പ്രിയ സുഹൃത്തേ, യോഹന്നാൻ 7:38 - ൽ കർത്താവ് ഇപ്രകാരം പറയുന്നു, “എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ 'ജീവജലത്തിന്റെ നദികൾ ഒഴുകും.”

യഹൂദജനങ്ങൾ ഏഴു ദിവസത്തേക്ക് "കൂടാര പെരുന്നാൾ" വഴി ദൈവത്തിൻ്റെ കരുതൽ ആഘോഷിച്ചു. ഈ സമയത്ത്, എല്ലാ ദിവസവും പുരോഹിതന്മാർ ആലയത്തിൽ നിന്ന് ഒരു സ്വർണ്ണ കുടം വെള്ളം നിറയ്ക്കാൻ ശിലോഹാം കുളത്തിലേക്ക് കൊണ്ടുപോകുമായിരുന്നു. തുടർന്ന് അവർ ആലയത്തിലേക്ക് മടങ്ങുകയും ഈ വെള്ളം യാഗപീഠത്തിന് മുകളിൽ ഒഴിക്കുകയും ആളുകൾ ഭക്തിയോടെ പുരോഹിതനെ അനുഗമിക്കുകയും ചെയ്യും. എല്ലാ കണ്ണുകളും വെള്ളത്തിലേക്ക് കേന്ദ്രീകരിച്ചപ്പോൾ, തിരുനാളിൻ്റെ അവസാന നാളിൽ യേശു ദേവാലയത്തിൽ എഴുന്നേറ്റുനിന്നു, "ജീവജലത്തിൻ്റെ ഉറവയായ എൻ്റെ അടുക്കൽ വരൂ" എന്ന് പ്രഖ്യാപിച്ചു. തീർച്ചയായും, യേശു ജീവജലത്തിൻ്റെ യഥാർത്ഥ ഉറവയാണ്. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആഗ്രഹിച്ച യിസ്രായേല്യർ നിരവധി ആചാരങ്ങൾ അനുഷ്ഠിച്ചിട്ടും യേശുവിനെ കാണാതെ പോയി. എന്നാൽ ഇവിടെ, "എൻ്റെ അടുക്കൽ വരൂ, എന്നിൽ വിശ്വസിക്കൂ, നിങ്ങളുടെ ഉള്ളിൽ  നിന്ന് ജീവജലത്തിൻ്റെ നദികൾ ഒഴുകും" എന്ന തൻ്റെ ക്ഷണം യേശു നിങ്ങൾക്കും എനിക്കും നൽകുന്നു. ജീവജലത്തിൻ്റെ ഈ നദികൾ നിങ്ങളുടെ ഹൃദയത്തിൽ നിന്ന് ഒഴുകട്ടെ. ജലത്തിങ്കലേക്ക് വരൂ!

ഈ നിമിഷത്തിൽ, യെശയ്യാ പ്രവാചകൻ്റെ വാക്കുകൾ യേശു പ്രതിധ്വനിച്ചു. യെശയ്യാവ് 55:1 പറയുന്നു, "ദാഹിക്കുന്ന ഏവരും വെള്ളത്തിന്നു വരുവിൻ‍." യേശു ഇവിടെ അമൂല്യമായ ഒരു ദാനം വാഗ്ദാനം ചെയ്യുന്നു—ജീവജലം എന്ന ദാനം.

എന്താണ് ഈ ജീവജലം? അത് പരിശുദ്ധാത്മാവാണ്. നാം യേശുവിൻ്റെ അടുക്കൽ വരുമ്പോൾ, അവൻ തൻ്റെ ആത്മാവിനാൽ സമൃദ്ധമായും അളവില്ലാതെയും നമ്മെ നിറയ്ക്കുന്നു. നമുക്ക് ദൈവത്തിനായുള്ള യഥാർത്ഥ ദാഹം ഉണ്ടായിരിക്കണം, അങ്ങനെ അവന് നമ്മെ തൻ്റെ ജീവജലം കൊണ്ട് നിറയ്ക്കാൻ കഴിയും. വാസ്‌തവത്തിൽ, പലതരം ജലം ഉണ്ട് -രക്ഷയുടെ ജലവും അതിലേറെയും. മത്തായി 5:6-ൽ കർത്താവ് പറയുന്നു, " നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും." കർത്താവ് തന്റെ ജീവജലം കൊണ്ട് നിങ്ങളുടെ ഹൃദയത്തെ നിറയ്ക്കട്ടെ. അവൻ നമ്മെ നിറയ്ക്കുക മാത്രമല്ല, തൻ്റെ ആത്മാവിനെ നമ്മുടെമേൽ പകരുകയും ചെയ്യും. ഇതാണ് അപ്പൊ. പ്രവൃത്തികൾ 2:17 ൽ നാം കാണുന്നത്, അവിടെ ദൈവം പറയുന്നു, “ ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും." കർത്താവ് തരുന്ന ജലം കെട്ടിക്കിടക്കുന്നതല്ല; അത് ഒരു നദി പോലെ ഒഴുകുകയും മറ്റുള്ളവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇതാണ് ദൈവത്തിന്റെ മനസ്സ് - അവന്റെ അനുഗ്രഹങ്ങളുടെ നദികൾ, ജീവജലത്തിൻറെ നദികൾ എന്നിവയാൽ നിങ്ങളെ അനുഗ്രഹിക്കുക എന്നതുതന്നെ.

PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങയുടെ ജീവജലത്താൽ നിറയാൻ കൊതിച്ചുകൊണ്ട് എന്റെ ആത്മാവിൽ അഗാധമായ ദാഹത്തോടെ ഞാൻ അങ്ങയുടെ അടുക്കൽ വരുന്നു. യേശുവേ, അങ്ങയുടെ അടുക്കൽ വരാനും അങ്ങയുടെ ആത്മാവിനെ അളവില്ലാതെ സ്വീകരിക്കാനും എന്നെ ക്ഷണിച്ചതിന് അങ്ങേക്ക് നന്ദി. അങ്ങയുടെ പരിശുദ്ധാത്മാവ് ജീവൻ്റെ നദികൾ പോലെ എന്നിലൂടെ ഒഴുകട്ടെ, എൻ്റെ ഹൃദയത്തിലേക്ക് സമാധാനവും ശക്തിയും സന്തോഷവും കൊണ്ടുവരട്ടെ. കർത്താവേ, അങ്ങയുടെ നീതിക്കുവേണ്ടിയുള്ള വിശപ്പും ദാഹവും കൊണ്ട് എന്നെ നിറയ്ക്കണമേ. അങ്ങയുടെ ആത്മാവിനെ എന്നിൽ ചൊരിയുമ്പോൾ, എനിക്ക് ചുറ്റുമുള്ളവരെ അനുഗ്രഹിക്കാൻ അത് കവിഞ്ഞൊഴുകട്ടെ. ഒരിക്കലും വറ്റാത്ത ഒരു നദി പോലെ ഒഴുകുന്ന അങ്ങയുടെ സ്നേഹവും നന്മയും എൻ്റെ ജീവിതം പ്രതിഫലിപ്പിക്കട്ടെ. കർത്താവേ, അങ്ങയുടെ ജീവജലത്തിൻ്റെ വിലയേറിയ ദാനത്തിന് അങ്ങേക്ക് നന്ദി. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.