വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് എൻ്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. ഇന്ന് എന്റെ കൊച്ചുമകളായ സ്റ്റെല്ലാ റമോളയുടെയും ഭർത്താവ് ഡാനിയൽ ഡേവിഡ്സണിന്റെയും ജീവിതത്തിലെ ഒരു പ്രത്യേക അവസരമാണ്, അവർ അവരുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നു. ഈ സന്തോഷകരമായ ദിനത്തിൽ അവർക്കുവേണ്ടി നിങ്ങളുടെ പ്രാർത്ഥനകൾ ഞാൻ ദയയോടെ അഭ്യർത്ഥിക്കുന്നു.

ഇന്നത്തെ വാക്യം ഉല്പത്തി 28:15-ൽ നിന്ന് എടുത്തതാണ്. “ഇതാ, ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്ത് ഈ രാജ്യത്തേക്കു നിന്നെ മടക്കി വരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോട് അരുളിച്ചെയ്തതു നിവർത്തിക്കും." ഈ വാക്കുകൾ സർവ്വശക്തനായ ദൈവമായ കർത്താവ് യാക്കോബിനോട് പറഞ്ഞു. നമ്മുടെ ദൈവം തൻ്റെ എല്ലാ വാഗ്‌ദത്തങ്ങളും നിറവേറ്റാൻ വിശ്വസ്തനാണ്. നാം പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കേണം, അങ്ങനെ ചെയ്യുമ്പോൾ, അവൻ്റെ വചനത്തിൽ നാം വായിക്കുന്ന എല്ലാ വാഗ്‌ദത്തങ്ങളും അവൻ നിറവേറ്റും. അതിനാൽ, നിങ്ങൾ ദൈവവചനം വായിക്കുമ്പോൾ, അനുഗ്രഹങ്ങൾ അവകാശപ്പെടുക, കർത്താവ് അവൻ്റെ വാഗ്‌ദത്തങ്ങൾ നിറവേറ്റും, അവൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

സദൃശവാക്യങ്ങൾ 8:30 ഇപ്രകാരം പറയുന്നു, "ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു." എൻ്റെ വിലയേറിയ സുഹൃത്തേ, അത്തരത്തിൽ ദൈവം നമ്മോടൊപ്പമുണ്ടെങ്കിൽ, അത് എത്ര ധന്യമായ ജീവിതമായിരിക്കും. നിങ്ങൾ കർത്താവുമായി ഇത്രയും അടുത്ത് നടക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതം പരിശോധിക്കുക. കർത്താവിന്റെ മുൻപിൽ സന്തോഷകരമായ ജീവിതം നയിക്കുക. പകരം അവൻ എന്തു ചെയ്യും? കർത്താവ് എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയും നിങ്ങളെ നയിക്കുകയും അവൻ്റെ വഴികൾ നിങ്ങളെ പഠിപ്പിക്കുകയും ചെയ്യും (സങ്കീർത്തനം 119:33&34, സങ്കീർത്തനം 32:8). അവൻ നിങ്ങളുടെമേൽ ദൃഷ്ടിവെച്ച് ആലോചന നൽകും. അതുകൊണ്ട് നാം ദൈവസന്നിധിയിൽ കാത്തിരിക്കേണ്ടതുണ്ട്.

എല്ലാവരുടെയും ജീവിതത്തിൽ പ്രാർത്ഥന അനിവാര്യമാണ്. നിങ്ങൾ എത്രയധികം പ്രാർത്ഥിക്കുന്നുവോ അത്രത്തോളം നിങ്ങൾ കർത്താവിനോട് അടുക്കുന്നു. നിങ്ങൾ കർത്താവിനോട് കൂടുതൽ അടുക്കുമ്പോൾ, നിങ്ങൾ അവന്റെ ശബ്ദത്തോട് കൂടുതൽ സംവേദനക്ഷമതയുള്ളവരായിത്തീരുന്നു. അവൻ നിങ്ങളെ നടത്തുകയും നിങ്ങളുടെ ജീവിതത്തിനായുള്ള തന്റെ ഹിതമനുസരിച്ച് നിങ്ങളെ നയിക്കുകയും ചെയ്യും. നിങ്ങൾ കർത്താവിന്റെ വഴി പിന്തുടരുമ്പോൾ അത് മനോഹരമായ ഒരു ജീവിതമാണ്. അത്തരമൊരു ജീവിതം കൊണ്ട് നമ്മെ നിറയ്ക്കാൻ നമുക്ക് അവനോട് അപേക്ഷിക്കാം.

PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ ഹിതപ്രകാരം എന്നെ നയിക്കുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് ഞാൻ നന്ദി പറയുന്നു. ഇപ്പോൾ തന്നെ, ഞാൻ എൻ്റെ ജീവിതം പൂർണ്ണമായും അങ്ങയുടെ സ്നേഹകരങ്ങളിൽ സമർപ്പിക്കുന്നു. അങ്ങയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും എല്ലാ ദിവസവും അങ്ങയോട് കൂടുതൽ അടുക്കാനും എന്നെ സഹായിക്കേണമേ. അങ്ങയുടെ പരമാധികാര പദ്ധതി പ്രകാരം നടക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതിനാൽ അങ്ങയുടെ ശബ്ദത്തോട് സംവേദനക്ഷമതയുള്ളവളായിരിക്കാനും അങ്ങയുടെ നേതൃത്വം പിന്തുടരാനും എന്നെ സഹായിക്കേണമേ. അങ്ങ് വാഗ്ദത്തം പാലിക്കുന്ന ദൈവമാണ്, അങ്ങയുടെ വചനമാകുന്ന വേദപുസ്തകത്തിലൂടെ അങ്ങ് എന്നോട് സംസാരിച്ച എല്ലാ വാഗ്‌ദത്തങ്ങളും അങ്ങ് നിറവേറ്റും. കർത്താവേ, എൻ്റെ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും ഞാൻ അനുഗ്രഹിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്തതിൽ ഞാൻ നന്ദിയുള്ളവളാണ്. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.