എൻ്റെ പ്രിയ സുഹൃത്തേ, വാഗ്ദത്തമായ ദൈവവചനം അവകാശപ്പെടാൻ ഇന്ന് നാം ഇവിടെയുണ്ട്. നിങ്ങൾ ജീവിതത്തിനായി ഗ്രഹിക്കുന്നതുപോലെ അത് ഗ്രഹിക്കുക, കാരണം ജീവിതം ഇതിൽ നിന്നാണ് ഒഴുകുന്നത്. യാക്കോബ് 4:6-ൽ വേദപുസ്തകം നമ്മെ ഇപ്രകാരം പഠിപ്പിക്കുന്നു, “എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു 'ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു' എന്നു പറഞ്ഞിരിക്കുന്നു." എന്റെ സുഹൃത്തേ, ദൈവം നിഗളികളെ എതിർക്കുന്നു എന്ന് ഇവിടെ വളരെ വ്യക്തമായി പറയുന്നു.

മത്തായിയുടെ പുസ്‌തകത്തിൽ, പരീശന്മാരെക്കുറിച്ച് യേശു സംസാരിക്കുന്നു, അവർ എങ്ങനെ ഉയർന്ന ഇരിപ്പിടങ്ങൾ തേടുന്നുവെന്നും മറ്റുള്ളവരുടെ പ്രശംസയും ആദരവും കൊതിക്കുന്നുവെന്നും സൂചിപ്പിക്കുന്നു. അവർ അംഗീകാരവും ബഹുമാനവും ആഗ്രഹിക്കുന്നു, പലപ്പോഴും അവരുടെ പദവിയും അധികാരവും ഉപയോഗിച്ച് ആളുകളോട് മോശമായി പെരുമാറാനും അവരെ താഴ്ത്തിക്കെട്ടാനും പ്രതാപകരമായ പെരുമാറ്റം പ്രകടിപ്പിക്കാനും ശ്രമിക്കുന്നു. എന്നിരുന്നാലും, അത്തരം അഹങ്കാരികളായ  വ്യക്തികളെ ദൈവം എതിർക്കുന്നു. പലപ്പോഴും, ഇത് നാം മനസ്സിലാക്കിയേക്കില്ല എന്റെ സുഹൃത്തേ. നാമും അംഗീകാരവും ബഹുമാനവും തേടുന്നു, എന്നാൽ അഹങ്കാരം നമ്മെ യഥാർത്ഥ വിജയത്തിലേക്ക് നയിക്കില്ലെന്ന് നാം തിരിച്ചറിയണം. ഉന്നത സ്ഥാനങ്ങളിലേക്കും ബഹുമാനത്തിലേക്കുമുള്ള ഒരേയൊരു വഴി ദൈവത്തിൻ്റെ അനുഗ്രഹത്തിലൂടെയാണ്, കാരണം അവൻ താഴ്മയുള്ളവർക്കു കൃപ നൽകുന്നു. എളിമയുള്ളവരോടൊപ്പം സമയം ചെലവഴിക്കുന്നതിലും അവരിൽ നിന്ന് കേൾക്കുന്നതിലും അവൻ സന്തോഷിക്കുന്നു, എന്നാൽ നിഗളികളുടെ വാക്കുകൾ അവൻ ശ്രദ്ധിക്കുന്നില്ല. മത്തായി 5-ൽ, കരുണ കാണിക്കുന്നവർ ഭാഗ്യവാന്മാരാണെന്നും ദൈവം അവരോട് കരുണ കാണിക്കുന്നുവെന്നും പ്രസ്താവിക്കുന്നു. ആമേൻ!

നാം മറ്റുള്ളവരോട് കരുണ കാണിക്കുമ്പോൾ, നമ്മുടെ ഉയർന്ന കുതിരയിൽ നിന്ന് ഇറങ്ങി, മറ്റുള്ളവരെ സേവിക്കുമ്പോൾ ദൈവം നമ്മോട് അത്തരം കരുണ കാണിക്കും. ദൈവം മാത്രമാണ് ഉന്നതൻ. അവൻ്റെ മുമ്പിൽ നാമെല്ലാവരും ഒരേ തലത്തിലാണ്. അതിനാൽ, അവൻ്റെ മുമ്പാകെ താഴ്മയുള്ളവരായിരിക്കുക. ഈ എളിയ മനോഭാവം എപ്പോഴും നമ്മുടെ ഉള്ളിലുണ്ടാകണം. ഞങ്ങളുടെ മീറ്റിംഗുകളിൽ പോലും, ആളുകൾ താഴ്മയോടെ ചോദിക്കുമ്പോഴും ദൈവത്തോട് നിലവിളിക്കുമ്പോഴും, അവർക്ക് എന്ത് പദവികൾ ഉണ്ടെങ്കിലും, ഏത് പശ്ചാത്തലത്തിൽ നിന്ന് വന്നാലും, അവർ അതെല്ലാം വലിച്ചെറിഞ്ഞ് യേശുവിൻ്റെ മുമ്പിൽ കരയുന്നതായി ഞങ്ങൾ കാണുന്നു. ദൈവം അത്തരം ആളുകളെ ചെവികൊള്ളുകയും അവിടെത്തന്നെ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു. തന്നോട് താഴ്മയോടെ നിലവിളിക്കുന്നവർക്ക് ദൈവം കൃപ നൽകുന്നു. അതിനാൽ, സ്വയം താഴ്ത്തുക. ഇന്ന്, ദൈവത്തിൻ്റെ കൃപ നിങ്ങളുടെ മേൽ ഉണ്ട്.

Prayer:
സ്നേഹവാനായ കർത്താവേ, അങ്ങയുടെ വചനത്തിലൂടെ എന്നോട് സംസാരിച്ചതിന് നന്ദി. താഴ്മയുള്ളവരിൽ അങ്ങ് ആനന്ദിക്കുകയും അവരെ ഉയർത്തുകയും ചെയ്യുന്നു. അതിനാൽ, കർത്താവേ, താഴ്മയുള്ളവനാകാൻ എന്നെ സഹായിക്കേണമേ. എന്നെക്കുറിച്ചോ എനിക്കറിയാവുന്നതോ നേടിയതോ ആയ കാര്യങ്ങളെക്കുറിച്ചോ അല്ല, എല്ലാം അങ്ങയെക്കുറിച്ചാണെന്ന് ഓരോ ദിവസവും എന്നെ കാണിക്കേണമേ. ഞാൻ രക്ഷിക്കപ്പെട്ടതും അനുഗ്രഹിക്കപ്പെട്ടതും അങ്ങയുടെ കൃപയാലാണ്. അങ്ങയുടെ സംരക്ഷണമാണ് എന്നെ സുരക്ഷിതമായും ഭദ്രമായും നിലനിർത്തുന്നത്. അങ്ങയുടെ ജ്ഞാനവും ദാനങ്ങളുമാണ് എന്നെ മികവുറ്റതാക്കാൻ സഹായിക്കുന്നത്. അങ്ങില്ലാതെ ഞാൻ ഒന്നുമല്ല, കർത്താവേ. ഞാൻ എപ്പോഴും അങ്ങയുടെ മുൻപിൽ താഴ്മയുള്ളവനായിരിക്കുകയും അങ്ങയുടെ എല്ലാ കൽപ്പനകളും അനുസരിക്കുകയും ചെയ്യട്ടെ. എനിക്ക് ചുറ്റുമുള്ളവരോട് വിനയം കാണിക്കാൻ അങ്ങ് എന്നെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങനെ അവർ അങ്ങയെ എന്നിൽ കാണുകയും അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുകയും ചെയ്യും. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.