  നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.