എൻ്റെ വിലയേറിയ സുഹൃത്തേ, ഇത് ഓർക്കുക, ദൈവം നിങ്ങളെ ഒരിക്കലും കൈവിടുകയില്ല, കാരണം അവൻ നിങ്ങളെ സ്വന്തം ജനമായി തിരഞ്ഞെടുത്തിരിക്കുന്നു. ഇന്നത്തെ വാഗ്ദത്ത വാക്യം I ശമൂവേൽ 12:22-ൽ നിന്നുള്ളതാണ്, അത് ഇപ്രകാരം പറയുന്നു, “യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവെക്കു ഇഷ്ടം തോന്നിയിരിക്കുന്നു.” നിങ്ങൾ ദൈവത്തിൻ്റെ ജനമാണ്. നിങ്ങൾ അവന്റെ പൈതലാണ്. യേശു തന്റെ വിലയേറിയ രക്തം ചൊരിയുകയും നിങ്ങളെ സ്വന്തമാക്കാനായി തന്റെ യാഗത്തിലൂടെ നിങ്ങളെ വാങ്ങുകയും ചെയ്തിരിക്കുന്നു. തന്റെ മഹത്തായ നാമത്തിനുവേണ്ടി, അവൻ നിങ്ങളെ ഒരിക്കലും മറക്കില്ല, നിങ്ങളെ തള്ളിക്കളയുകയുമില്ല. ഈ വാഗ്‌ദത്തത്തിൽ വിശ്വസിക്കുകയും പൂർണ്ണഹൃദയത്തോടെ അവനോട് നന്ദി പറയുകയും ചെയ്യുക.
നിരുത്സാഹം വരുമ്പോൾ, ദൈവം നിങ്ങളെ മേലാൽ സ്നേഹിക്കുന്നില്ലെന്ന്, അത് നുണകൾ മന്ത്രിച്ചേക്കാം. അത് ഇങ്ങനെ പറഞ്ഞേക്കാം, “അതെ, അവൻ നിങ്ങളെ ആദിയിൽ അവൻ്റെ പൈതലാക്കി, എന്നാൽ ഇപ്പോൾ നിങ്ങൾ വീണുപോയിരിക്കുന്നു. അവനെ പ്രസാദിപ്പിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു. ആളുകൾ നിങ്ങളെ വിമർശിക്കുന്നു. നിങ്ങളുടെ പരീക്ഷകളിലോ ജോലിയിലോ നിങ്ങൾ പരാജയപ്പെട്ടു. ദൈവത്തിന് നിങ്ങളെ എങ്ങനെ ഇപ്പോഴും സ്നേഹിക്കാൻ കഴിയും അല്ലെങ്കിൽ നിങ്ങളെ അവൻ്റെ പൈതലായി കണക്കാക്കാൻ കഴിയും? " ഇത് ശത്രുവിന്റെ നുണകളാണ്. ദൈവത്തിന്റെ പൈതലായിരിക്കാൻ നിങ്ങൾ യോഗ്യരല്ലെന്ന് തോന്നാൻ പിശാച് നിങ്ങളുടെ പരാജയങ്ങളെ വലുതാക്കുന്നു. എന്നാൽ അത് തീർത്തും തെറ്റാണ് എന്റെ സുഹൃത്തേ.
തൻ്റെ മഹത്തായ നാമം നിമിത്തം, കർത്താവ് നിങ്ങളെ ഒരിക്കലും കൈവിടുകയില്ല. അവൻ നിങ്ങളെ ഒരിക്കലും നിരസിക്കുകയില്ല. യേശുവിൻ്റെ വിലയേറിയ രക്തത്താൽ അവൻ നിങ്ങളെ തൻ്റെ പൈതലാക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു, നിങ്ങളെ തൻ്റെ ജനം എന്ന് വിളിക്കുന്നതിൽ അവൻ സന്തോഷിക്കുന്നു. ഇന്ന് ധൈര്യത്തോടെ ഇപ്രകാരം പ്രഖ്യാപിക്കുക, “ജീവിതത്തിലെ എൻ്റെ സാഹചര്യമോ സ്ഥാനമോ എന്തുമാകട്ടെ, ഞാൻ ഇപ്പോഴും ദൈവത്തിന്റെ പൈതലാണ്. യേശു എന്നെ സ്നേഹിക്കുന്നു, അവൻ എന്നോടൊപ്പമുണ്ട്. ഈ സമയത്ത് അവൻ എന്നെ സഹായിക്കും. അവൻ്റെ ഇഷ്ടം വിജയിക്കും, എൻ്റെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും. അത് അങ്ങനെ തന്നെ സംഭവിക്കും!”
നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഞാൻ ഒരു സാക്ഷ്യം പങ്കുവെക്കട്ടെ. ഒരിക്കൽ ഒരു സ്വകാര്യ ബാങ്കിൽ ജോലി ചെയ്തിരുന്ന എലീശാ പെരിയസ്വാമി എന്നൊരാൾ ഉണ്ടായിരുന്നു. അയാളുടെ കുടുംബം യേശുവിനെ അനുഗമിച്ചെങ്കിലും, അയാൾ യേശുവിനെ പരിഹസിക്കുകയും വിശ്വാസത്തെ എതിർക്കുകയും ചെയ്തു. ഒടുവിൽ, ജോലി നഷ്‌ടപ്പെടുകയും സാമ്പത്തിക പ്രശ്‌നങ്ങളിൽ അകപ്പെടുകയും ചെയ്‌ത അയാൾ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. ഒരു ദിവസം, അയാൾ ലക്ഷ്യമില്ലാതെ നടക്കുമ്പോൾ, ഒരു പൊതുയോഗത്തിനിടെ എൻ്റെ ശബ്ദം അയാൾ കേട്ടു, "നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും." ആ ഒരു വാക്ക് അയാളുടെ ഹൃദയത്തെ ഇളക്കിമറിക്കുകയും അയാളെ യേശുവിങ്കലേക്ക് അടുപ്പിക്കുകയും ചെയ്തു.
എലീശാ വീട്ടിലേക്ക് മടങ്ങുകയും തിരുവെഴുത്തുകൾ വായിക്കാൻ തുടങ്ങുകയും തന്റെ ജീവൻ കർത്താവിന് സമർപ്പിക്കുകയും ചെയ്തു. ദൈവം അയാളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാൻ തുടങ്ങി. ഏഴു വർഷത്തോളം നീണ്ടുനിന്ന ഒരു നിയമപരമായ കേസിനെ അഭിമുഖീകരിച്ചെങ്കിലും ദൈവം അയാൾക്ക് വിജയം നൽകി. എലീശാ വീണ്ടും ബെഥെസ്‌ദ പ്രാർത്ഥനാ കേന്ദ്രത്തിൽ വന്നു, ഞങ്ങളുടെ ഒരു യോഗത്തിൽ പങ്കെടുത്തു. പ്രാർത്ഥനയ്ക്കിടെ, "ദൈവം നിങ്ങളെ ഒരു പ്രവാചകനാക്കുന്നു" എന്ന് അയാളോട് പറയാൻ എനിക്ക് തോന്നി. അയാളുടെ അവസ്ഥയെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു, പക്ഷേ ദൈവം അയാളുടെ ജീവിതത്തിൽ പ്രവർത്തിക്കുകയും അയാളുടെ ഹൃദയം തിരിക്കുകയും ചെയ്തു. ഇന്ന്, തനിക്ക് പ്രാവചനിക വചനം ലഭിച്ചുവെന്നും ഇപ്പോൾ ദൈവത്താൽ പ്രാവചനിക ശുശ്രൂഷയിൽ ഉപയോഗിക്കപ്പെടുകയും അവന്റെ അനുഗ്രഹങ്ങൾ പലർക്കും നൽകുകയും ചെയ്യുന്നുവെന്നും എലീശാ സാക്ഷ്യപ്പെടുത്തുന്നു. എൻ്റെ പ്രിയ സുഹൃത്തേ, ദൈവം സഹോ. എലീശായെ നിരാശയിൽ നിന്ന് ഉയർത്തി അയാൾക്ക് ഒരു പുതിയ ലക്ഷ്യം നൽകിയതുപോലെ, അവൻ നിങ്ങളെയും ഉയർത്തും. അവൻ നിങ്ങളെ സ്വന്തം പൈതലായി തിരഞ്ഞെടുത്തിരിക്കുന്നു. അവനിൽ വിശ്വസിക്കുക, എന്തെന്നാൽ, അവൻ്റെ ഹിതം നിങ്ങളുടെ ജീവിതത്തിൽ വിജയിക്കും.
PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനും എന്നെ അങ്ങയുടെ സ്വന്തമായി തിരഞ്ഞെടുത്തതിനും അങ്ങേക്ക് നന്ദി. എൻ്റെ പരാജയത്തിൻ്റെയും ബലഹീനതയുടെയും നിമിഷങ്ങളിൽ പോലും, അങ്ങ് എന്നെ ഒരിക്കലും കൈവിടില്ലെന്ന അങ്ങയുടെ വാഗ്‌ദത്തത്തിൽ ഞാൻ വിശ്വസിക്കുന്നു. നിരുത്സാഹത്തിന്റെ നുണകൾക്കെതിരെ ഉറച്ചുനിൽക്കാനും ഞാൻ അങ്ങയുടെ ദൃഷ്ടിയിൽ വിലപ്പെട്ടവനാണെന്ന് ഓർമ്മിക്കാനും എന്നെ സഹായിക്കണമേ. കർത്താവേ, യേശുവിൻ്റെ രക്തത്താൽ സ്നേഹിക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും ചെയ്ത അങ്ങയുടെ പൈതലാണ് ഞാൻ എന്ന് ധൈര്യത്തോടെ പ്രഖ്യാപിക്കാൻ എൻ്റെ ഹൃദയത്തെ ശക്തിപ്പെടുത്തണമേ. അങ്ങയുടെ പദ്ധതികളിൽ ആശ്രയിക്കാനും എല്ലാ കാര്യങ്ങളും എൻ്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് വിശ്വസിക്കാനും എനിക്ക് കൃപ നൽകണമേ. എല്ലാ പരീക്ഷണങ്ങളിലും, അങ്ങയുടെ വിശ്വസ്തതയെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുകയും അങ്ങയുടെ സമാധാനവും ആത്മവിശ്വാസവും കൊണ്ട് എൻ്റെ ആത്മാവിനെ നിറയ്ക്കുകയും ചെയ്യേണമേ. കർത്താവേ, എന്നെ ഉയർത്തേണമേ, അങ്ങയുടെ പൂർണ്ണമായ ഹിതപ്രകാരം എന്നെ നയിക്കേണമേ. അങ്ങയുടെ സ്നേഹത്തിലും ലക്ഷ്യത്തിലും ഞാൻ നടക്കുമ്പോൾ എൻ്റെ ജീവിതം അങ്ങയുടെ മഹത്തായ നാമത്തിന് മഹത്വം കൊണ്ടുവരട്ടെ. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.