പ്രിയ സുഹൃത്തേ, ഇന്നും എന്നും എപ്പോഴും യേശുവിൽ വലിയ പ്രത്യാശയുണ്ട്. അവൻ്റെ വചനം ഇന്ന് സദൃശവാക്യങ്ങൾ 15:6-ലൂടെ നിങ്ങളിലേക്ക് വന്നതിനാൽ അവനിൽ ആശ്രയിച്ചുകൊണ്ട് ഉറച്ചുനിൽക്കുക, “നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ടു; ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം.” അതെ, ദൈവം നീതിമാന്മാരെ ആദരിക്കുന്നു. അവരുടെ വീട്ടിൽ വളരെ നിധികൾ നിറഞ്ഞിരിക്കുന്നു. തന്നോട് പറ്റിനിൽക്കുകയും തന്നിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നവർക്ക് കർത്താവ് നൽകുന്ന അനുഗ്രഹമാണിത്. ദാവീദിനെയും ശലോമോനെയും നോക്കുമ്പോൾ, ആ ദേശത്തെ മറ്റാരേക്കാളും വലിയ സമ്പത്ത് നൽകി ദൈവം അവരെ ആത്യന്തികമായി അനുഗ്രഹിച്ചതെങ്ങനെയെന്ന് നാം കാണുന്നു. എൻ്റെ മുത്തച്ഛൻ്റെ ജീവിതത്തിൽ പോലും, ഇത് സത്യമായിരുന്നു. എന്നാൽ തൻറെ അനുഗ്രഹങ്ങൾ ചൊരിയുന്നതിനുമുമ്പ് ദൈവം നമ്മെ പരീക്ഷിക്കുന്നു. അവൻ നമ്മെ ശുദ്ധീകരിക്കുന്നു, നാം യഥാർത്ഥത്തിൽ വിശ്വാസയോഗ്യരാണോ എന്നറിയാൻ ക്ഷാമത്തിന്റെയും വരൾച്ചയുടെയും കാലങ്ങളിലൂടെ കടന്നുപോകാൻ അവൻ നമ്മെ അനുവദിക്കുന്നു.
യേശുവിനെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന പലരും ഈ പരീക്ഷണ സമയങ്ങളിൽ പിന്തിരിയുന്നു. ദൈവമക്കൾ എന്ന് സ്വയം വിളിക്കുന്നവർക്ക് പോലും വിശ്വാസം നഷ്ടപ്പെട്ടേക്കാം. എന്നാൽ ഈ പരീക്ഷണങ്ങൾക്കിടയിൽ, വളരെ നിക്ഷേപം നമ്മെ ഏൽപ്പിക്കാൻ നമുക്ക് മതിയായ വിശ്വസ്തതയുണ്ടോ എന്ന് ദൈവം നിരീക്ഷിക്കുന്നു. ആ നിമിഷത്തിൽ, നമുക്ക് ഭൌതിക സമ്പത്ത് ഇല്ലെങ്കിലും, അവൻ സ്വയം എല്ലാവരുടെയും ഏറ്റവും വലിയ നിധിയായി വെളിപ്പെടുത്തുന്നു. നമുക്ക് ഒന്നുമില്ലാത്തപ്പോൾ, അവൻ ഉണ്ട് എന്നുള്ളതുകൊണ്ട് നമുക്ക് എല്ലാം ഉണ്ടെന്ന് തോന്നും. ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എല്ലാറ്റിനുമുപരിയായി അവനുണ്ടെന്നുള്ളതാണെന്ന് അവൻ നമ്മെ പഠിപ്പിക്കുന്നു, അതിനാൽ അവൻ നമ്മെ ലൗകിക സമ്പത്ത് കൊണ്ട് അനുഗ്രഹിക്കുമ്പോൾ, നാം അതിനോട് ചേർന്നു നിൽക്കാതെ അവനെ എല്ലാറ്റിനും ഉപരിയായി നിധിപോലെ സൂക്ഷിക്കും.
അബ്രഹാമിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ദൈവം അവന് വിശാലമായ ഭൂമിയും വലിയ സമ്പത്തും ഒരു പുത്രന്റെ വിലയേറിയ ദാനവും നൽകി അനുഗ്രഹിച്ചു. ഇത് അവൻ്റെ ജീവിതത്തിലെ നിധികളായിരുന്നു. എന്നാൽ ഈ അനുഗ്രഹങ്ങൾ നൽകുന്നതിനുമുമ്പ് ദൈവം അവനെ പരീക്ഷിച്ചു. അബ്രഹാമിൻറെ വിശ്വാസം എവിടെയായിരുന്നു? അവൻ സമ്പത്തിൽ വിശ്വാസം അർപ്പിക്കുമോ? അല്ല ദൈവം നൽകിയ നിധികളിലോ? അതോ അവൻ ദൈവത്തിൽ മാത്രം ആശ്രയിക്കുമോ? മറ്റെല്ലാറ്റിനുമുപരിയായി ദൈവത്തിൽ ആശ്രയിക്കാൻ അബ്രാഹാം തിരഞ്ഞെടുത്തു, തൻറെ അചഞ്ചലമായ വിശ്വാസം നിമിത്തം ദൈവം അത് നീതിയായി കണക്കാക്കുകയും അവനെ വിപുലീകരിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്തു. ഇന്ന്, എന്റെ സുഹൃത്തേ, ദൈവം നിങ്ങളുടെ ഭവനത്തെ നീതിയുള്ളതാക്കുകയും വളരെ നിക്ഷേപം കൊണ്ട് നിറയ്ക്കുകയും ചെയ്യും. ഈ കൃപ നമുക്ക് അവനോട് ചോദിക്കാമോ? ദൈവം നിങ്ങളുടെ ഭവനം നിറയ്ക്കും.
PRAYER:
പ്രിയ കർത്താവേ, ഞാൻ അഭിമുഖീകരിക്കുന്ന കാലം എന്തുതന്നെയായാലും അങ്ങിൽ ഉറച്ചുനിൽക്കാൻ എന്നെ സഹായിക്കണമേ. വരൾച്ചയുടെ സമയങ്ങളിൽ പോലും, ഞാൻ അങ്ങയെ മാത്രം വിശ്വസിക്കാനും മുറുകെപ്പിടിക്കാനും തിരഞ്ഞെടുക്കുന്നു. അങ്ങ് എൻ്റെ പ്രത്യാശയും എൻ്റെ ശക്തിയും എൻ്റെ സങ്കേതവുമാണ്. അങ്ങയുടെ വചനപ്രകാരം നീതിമാന്റെ ഭവനം അഭിവൃദ്ധിപ്പെടട്ടെ. ആത്മീയവും ഭൌതികവുമായ അനുഗ്രഹങ്ങളാൽ, അങ്ങയുടെ മഹത്തായ നിധികളാൽ എൻറെ ഭവനം നിറയ്‌ക്കേണമേ. എൻ്റെ അതിർ വിശാലമാക്കുകയും അങ്ങ് എനിക്ക് തന്നിട്ടുള്ളതെല്ലാം വർദ്ധിപ്പിക്കുകയും ചെയ്യേണമേ. എനിക്ക് ഉള്ള ചെറിയ കാര്യങ്ങൾ അങ്ങയുടെ ദിവ്യ കരത്താൽ വർദ്ധിപ്പിക്കട്ടെ. പെരുക്കത്തിന്റെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങൾ എന്റെ ജീവിതത്തിൽ ചൊരിയേണമേ. എല്ലാറ്റിനുമുപരിയായി, കർത്താവേ, അങ്ങ് എപ്പോഴും എൻ്റെ ഏറ്റവും വലിയ നിക്ഷപമായിരിക്കട്ടെ. യേശുവിൻ്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.