എൻ്റെ വിലയേറിയ സുഹൃത്തേ, ഇന്നത്തെ വാഗ്‌ദത്തം സങ്കീർത്തനക്കാരൻ്റെ പ്രാർത്ഥനയിൽ നിന്നാണ്, “എന്നെ പകെക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിന്നു നന്മെക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ചു ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ”  (സങ്കീർത്തനം 86:17). അതെ സുഹൃത്തേ, കഷ്ടകാലത്ത് ദൈവം നമ്മുടെ സഹായവും ആശ്വാസവുമാണ്. അവൻ നമുക്ക് ഉറപ്പുനൽകികൊണ്ട് പറയുന്നു, "കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിങ്ങളെ വിടുവിക്കും. നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും. ഞാൻ എന്റെ മഹത്വം വർദ്ധിപ്പിച്ചു നിങ്ങളെ വീണ്ടും ആശ്വസിപ്പിക്കും" (സങ്കീർത്തനം 71:21).

തീർച്ചയായും, ദൈവം നിങ്ങളുടെ ജീവിതത്തിൽ നന്മെക്കായി ഒരു അടയാളം കാണിക്കും, നിങ്ങളെ വെറുക്കുന്നവർ നിങ്ങളുടെ മുമ്പിൽ ലജ്ജിതരാകും. ദൈവം അത് ചെയ്യും. ഭയപ്പെടേണ്ട. ഒരു അത്ഭുതകരമായ സാക്ഷ്യം ഞാൻ നിങ്ങളുമായി പങ്കുവെക്കട്ടെ. സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിൽ ജോലി ചെയ്യുന്ന ബിലാസ്പൂരിൽ നിന്നുള്ള അനിൽ പ്രസാദിനെ ഒരു പത്രപ്രവർത്തകൻ വ്യാജമായി കുറ്റപ്പെടുത്തി. ഈ പത്രപ്രവർത്തകൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അടിസ്ഥാനരഹിതമായ കുറ്റപത്രങ്ങൾ അയച്ചു, ഇത് ശ്രീ. അനിൽ പ്രസാദിനെതിരെ അന്യായമായ കേസ് ഫയൽ ചെയ്യുന്നതിലേക്ക് നയിച്ചു. നീണ്ട അഞ്ച് വർഷക്കാലം അദ്ദേഹം കഠിനമായ ദുരിതങ്ങൾ സഹിച്ചു. ഒടുവിൽ, ഗവൺമെൻ്റ്  ഓഫീസിലേക്ക് ഒരു വിധി വിസ്താരത്തിൽ പങ്കെടുക്കാനായി അദ്ദേഹത്തെ വിളിപ്പിച്ചു.

അന്വേഷണത്തിനായി തീവണ്ടിയിൽ യാത്ര ചെയ്യവേ, അദ്ദേഹത്തിന് എന്നിൽ നിന്ന് ഒരു എസ്എംഎസ് ലഭിച്ചു. സന്ദേശം സങ്കീർത്തനം 112:5 ഉദ്ധരിക്കുന്നു, "കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും." ഈ വാക്യം അദ്ദേഹത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചു. അദ്ദേഹം ചിന്തിച്ചു, "ഞാൻ എൻ്റെ കാര്യങ്ങൾ ന്യായമായി നടത്തുന്നു, അതിനാൽ ദൈവം എന്നെ അനുഗ്രഹിക്കും." അദ്ദേഹം അന്വേഷണ ബോർഡിന് മുന്നിൽ ഹാജരായപ്പോൾ അഞ്ച് ഉന്നത ഉദ്യോഗസ്ഥർ ന്യായവിചാരണയിൽ അധ്യക്ഷത വഹിച്ചു. അദ്ദേഹം തൻ്റെ സാഹചര്യം വിശദീകരിച്ച ശേഷം, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു, "ഇയാൾ കുറ്റക്കാരനല്ല." മറ്റുള്ളവർ സമ്മതിച്ചു, എല്ലാ കുറ്റങ്ങളിൽ നിന്നും അദ്ദേഹം കുറ്റവിമുക്തനായി. കേസിൽ നിന്ന് മോചിപ്പിക്കപ്പെട്ടു എന്ന് മാത്രമല്ല, അദ്ദേഹത്തെ തൻ്റെ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. അതെ, ശ്രീ. അനിൽ പ്രസാദിൻ്റെ ജീവിതത്തിൽ ദൈവം നന്മെക്കായി ഒരു അടയാളം കാണിച്ചു, അദ്ദേഹത്തെ വെറുക്കുന്നവർ ലജ്ജിച്ചു. എൻ്റെ സുഹൃത്തേ, ദൈവം നിങ്ങൾക്കും അതുതന്നെ ചെയ്യും.

PRAYER:
പ്രിയ കർത്താവേ, കഷ്ടങ്ങളിൽ അങ്ങ് എൻ്റെ ഏറ്റവും അടുത്ത തുണയും ആശ്വാസവുമാണ്. കർത്താവേ, നന്മെക്കായി ഒരു അടയാളം എനിക്ക് കാണിച്ചുതരേണമേ, അങ്ങനെ എന്നെ എതിർക്കുന്നവർ എൻ്റെ ജീവിതത്തിന്മേൽ അങ്ങയുടെ കൈകൾ കാണുകയും ലജ്ജിക്കപ്പെടുകയും ചെയ്യും. ദുഃഖത്തിൽ നിന്നും കഷ്ടതകളിൽ നിന്നും എന്നെ ഉയർത്തുകയും എൻ്റെ വിലാപത്തെ സന്തോഷമാക്കി മാറ്റുകയും ചെയ്യണമേ. എല്ലാ ഭാഗത്തും എൻ്റെ മഹത്വം വർദ്ധിപ്പിക്കുകയും അങ്ങയുടെ അതിരുകളില്ലാത്ത സ്നേഹത്താൽ എന്നെ ആശ്വസിപ്പിക്കുകയും ചെയ്യേണമേ. അങ്ങയുടെ വാഗ്‌ദത്തങ്ങളിൽ വിശ്വാസമർപ്പിക്കാനും അങ്ങയുടെ വിടുതലിനായി ക്ഷമയോടെ കാത്തിരിക്കാനും എൻ്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ. എൻ്റെ കൈകളുടെ പ്രവൃത്തികളെ അനുഗ്രഹിക്കണമേ, അങ്ങയുടെ മാർഗനിർദേശത്തിൻ കീഴിൽ എൻ്റെ പ്രയത്നങ്ങൾ വിജയിക്കട്ടെ. അങ്ങയുടെ കൃപ എന്നെ ആദരണീയമായ സ്ഥാനത്തേക്ക് ഉയർത്തുകയും എൻ്റെ ജീവിതത്തിൽ അങ്ങയുടെ ഉദ്ദേശ്യങ്ങൾ നിറവേറ്റുകയും ചെയ്യട്ടെ. കർത്താവേ, എൻ്റെ സങ്കേതവും വിശ്വസ്ത സംരക്ഷകനുമായതിന് അങ്ങേക്ക് നന്ദി. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.