എൻ്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം പുറപ്പാട് 14:13-ൽ കാണുന്ന വാഗ്ദത്ത വാക്യം ധ്യാനിക്കുകയാണ്. അത് ഇങ്ങനെ പോകുന്നു, “ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല." അതെ എന്റെ സുഹൃത്തേ, ഈ വാക്യമനുസരിച്ച്, ദൈവം നിങ്ങൾക്ക് ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു, "ഭയപ്പെടേണ്ട, ഉറച്ചുനിൽക്കുക, നിങ്ങൾ ഇന്നു കാണുന്ന മിസ്രയീമ്യരെ ഇനി ഒരിക്കലും കാണുകയില്ല."

വേദപുസ്തകത്തിലെ, ഇതിന് മുമ്പുള്ള ഏതാനും വാക്യങ്ങളിൽ, മിസ്രയീമ്യ പടയാളികൾ തങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുകയും തങ്ങൾക്കു നേരെ വരുകയും ചെയ്യുന്നത് യിസ്രായേല്യർ കാണുന്നു. യിസ്രായേൽജനം അവർക്ക് കടന്നുപോകാൻ കഴിയാത്ത കടലിൻ്റെ മുന്നിൽ നിൽക്കുന്നു. അവർ കുടുങ്ങിയിരിക്കുന്നു. ഈ സമയത്ത്, അവർ മോശയോട് പരാതി പറഞ്ഞു, “നീ ഞങ്ങളെ മിസ്രയീമിൽ വിട്ടിരുന്നുവെങ്കിൽ ഞങ്ങൾ സുരക്ഷിതരാകുമായിരുന്നു. ഈ മരുഭൂമിയിൽ മരിക്കുന്നതിനേക്കാൾ നല്ലത് മിസ്രയീമ്യരെ സേവിക്കുന്നതായിരുന്നു." ആ അല്പസമയത്തിനുള്ളിൽ, ദൈവം അവരെ രക്ഷിക്കുന്നതിനുമുമ്പ്, അവരുടെ വിശ്വാസം നഷ്ടപ്പെടുകയും പരാതിപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു. ദൈവം അവരെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിക്കുന്നതിനുമുമ്പ്, അവൻ വളരെയധികം അത്ഭുതങ്ങൾ പ്രവർത്തിച്ചു, അവർക്കെല്ലാം ദൈവത്തിൻ്റെ മഹത്വം കാണാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ആ ഒരു നിമിഷത്തിൽ അവർ കുടുങ്ങിപ്പോയതായി തോന്നിയപ്പോൾ, അവർ പരാതിപ്പെടാൻ തുടങ്ങി, ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

പലപ്പോഴും, ദൈവത്തിൽ നിന്ന് ഒരു വാഗ്ദാനമോ പദ്ധതിയോ ലഭിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. അടുത്തതായി എന്തുചെയ്യണമെന്ന് നമുക്കറിയില്ലായിരിക്കാം. ഈ വെല്ലുവിളികൾ നേരിടുമ്പോൾ, നാം പലപ്പോഴും ദൈവത്തോട് പരാതിപ്പെടുകയും അവനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു, "ദൈവമേ, അങ്ങ് എനിക്ക് ഈ വാഗ്ദാനം നൽകിയപ്പോൾ ഞാൻ എന്തിനാണ് ഈ ബുദ്ധിമുട്ട് നേരിടുന്നത്? ഞാൻ എന്തിന് ഈ സാമ്പത്തിക പോരാട്ടത്തിലൂടെ കടന്നുപോകണം? ഞാൻ എന്തിന് പരാജയവും നഷ്ടവും വിമർശനവും നേരിടണം? " ഈ പദ്ധതികളോ വാഗ്ദാനങ്ങളോ ലഭിച്ചില്ലായിരുന്നെങ്കിൽ നമ്മുടെ ജീവിതം നന്നാകുമായിരുന്നുവെന്ന് പോലും നാം ചിന്തിച്ചേക്കാം, അതിനാൽ നാം അവനോട് ചോദിക്കുന്നു, "എന്തിനാണ് അങ്ങ് എന്നെ ഈ പുതിയ കാര്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്?" എന്നാൽ എൻ്റെ സുഹൃത്തേ, ദൈവം നിങ്ങളോട് പറയുന്നു, "ഭയപ്പെടേണ്ട. ഉറച്ചു നിൽക്കുക, കർത്താവിൻ്റെ രക്ഷ കാണുക. ഇന്ന് നിങ്ങൾ കാണുന്ന ശത്രുവോ, ഇന്ന് നിങ്ങൾ നേരിടുന്ന പോരാട്ടമോ, പ്രതിബന്ധമോ, രോഗമോ, ഇനിയൊരിക്കലും നിങ്ങൾ കാണുകയില്ല." വേദപുസ്തകത്തിലെ അതേ അധ്യായത്തിൽ ദൈവം ചെങ്കടലിനെ തുറന്ന്, രണ്ടായി പിളർന്നതായി നാം കാണുന്നു. യിസ്രായേല്യർക്ക് ഉണങ്ങിയ നിലത്തുകൂടി നടക്കാൻ കഴിഞ്ഞു, സുരക്ഷിതമായി കരയിലേക്ക് കടന്നു, അവരെ പിന്തുടരുന്ന മിസ്രയീമ്യരെ കടൽ അടച്ചു, അവർക്ക് യിസ്രായേല്യരെ നശിപ്പിക്കാൻ കഴിഞ്ഞില്ല.

നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ ദൈവം തൻറെ മഹത്വവും ശക്തിയും കാണിക്കും. നിങ്ങൾ കർത്താവിൻ്റെ രക്ഷ കാണും. അതിനാൽ, എൻ്റെ പ്രിയ സുഹൃത്തേ, ധൈര്യമുള്ളവരായിരിക്കുക. ദൈവം നിങ്ങളുടെ പക്ഷത്താണ്. ഇന്ന് നിങ്ങളെ ആക്രമിക്കുന്ന ശത്രുവിനെ നിങ്ങൾ കാണുകയില്ല. നമുക്ക് കർത്താവിനോട് നന്ദി പ്രകടിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.

Prayer:
പ്രിയ കർത്താവേ, അങ്ങയുടെ അത്ഭുതകരമായ വാഗ്‌ദത്തത്തിന് നന്ദി. അങ്ങയുടെ മഹത്തായ ശക്തിക്കും മഹത്വത്തിനും വേണ്ടി ഞാൻ അങ്ങയെ സ്തുതിക്കുന്നു. ഇന്ന്, അങ്ങയുടെ ശക്തിയെ സംശയിക്കാതെ, അങ്ങയുടെ മഹത്തായ അത്ഭുതങ്ങളും അതിശയങ്ങളും കാണിച്ചുകൊണ്ട് കരയിലേക്ക് കടക്കാൻ എന്നെ സഹായിക്കേണ്ടതിന് അങ്ങിൽ ആശ്രയിക്കാൻ എന്നെ സഹായിക്കേണമേ. അങ്ങ് ഇന്ന് എൻ്റെ എല്ലാ ശത്രുക്കളെയും പ്രതിബന്ധങ്ങളെയും രോഗങ്ങളെയും നശിപ്പിക്കുന്നതിനാൽ അങ്ങേക്ക് നന്ദി. അങ്ങനെ ഞാൻ ഒരിക്കലും അവയെ വീണ്ടും കാണുകയില്ല. എനിക്ക് ആത്മവിശ്വാസം നൽകുന്നതിനും അങ്ങയുടെ രക്ഷ കാണാൻ എന്നെ സഹായിച്ചതിനും അങ്ങേക്ക് നന്ദി. കർത്താവേ, എന്നെ അനുഗ്രഹിക്കണമേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തേണമേ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.