പ്രിയ സുഹൃത്തേ, ഇന്ന് നമുക്ക് യോഹന്നാൻ 1:14 ധ്യാനിക്കാം, അതിൽ ഇപ്രകാരം പറയുന്നു: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” ഇതാണ് ക്രിസ്തുമസിൻ്റെ മനോഹരമായ കഥ. ജഡത്തിൽ വന്ന ദൈവമാണ് യേശു. പഴയ നിയമ കാലഘട്ടത്തിൽ, മോശ ദൈവത്തോട്, "നിൻ്റെ പേരെന്താണ്?" എന്ന് ചോദിച്ചപ്പോൾ, കർത്താവ് മറുപടി പറഞ്ഞു, "ഞാൻ ആകുന്നവൻ ഞാൻ ആകുന്നു." അക്കാലത്ത്, കർത്താവ് തൻ്റെ ജനത്തിന് അദൃശ്യനായിരുന്നു. എന്നാൽ ഇന്ന് യേശു നമുക്ക് ദൃശ്യ വചനമായി മാറിയിരിക്കുന്നു.

എന്താണ് ഈ വചനം? വേദപുസ്തകം അത് നമ്മോട് പറയുന്നു, "വിശ്വാസം കേൾവിയാലും കേൾവി വചനത്താലും വരുന്നു." ദൈവവചനത്തിലൂടെ മാത്രമേ നമുക്ക് വിശ്വാസം ഉണ്ടാകൂ. യോഹന്നാൻ 1:1-ൽ പറയുന്നു: "ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു." ഈ വചനം മറ്റാരുമല്ല, യേശുക്രിസ്തുവാണ്. യോഹന്നാൻ 1:3 ഇക്കാര്യം കൂടുതൽ ഊന്നിപ്പറയുന്നു: "സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല." യേശു വചനമാകുന്നു, അവനിലൂടെ നാം ദൈവത്തിൻ്റെ മഹത്വത്തിന് സാക്ഷ്യം വഹിക്കുന്നു. ഈ മഹത്വം പഴയ നിയമത്തിലെ മരുഭൂമിയിലെ കൂടാരത്തെ ഓർമ്മിപ്പിക്കുന്നു. ദൈവത്തിൻ്റെ സാന്നിധ്യവും മഹത്വവും യിസ്രായേൽ ജനത്തിന് മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും ദൃശ്യമായിരുന്നു. പുറപ്പാട് 40:34 പറയുന്നു, "അപ്പോൾ മേഘം സമാഗമനക്കുടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു."

പുതിയ നിയമത്തിൽ, ജീവിക്കുന്ന വചനത്തിൽ ദൈവത്തിൻ്റെ സാന്നിധ്യം വെളിപ്പെടുന്നു. യേശു ഒരു വ്യക്തിയെന്ന നിലയിൽ നമ്മുടെ ഇടയിൽ കൂടാരമായിരുന്നു. അതുകൊണ്ടാണ് നാം അവനെ ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്ന് വിളിക്കുന്നത്. മത്തായി 17:2-ൽ വിവരിച്ചിരിക്കുന്നതുപോലെ, യേശു തൻ്റെ ശിഷ്യൻമാരായ പത്രൊസ്, യാക്കോബ്, യോഹന്നാൻ എന്നിവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടപ്പോൾ, അവൻ്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു, അവൻ്റെ വസ്ത്രങ്ങൾ വെളിച്ചം പോലെ വെള്ളയായി തീർന്നു. അവൻ്റെ രൂപം മഹത്തായ പ്രകാശമായി രൂപാന്തരപ്പെട്ടു. പത്രൊസ് പിന്നീട് II പത്രൊസ് 1:16 ൽ ഇപ്രകാരം സാക്ഷ്യപ്പെടുത്തി: "അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നു."

നിങ്ങളും യേശുവിനെ അവൻ്റെ മഹത്വത്തിൽ കാണും. എപ്പോഴാണ് അത് സംഭവിക്കുന്നത്? നിങ്ങൾ ദൈവവചനം വായിക്കുകയും കൂടുതൽ ആഴത്തിൽ പോകുകയും ചെയ്യുമ്പോൾ, യേശുവായ ദൈവം നമ്മുടെ ഇടയിൽ വസിക്കുന്നു, നാം മഹത്വത്തിൽ നിന്ന് മഹത്വത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് യേശു മനുഷ്യരൂപത്തിൽ ലോകത്തിലേക്ക് വന്നത്.  യേശു വചനമാണ്.  "ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു" എന്ന് അവൻ പ്രഖ്യാപിക്കുന്നു. അതെ, യേശു സത്യമാണ്, സത്യം വരുമ്പോൾ അവൻ നിങ്ങളെ സ്വതന്ത്രരാക്കുന്നു. ഈ ലോകത്തേക്ക് വരികയും നമുക്കിടയിൽ ജീവിക്കുകയും തൻറെ മഹത്വം നമ്മോടൊപ്പം പങ്കിടുകയും ചെയ്യുന്ന എത്ര സ്നേഹവാനായ ദൈവമാണ് അവൻ. ഈ ദിവസം മുതൽ, യേശുവിനൊപ്പം നിങ്ങളുടെ ഹൃദയത്തിൻ്റെ മധ്യത്തിൽ ക്രിസ്തുമസ് ആഘോഷിക്കുക. പ്രിയ സുഹൃത്തേ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങൾക്ക് വളരെ അനുഗ്രഹീതമായ ഒരു ക്രിസ്തുമസ് ആശംസിക്കുന്നു.

PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, നമ്മുടെ ഇടയിൽ വസിക്കാൻ ജഡത്തിൽ വന്ന അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിന്റെ ദാനത്തിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ജീവനുള്ള വചനമായ അവനിലൂടെ അങ്ങയുടെ മഹത്വവും സത്യവും വെളിപ്പെടുത്തിയതിന് നന്ദി. ഞാൻ അങ്ങയുടെ വചനത്തെ ധ്യാനിക്കുമ്പോൾ, എൻ്റെ ഹൃദയത്തെ വിശ്വാസം കൊണ്ട് നിറയ്ക്കുകയും മഹത്വത്തിൽ നിന്ന് മഹത്വത്തിലേക്ക് എന്നെ മാറ്റുകയും ചെയ്യണമേ. യേശുവിനെ അവന്റെ മഹത്വത്തിൽ കാണാനും എന്റെ ദൈനംദിന ജീവിതത്തിൽ അവന്റെ സാന്നിധ്യം അനുഭവിക്കാനും എന്നെ സഹായിക്കേണമേ. അങ്ങയുടെ സത്യം എന്നെ സ്വതന്ത്രനാക്കുകയും ജീവിതത്തിൻ്റെ പാതയിൽ എന്നെ നയിക്കുകയും ചെയ്യട്ടെ. ഈ ക്രിസ്മസ് എൻ്റെ ഹൃദയത്തിൽ അങ്ങയുടെ സ്നേഹവും കൃപയും മഹത്വവും ആഘോഷിക്കാനുള്ള സമയമാകട്ടെ. എന്നെ അങ്ങയോട് കൂടുതൽ അടുപ്പിക്കുകയും അങ്ങയുടെ വചനത്തെക്കുറിച്ചുള്ള എന്റെ ഗ്രാഹ്യം ആഴത്തിലാക്കുകയും ചെയ്യേണമേ. കർത്താവേ, അങ്ങയുടെ നന്മയ്ക്കും നിത്യ വിശ്വസ്തതയ്ക്കും വേണ്ടി ഞാൻ അങ്ങയെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.