എൻ്റെ വിലയേറിയ സുഹൃത്തേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് നാം സങ്കീർത്തനം 128:2 ധ്യാനിക്കാൻ പോകുന്നു. "നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും" എന്ന് പറയുന്ന മനോഹരമായ ഒരു വാക്യമാണിത്.

ഈ അനുഗ്രഹങ്ങളെല്ലാം ആർക്ക് ലഭിക്കും? നിങ്ങൾ സങ്കീർത്തനം 128:1 വായിക്കുകയാണെങ്കിൽ, അത് ഇപ്രകാരം പറയുന്നു, "യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ." ഇത് എല്ലാവരേയും പരാമർശിക്കുന്നു, അതായത് എല്ലാവർക്കും ദൈവത്തിൻ്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ കഴിയും! സങ്കീർത്തനം 115:13 നമുക്ക് ഇങ്ങനെ ഉറപ്പുനൽകുന്നു, "അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും." എൻ്റെ സുഹൃത്തേ, നിങ്ങളുടെ മുഴുവൻ കുടുംബത്തിനും ദൈവത്തിൻ്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കും. എന്നാൽ നാം എന്താണ് ചെയ്യേണ്ടത്? നാം പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കണം.

ദാവീദ് കർത്താവിനെ വളരെയധികം സ്നേഹിച്ചു. 23-ാം സങ്കീർത്തനത്തിൽ, "യഹോവ എന്റെ ഇടയനാകുന്നു" എന്ന് അവൻ പ്രഖ്യാപിക്കുന്നു. അവൻ പറയുന്നു, “ദൈവം എൻ്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.” ദൈവം എല്ലാം മനോഹരമായ രീതിയിൽ നൽകുന്നു. ഈ സങ്കീർത്തനം ആറ് വാക്യങ്ങൾ മാത്രമുള്ള വളരെ ചെറുതാണ്, എന്നാൽ ഓരോ വാക്യവും സമ്പന്നവും അനുഗ്രഹങ്ങൾ നിറഞ്ഞതുമാണ്. എൻ്റെ സുഹൃത്തേ, ദയവായി സങ്കീർത്തനം 23 വായിക്കുക. അത് മനഃപാഠമാക്കുക, നിങ്ങളുടെ ഹൃദയത്തിൽ സൂക്ഷിക്കുക, എല്ലാ ദിവസവും അതിൻ്റെ അനുഗ്രഹങ്ങൾ അവകാശപ്പെടുക, നിങ്ങളുടെ ജീവിതത്തിൽ പ്രതിഫലിപ്പിക്കുക. യഥാർത്ഥത്തിൽ, നിങ്ങളുടെ ജീവിതത്തിൽ  ദൈവം നിങ്ങളുടെ ഇടയനാണോ? നിങ്ങൾ അവനെ നിങ്ങളുടെ ഇടയനാക്കിയാൽ, നിങ്ങൾക്ക് ഒരിക്കലും ഒന്നിനും കുറവുണ്ടാകില്ല. ദാവീദ് ദൈവത്തെ തൻ്റെ ഇടയനാക്കുകയും അവൻ്റെ സ്നേഹവും മാർഗനിർദേശവും സമൃദ്ധമായ അനുഗ്രഹങ്ങളും അനുഭവിക്കുകയും ചെയ്തു.

1 ദിനവൃത്താന്തം 29:28 നമുക്ക് ശ്രദ്ധാപൂർവം പരിഗണിക്കാം. ദാവീദിൻ്റെ ജീവിതത്തിൻ്റെ അവസാനം എങ്ങനെയായിരുന്നു? അത് ഇപ്രകാരം പറയുന്നു, " അവൻ നന്നാ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു." ദാവീദ്  ലളിതമായ ഒരു മനുഷ്യനായിരുന്നു, എന്നിട്ടും ഒരു രാജാവാകാൻ ദൈവം അവനെ അനുഗ്രഹിച്ചു. എൻ്റെ സുഹൃത്തേ, അതുപോലെ ദൈവത്തെ അന്വേഷിക്കുകയും അവനെ നിങ്ങളുടെ ഇടയനാക്കുകയും ചെയ്യുക. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളും നിങ്ങളുടെ അധ്വാനത്തിൻ്റെ ഫലം ഭക്ഷിക്കും, നിങ്ങളുടെ ജീവിതത്തിൽ അനുഗ്രഹങ്ങളും സമൃദ്ധിയും എപ്പോഴും നിറഞ്ഞിരിക്കും.

PRAYER:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, അങ്ങയുടെ വാഗ്‌ദത്തങ്ങൾക്കും അനുഗ്രഹങ്ങൾക്കും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. എൻ്റെ എല്ലാ ആവശ്യങ്ങളും സമൃദ്ധമായി നൽകിക്കൊണ്ട് എൻ്റെ ഇടയനായതിന് അങ്ങേക്ക് നന്ദി. അങ്ങയുടെ വഴികളിൽ നടക്കുവാനും പൂർണ്ണഹൃദയത്തോടെ അങ്ങയെ ഭയപ്പെടുവാനും എന്നെ സഹായിക്കേണമേ. ഞങ്ങൾ അനുദിനം അങ്ങയെ അന്വേഷിക്കുമ്പോൾ എൻ്റെ കുടുംബത്തെയും എന്നെയും അനുഗ്രഹിക്കണമേ. അങ്ങയുടെ സമാധാനം, ഐശ്വര്യം, ദൈവ കൃപ എന്നിവയാൽ ഞങ്ങളുടെ ജീവിതം നിറയ്ക്കണമേ. ഞങ്ങൾ എടുക്കുന്ന ഓരോ ചുവടിലും ഞങ്ങളെ നയിക്കുകയും നീതിയുടെ പാതയിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യേണമേ. ദാവീദിനെപ്പോലെ അങ്ങയെ വിശ്വസിക്കാനും അങ്ങയുടെ സ്നേഹത്തിലും കരുതലിലും സന്തോഷിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെ അധ്വാനത്തിൻ്റെ ഫലവും അങ്ങയുടെ അനുഗ്രഹങ്ങളുടെ സമൃദ്ധിയും ആസ്വദിക്കാൻ ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ സമൃദ്ധമായ കൃപ ഇപ്പോഴും എപ്പോഴും ഞങ്ങളെ വലയം ചെയ്യട്ടെ. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.