എൻ്റെ പ്രിയ ദൈവത്തിൻ്റെ സുഹൃത്തേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങളെ സസ്നേഹം വന്ദനം ചെയ്യുന്നു. ഇന്ന് നാം വേദപുസ്തകത്തിലെ മനോഹരമായ ഒരു വാക്യം ധ്യാനിക്കാൻ പോകുന്നു. ന്യായാധിപന്മാർ 5:31 ഇപ്രകാരം പറയുന്നു, “അവനെ സ്നേഹിക്കുന്നവരോ സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ.” ഒരു തിളങ്ങുന്ന വെളിച്ചം പോലെ, തേജസ്സുള്ള ഒരു സൂര്യൻ പോലെ, നിങ്ങളുടെ ജീവിതവും അതേ രീതിയിൽ ശോഭിക്കും. ഇപ്പോൾ, നിങ്ങളുടെ ജീവിതം മാറ്റാൻ കർത്താവ് തയ്യാറാണ്. നിങ്ങൾ അത് വിശ്വസിക്കുന്നുണ്ടോ? നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ ദൈവത്തിൻ്റെ മഹത്വം കാണും.

അത്തരമൊരു അനുഗ്രഹീതമായ ജീവിതം അനുഭവിക്കാൻ, നിങ്ങൾ എന്താണ് ചെയ്യേണ്ടത്? ആവർത്തനപുസ്‌തകം 30:20-ൽ, "നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു" എന്ന് നമ്മോട് നിർദ്ദേശിക്കുന്നു. അതുപോലെ, 1 കൊരിന്ത്യർ 8:1-ൽ പറയുന്നു, "സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു."

എൻ്റെ സുഹൃത്തേ, എന്റെ 16 വയസ്സ് വരെ, ഞാൻ യേശുവിനെ യഥാർത്ഥത്തിൽ സ്നേഹിച്ചിരുന്നില്ല. ഞാൻ നാമമാത്രമായ ഒരു ക്രിസ്ത്യാനിയായിരുന്നു, പള്ളിയിൽ പോകുന്നവളായിരുന്നു, പക്ഷേ യേശുക്രിസ്തുവുമായി യഥാർത്ഥ ബന്ധമൊന്നുമില്ലായിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം, ഞാൻ ഏകാന്തതയും വിഷാദവും അനുഭവിച്ചപ്പോൾ, കർത്താവ് എന്നോട് സംസാരിച്ചു. അവൻ പറഞ്ഞു, "സ്റ്റെല്ലാ, ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. എൻ്റെ മകളേ, നിനക്കായി ഞാൻ എൻ്റെ ജീവൻ കുരിശിൽ സമർപ്പിച്ചു. എപ്പോഴും എന്നിലേക്ക് നോക്കുക. നിന്റെ എല്ലാ ആവശ്യങ്ങളും ഞാൻ നിറവേറ്റും." ഈ മഹത്തായ സ്നേഹം ഞാൻ ഒരിക്കലും യഥാർത്ഥത്തിൽ അന്വേഷിച്ചിട്ടില്ലെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. ആ നിമിഷം മുതൽ ഞാൻ പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കാൻ തുടങ്ങി. ഹല്ലേലൂയ! അവൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറി. ഞാൻ അവനുമായി സംസാരിക്കാനും അവനോടൊപ്പം നടക്കാനും തുടങ്ങി. 21-ാം വയസ്സിൽ ഞാൻ എൻ്റെ ജീവിതം പൂർണ്ണമായും സമർപ്പിക്കുകയും യേശുവിനെ എൻ്റെ രക്ഷകനായി സ്വീകരിക്കുകയും ചെയ്തു.

അതെ, എൻ്റെ സുഹൃത്തേ, നിനക്കു പുതിയതും സമൃദ്ധവുമായ ജീവിതം നൽകാൻ ക്രിസ്തു കുരിശിൽ മരിച്ചു. എഫെസ്യർ 3:17-19-ൽ, ഈ സ്നേഹം വളരെ മനോഹരമായി വിശദീകരിക്കപ്പെട്ടിരിക്കുന്നു. റോമർ 5:5 - ഉം II തിമൊഥെയൊസ് 1:7 - ഉം നമ്മെ അത് ഓർമിപ്പിക്കുന്നു: "ദൈവം നമുക്ക് ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മാവിനെ പരിശുദ്ധാത്മാവിലൂടെ തന്നിരിക്കുന്നു." ഇപ്പോൾ, കർത്താവ് തന്റെ എല്ലാ സ്നേഹവും കൊണ്ട് നിങ്ങളെ അനുഗ്രഹിക്കാൻ തയ്യാറാണ്. ദൈവികവും സ്നേഹനിർഭരവുമായ ഈ സൌഹൃദം സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണോ?

PRAYER:
സ്‌നേഹവാനായ സ്വർഗ്ഗീയപിതാവേ, നന്ദിയും ഭയഭക്തിയും നിറഞ്ഞ ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. അങ്ങയുടെ മഹത്തായ സ്നേഹത്തിനും അങ്ങയുടെ മഹത്വത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കുന്ന ഒരു ജീവിതം എനിക്ക് വാഗ്‌ദത്തം ചെയ്തതിനും അങ്ങേക്ക് നന്ദി. അങ്ങയെ അഗാധമായി സ്നേഹിക്കാനും, അങ്ങയുടെ ശബ്ദം അനുസരിക്കാനും, എപ്പോഴും അങ്ങയോട് പറ്റിനിൽക്കാനും എന്നെ സഹായിക്കേണമേ, എന്തുകൊണ്ടെന്നാൽ അങ്ങ് എൻ്റെ ജീവനും ശക്തിയുമാണ്. യേശുവേ, എനിക്ക് പുതിയ ജീവിതവും പ്രത്യാശയും നൽകുന്നതിനായി കുരിശിൽ എനിക്കായി ചെയ്ത ത്യാഗത്തിന് നന്ദി. എല്ലാ ദിവസവും അങ്ങയോടൊപ്പം അടുത്ത് നടക്കാൻ എനിക്ക് കഴിയുന്നതിനായി, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മാവായ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്‌ക്കേണമേ. കർത്താവേ, അങ്ങയുടെ സ്നേഹത്തിൻ്റെ പൂർണ്ണത ഞാൻ അനുഭവിക്കത്തക്കവിധം എൻ്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ. എല്ലായ്പ്പോഴും അങ്ങയുടെ സുഹൃത്തായിരിക്കാനും അങ്ങയുടെ സ്നേഹനിർഭരമായ ചിത്രം മറ്റുള്ളവർക്ക് പ്രതിഫലിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.