എൻ്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഉല്പത്തി 50:20-ൽ നാം വായിക്കുന്നു, “നിങ്ങൾ എന്റെ നേരേ ദോഷം വിചാരിച്ചു; ദൈവമോ, അതിനെ ഗുണമാക്കിത്തീർത്തു.” ഇത് യോസേഫിന്റെ ജീവിതത്തെ ചുരുക്കത്തിൽ വെളിപ്പെടുത്തുകയും ഏറ്റവും ഇരുണ്ട നിമിഷങ്ങളെപ്പോലും നീതിമാനായ ഒരു വ്യക്തിക്ക് അനുഗ്രഹമാക്കി മാറ്റാൻ ദൈവത്തിന് കഴിയുമെന്ന് നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

യോസേഫ് ദൈവഭക്തനായിരുന്നു. ചെറുപ്പത്തിൽപ്പോലും അവൻ കർത്താവിനെ ആഴമായി സ്നേഹിച്ചു, പിതാവിനോടൊപ്പം അവന്റെ വഴികളിൽ നടന്നു. ദൈവവുമായുള്ള ഈ അടുത്ത ബന്ധം കാരണം, യോസേഫ് വേറിട്ടുനിൽക്കുകയും അത് തന്റെ മൂത്ത സഹോദരന്മാരുടെ ഹൃദയങ്ങളിൽ അസൂയ ഉളവാക്കുകയും ചെയ്തു. അവർ അവനെ ഒരു ഭീഷണിയായി കണ്ടു, പ്രത്യേകിച്ച് തന്റെ ഭാവിയെക്കുറിച്ച് അവൻ പങ്കിട്ട സ്വപ്നങ്ങളുടെ കാര്യത്തിൽ. അവരുടെ അസൂയ അവന്റെ ജീവിതം അവസാനിപ്പിക്കാൻ അവർ ഗൂഢാലോചന നടത്തുന്ന ഘട്ടത്തിലേക്ക് വളർന്നു. നാം അവനെ കൊന്നാൽ ആ സ്വപ്നങ്ങൾ എങ്ങനെ സംഭവിക്കും? എന്ന് അവർ ചിന്തിച്ചു. ഇത് അവരുടെ ഹൃദയങ്ങളിൽ സൂക്ഷിച്ചിരുന്ന തിന്മയാണ്. അവർ അവനെ അടിമത്തത്തിലേക്ക് വിൽക്കുകയും അവനെ മിസ്രയീമിലേക്ക് കൊണ്ടുപോകുകയും ചെയ്തെങ്കിലും, ദൈവത്തിന്റെ പദ്ധതി യോസേഫിന്റെ ജീവിതത്തിൽ വികസിച്ചുകൊണ്ടിരുന്നു.

മിസ്രയീമിൽ പോലും യോസേഫിന് വെല്ലുവിളികൾ നേരിട്ടു. പോത്തീഫറിൻ്റെ വീട്ടിൽ ശുശ്രൂഷ ചെയ്യുമ്പോൾ,  പോത്തീഫറിൻ്റെ ഭാര്യ അവനെ പാപത്തിലേക്ക് ആകർഷിക്കാൻ ആഗ്രഹിച്ചു. എന്നാൽ യോസേഫ് നിർമലതയും നീതിയും ഉള്ള ഒരു യുവാവായിരുന്നതിനാൽ ഉറച്ചുനിന്നു. ഉല്പത്തി 39:9-ന്റെ അടിസ്ഥാനത്തിൽ യോസേഫ് ആ പ്രലോഭനത്തോട് ഇങ്ങനെ പ്രതികരിച്ചുഃ "ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു?" സങ്കൽപ്പിക്കുക, അവൻ വെറുമൊരു യുവാവ് ആയിരുന്നു, എന്നിട്ടും അവൻ്റെ ഹൃദയം ദൈവത്തിൻ്റെ ഇഷ്ടവുമായി പൊരുത്തപ്പെട്ടിരുന്നു, അവൻ തൻ്റെ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ചു. തൻ്റെ യജമാനനെതിരെ പാപം ചെയ്യുന്നത് ആത്യന്തികമായി ദൈവത്തിനെതിരെ പാപം ചെയ്യുമെന്ന് അവനറിയാമായിരുന്നു. അത് അവന് സഹിക്കാൻ കഴിയാത്ത ഒരു കാര്യമായിരുന്നു. അതുകൊണ്ടാണ് ദൈവം യോസേഫിനെ ഇത്രയധികം പ്രീതിയോടെ വീക്ഷിച്ചത്. സദൃശവാക്യങ്ങൾ 13:21 നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, "നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും." യോസേഫിൻ്റെ നീതി അവനു ദൈവത്തിൽ നിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾ കൊണ്ടുവന്നു.

യോസേഫിനെ തെറ്റായി കാരാഗൃഹത്തിലടച്ചപ്പോൾ യോസേഫിൻ്റെ ജീവിതം മറ്റൊരു കഠിനമായ വഴിത്തിരിവായി. എന്നാൽ കാരാഗൃഹത്തിന്റെ ആഴങ്ങളിൽ പോലും ദൈവം അവനോടൊപ്പമുണ്ടായിരുന്നു. കൃത്യസമയത്ത്, ദൈവം രാജാവിന്റെ ഹൃദയത്തെ ചലിപ്പിച്ചു, യോസേഫിനെ അത്ഭുതകരമായി കാരാഗൃഹത്തിൽ നിന്ന് പുറത്തുകൊണ്ടുവരുകയും മഹത്തായ ഒരു സ്ഥാനത്ത് നിർത്തുകയും ചെയ്തു. അവനെ മേലധികാരിയായി നിയമിക്കുകയും രാജാവിന്റെ കീഴിൽ നേരിട്ട് ഭരിക്കുകയും ചെയ്തു. ദൈവത്തിന്റെ പ്രിയപൈതലേ, എത്ര വലിയ ദൈവമാണ് നമുക്കുള്ളത്! സാഹചര്യങ്ങൾ എത്ര അസാധ്യമെന്നു തോന്നിയാലും താഴ്മയുള്ളവരെ ഉയർത്തുകയും നീതിയിൽ നടക്കുന്നവരെ മഹത്വവത്കരിക്കുകയും ചെയ്യുന്ന ദൈവമാണ് അവൻ.

ഇന്ന് നിങ്ങൾക്ക് സ്വന്തം പരീക്ഷണങ്ങൾ നേരിടേണ്ടിവന്നേക്കാം. എന്തുകൊണ്ടാണ് എനിക്ക് ഇത് സംഭവിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ലോകം നിങ്ങൾക്ക് എതിരാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം, എന്തുകൊണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല. എന്നാൽ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കട്ടെ; ദൈവം യോസേഫിനോടൊപ്പം ഉണ്ടായിരുന്നതുപോലെ അവൻ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ കർത്താവിന്റെ മുൻപിൽ നീതിപൂർവം ജീവിക്കുന്നത് തുടരുകയാണെങ്കിൽ, അവൻ നിങ്ങളെ ആദരിക്കും. യോസേഫിന് നൽകിയ അതേ ബഹുമതി നിങ്ങൾക്കും നൽകും .

PRAYER:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, ഇരുണ്ട നിമിഷങ്ങളെപ്പോലും നീതിമാന്മാർക്ക് അനുഗ്രഹങ്ങളാക്കി മാറ്റാൻ കഴിയുന്ന ദൈവമാണ് അങ്ങ്. നീതിമാന് നന്മ പ്രതിഫലം ലഭിക്കുമെന്ന് അങ്ങയുടെ വചനം പറയുന്നു. അതിനാൽ, പൂർണ്ണഹൃദയത്തോടെ അങ്ങയുടെ നീതിയാൽ നിറയാൻ ഞാൻ താഴ്മയോടെ ആഗ്രഹിക്കുന്നു. അങ്ങേക്ക് മാത്രമേ എന്നെ ശുദ്ധീകരിക്കാനും പൂർണ്ണനാക്കാനും കഴിയൂ എന്ന് ഞാൻ അംഗീകരിക്കുന്നു. കർത്താവേ, അങ്ങയുടെ നീതിയാൽ എന്നെ അണിയിക്കണമേ; അങ്ങനെ അങ്ങയുടെ ദൃഷ്ടിയിൽ പ്രീതികരമായ നിർമ്മലജീവിതം നയിക്കാൻ എനിക്കു കഴിയും. സാഹചര്യങ്ങൾ അസാധ്യമാണെന്ന് തോന്നിയാലും താഴ്മയുള്ളവരെ ഉയർത്തുകയും അങ്ങയുടെ വഴികളിൽ നടക്കുന്നവരെ മഹത്വവത്കരിക്കുകയും ചെയ്യുന്ന ദൈവമാണ് അങ്ങ്. എപ്പോഴും എന്നോടുകൂടെയുള്ള അങ്ങയുടെ സാന്നിധ്യത്തിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ നീതിയിൽ നടക്കുമ്പോൾ തക്കസമയത്ത് അങ്ങ് എന്നെ ആദരിക്കുമെന്ന് എനിക്കറിയാം. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.