എൻ്റെ സുഹൃത്തേ, ലൂക്കൊസ് 11:9 എന്ന വാക്യത്തിലൂടെ യേശുവിൻ്റെ അനശ്വരമായ വാഗ്ദത്തം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ഇപ്രകാരം പറയുന്നു, “യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും." യേശുവിൻ്റെ നാമത്തിൽ നിങ്ങൾക്ക് എന്തും യാചിക്കാം, അവൻ അത് ചെയ്തുതരും. ഒരു കുടുംബത്തിന് ഈ അനുഗ്രഹം ലഭിച്ചു. 2017ൽ സന്തോഷും ഉമാറാണിയും വിവാഹിതരായി, എട്ട് മാസത്തിനുള്ളിൽ ഇരുവരും തമ്മിൽ തെറ്റിദ്ധാരണകൾ ഉണ്ടായി. ഈ തെറ്റിദ്ധാരണകൾ വളരെ രൂക്ഷമായതിനാൽ അവർക്ക് വേർപിരിയേണ്ടി വന്നു. സന്തോഷ് ഒരു മദ്യപാനിയായിതീർന്നു, ഉമാറാണിയുടെ ഹൃദയം തകർന്നു. രണ്ട് വർഷത്തിന് ശേഷം, അവൾ ഭർത്താവിൻ്റെ അടുത്തേക്ക് മടങ്ങിവന്നു, അവർ വീണ്ടും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. എന്നിരുന്നാലും, അവളുടെ രണ്ടുവർഷത്തെ അസാന്നിധ്യം കാരണം അവളുടെ ഭർത്താവിന് നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു, അയാളുടെ മദ്യപാനം വർദ്ധിച്ചു.

ഈ സമയത്ത്, ഉമാറാണിയുടെ ആന്റി അവളെ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിലേക്ക് കൊണ്ടുവന്നു. അവിടെ, അവൾ പ്രാർത്ഥനാ മദ്ധ്യസ്ഥരോട് പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു, അവർ ഇടവിടാതെ പ്രാർത്ഥിച്ചു. എല്ലാ ദിവസവും, ഈ പ്രാർത്ഥനാ അപേക്ഷകളെല്ലാം എനിക്ക് അയച്ചുതന്നിരുന്നു, ഞാൻ എവിടെയായിരുന്നാലും അവർക്കുവേണ്ടി ഞാനും പ്രാർത്ഥിച്ചു. അതിശയകരമെന്നു പറയട്ടെ, അവളുടെ ഭർത്താവ് മദ്യപാനം നിർത്തി, ഭാര്യയെക്കുറിച്ചുള്ള സംശയം അപ്രത്യക്ഷമായി, അയാൾ അവളോട് സമാധാനമായി സംസാരിക്കാൻ തുടങ്ങി. അവളുടെ വിദ്യാഭ്യാസ വൈദഗ്ധ്യത്തിനനുസരിച്ച് ആശുപത്രിയിൽ നല്ല ജോലി ലഭിക്കാനും കർത്താവ് അവളെ അനുഗ്രഹിച്ചു. ഇന്ന് അവരുടെ എല്ലാ സങ്കടങ്ങളും യേശു നിമിത്തം സന്തോഷമായി മാറിയിരിക്കുന്നു.

അവൻ്റെ നാമത്തിൽ യാചിക്കാൻ കർത്താവ് നമ്മോട് പറയുന്നു, അവൻ അതെല്ലാം നിറവേറ്റും, അങ്ങനെ നമ്മുടെ സങ്കടങ്ങൾ സന്തോഷത്തിലേക്ക് മാറും. ദൈവം നിങ്ങൾക്കായി അത് ചെയ്യും, അവൻ നിങ്ങളെ സ്നേഹിക്കുന്നു. അവൻ മനസ്സിലാക്കുന്നതിനാൽ നിങ്ങൾ ഇപ്പോൾ തന്നെ ദൈവത്തോട് പ്രാർത്ഥിക്കുകയും യേശുവിന് നിങ്ങളുടെ ഹൃദയം പകരുകയും വേണം. നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ വേദനകളിലൂടെയും ദുഃഖങ്ങളിലൂടെയും അവൻ കടന്നുപോയിരിക്കുന്നു. കുരിശ് ചുമന്ന് അവയെ തരണം ചെയ്തപ്പോൾ യേശു നമ്മുടെ എല്ലാ വേദനകളും കഷ്ടപ്പാടുകളും വഹിച്ചു. യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു, ഇന്ന് നിങ്ങളെ വിടുവിക്കാനും നിങ്ങൾക്കായി ഒരു ഭവനം പണിയാനും അവനു ശക്തിയുണ്ട്. നിങ്ങളെ ഭാര്യാഭർത്താക്കന്മാരായി ഒന്നിപ്പിക്കാനും സമൃദ്ധമായി അനുഗ്രഹിക്കാനും അവനു സ്നേഹവും ശക്തിയും ഉണ്ട്.

Prayer:

പ്രിയ സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ സ്നേഹത്താൽ എന്നെ നിറയ്ക്കണമേ, എൻ്റെ പ്രിയപ്പെട്ടവരെ കുറിച്ച് ഞാൻ ഒരിക്കലും സംശയിക്കാതിരിക്കട്ടെ. എപ്പോഴും ഐക്യവും സ്നേഹവും ഉണ്ടാകട്ടെ. സന്തോഷകരമായ ഒരു കുടുംബജീവിതം ആസ്വദിക്കാൻ കർത്താവേ എന്നെ അനുഗ്രഹിക്കണമേ. എൻ്റെ കുടുംബത്തോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാനും ഒരു സന്തുഷ്ടകുടുംബമായിരിക്കാനും എനിക്ക് കഴിയട്ടെ. കർത്താവേ, എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. പിതാവേ, എനിക്ക് ശരിയായ ജോലി തരേണമേ. ഞാനും സ്വസ്ഥമായി താമസിക്കുകയും എൻ്റെ കുടുംബത്തിൽ സാമ്പത്തിക അനുഗ്രഹങ്ങൾ ഉണ്ടാകുകയും ചെയ്യട്ടെ. കർത്താവേ എൻ്റെ മോശമായ ശീലങ്ങളിൽ നിന്ന് എന്നെ മോചിപ്പിക്കണമേ. കർത്താവേ, അങ്ങയുടെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നതെല്ലാം എനിക്ക് ലഭിക്കട്ടെ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.