എൻ്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശു ക്രിസ്തുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് നമുക്ക് എഫെസ്യർ 2:10 ധ്യാനിക്കാം. ഈ വാക്യം ഇപ്രകാരം പറയുന്നു, “നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.”

യേശുക്രിസ്തുവിൻ്റെ ജീവിതം നല്ല പ്രവൃത്തികളാൽ നിറഞ്ഞതായിരുന്നു. അവൻ അനേകം ആളുകളെ സഹായിക്കുകയും അവരുടെ പ്രശ്നങ്ങളിൽ നിന്ന് അവരെ വിടുവിക്കുകയും ചിലരെ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കുക പോലും ചെയ്തു. അവൻ ജനങ്ങളിലേക്ക് സന്തോഷം കൊണ്ടുവന്നു. ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് നാം അവൻ്റെ കാൽച്ചുവടുകൾ പിന്തുടരാൻ ദൈവം ആഗ്രഹിക്കുന്നു. കർത്താവായ യേശു ഈ ലോകത്തിൽ ആയിരുന്നപ്പോൾ ഒരു പാവപ്പെട്ട കുടുംബത്തിൽ പുൽത്തൊട്ടിയിൽ ജനിച്ചു. എന്തുകൊണ്ടാണ് അവൻ ഇങ്ങനെ ജനിച്ചത്? നിങ്ങൾ II കൊരിന്ത്യർ 8:9 വായിക്കുകയാണെങ്കിൽ, ദൈവവചനം പറയുന്നു: "നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്നു." ഇത് അവൻ നമുക്കുവേണ്ടി ചെയ്ത മഹത്തായ ത്യാഗമായിരുന്നു. അവൻ രാജാധിരാജാവും കർത്താധികർത്താവും ആയിരുന്നിട്ടും, അവൻ ഒരു തച്ചന്റെ വീട്ടിലാണ് വളർന്നത്. എന്തുകൊണ്ടാണ് അവൻ തന്നെത്തന്നെ അപ്രകാരം താഴ്ത്തിയത്? അതിനാൽ നാം അവൻ്റെ മാതൃക പിന്തുടരണം. നിങ്ങൾ I പത്രൊസ് 2:21 വായിക്കുകയാണെങ്കിൽ, അത് പറയുന്നു, "ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു."

എൻ്റെ സുഹൃത്തേ, നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ, യേശുക്രിസ്തുവിൻ്റെ മാതൃക പിന്തുടരുക.  ദൈവവചനത്തിന് പ്രാധാന്യം കൊടുക്കുക, നിങ്ങളുടെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുക, അവർക്കുവേണ്ടി പ്രാർത്ഥിക്കുക. കൂടാതെ, സർവശക്തനായ ദൈവമായ കർത്താവിൻ്റെ സന്നിധിയിൽ സമയം ചെലവഴിക്കുക. ഇത് ചെയ്യുന്നതിലൂടെ, എന്ത് സംഭവിക്കും? നിങ്ങൾ I യോഹന്നാൻ 4:17 വായിക്കുകയാണെങ്കിൽ, "അവൻ ഇരിക്കുന്നതുപോലെ നാമും ഇരിക്കുന്നു" എന്ന് പറയുന്നു. അവൻ ഉള്ളതുപോലെ
നിങ്ങളും ഈ ലോകത്തിലുണ്ട്. യേശുവിൻ്റെ കാൽച്ചുവടുകൾ പിന്തുടരുക, ഒരു മിനിറ്റ് പോലും പാഴാക്കരുത്. യേശുവിനെപ്പോലെതന്നെ നിങ്ങൾ രൂപാന്തരപ്പെടും. ഇപ്പോൾ തന്നെ നമ്മെ അങ്ങനെയുള്ളവരാക്കാൻ നമുക്ക് അവനോട് ആവശ്യപ്പെടാമോ?

PRAYER:

സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, അങ്ങയുടെ ആശ്വാസകരമായ വാഗ്‌ദത്തത്തിന് നന്ദി. അങ്ങ് വിശുദ്ധനായിരിക്കുന്നതുപോലെ തന്നെ വിശുദ്ധനായിരിക്കണമെന്നതാണ് എന്നോടുള്ള അങ്ങയുടെ ആഗ്രഹം. ഇപ്പോൾ തന്നെ, ഞാൻ എൻ്റെ ഹൃദയവും ചിന്തകളും അങ്ങേക്ക് സമർപ്പിക്കുകയും അങ്ങയോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. അങ്ങയുടെ വിലയേറിയ രക്തത്താൽ എന്നെ കഴുകുകയും അങ്ങയുടെ സാന്നിധ്യത്തിനായി കാംക്ഷിക്കാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. അങ്ങയുടെ പാദങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കാനും എൻ്റെ മനസ്സ് പുതുക്കാനുമുള്ള കൃപ എനിക്ക് നൽകണമേ, അങ്ങനെ ഓരോ ദിവസം കഴിയുന്തോറും ഞാൻ അങ്ങയെപ്പോലെ ആകും. കർത്താവേ, അങ്ങ് ഈ ഭൂമിയിലായിരുന്നപ്പോൾ ചെയ്തതുപോലെ, അങ്ങയുടെ കാൽച്ചുവടുകൾ പിന്തുടരാനും ജനങ്ങൾക്ക് നന്മ ചെയ്യാനും ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നു. പരിശുദ്ധാത്മാവേ, ദയവായി എന്നെ നിറയ്ക്കുകയും മറ്റുള്ളവർക്ക് വേണ്ടി മാധ്യസ്ഥ്യം വഹിക്കാൻ എന്നെ സജ്ജരാക്കുകയും എൻ്റെ ചുറ്റുമുള്ളവർക്ക് ഒരു അനുഗ്രഹമായിത്തീർക്കുകയും ചെയ്യണമേ. എൻ്റെ പ്രാർത്ഥന കേട്ടതിനും
എല്ലാ സാഹചര്യങ്ങളിലും അങ്ങയെ അനുകരിക്കാനുള്ള ആഗ്രഹം തന്നതിനും നന്ദി. യേശുവിൻ്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.