പ്രിയ സുഹൃത്തേ, സിംഹത്തെപ്പോലെ ധൈര്യമായിരിക്കുക. II തിമൊഥെയൊസ് 2:1-ൽ കാണുന്ന ഇന്നത്തെ വാഗ്‌ദത്തമനുസരിച്ച് കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. അത് ഇപ്രകാരം പറയുന്നു. “ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക [സ്ഥിരമായി ബലപ്പെടുക]."
യേശുവിൽ മാത്രമേ നമുക്ക് കൃപ കണ്ടെത്താൻ കഴിയൂ. നമ്മുടെ പരീക്ഷണങ്ങൾ വർദ്ധിക്കുമ്പോൾ, യേശുക്രിസ്തുവിലുള്ള കൃപയിൽ നാം കൂടുതൽ ശക്തരാകേണ്ടതുണ്ട്. പോരാട്ടങ്ങളെ അഭിമുഖീകരിക്കുമ്പോൾ, നമുക്ക് പലപ്പോഴും ബലഹീനത അനുഭവപ്പെടുന്നു. സദൃശവാക്യങ്ങൾ 24:10 പറയുന്നു, "കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ." ജീവിതപ്രശ്നങ്ങളാൽ തളർച്ചയും ക്ഷീണവും അനുഭവപ്പെടുമ്പോൾ, നമ്മുടെ ശക്തി ചെറുതാണ് എന്നാണ് ഇതിനർത്ഥം. അതുകൊണ്ടാണ് I തിമൊഥെയൊസ് 6:12-ൽ "വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക" എന്ന് പൗലൊസ് പറഞ്ഞത്, ഇത്, യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ പരാമർശിക്കുന്നു. യേശുക്രിസ്തുവിൽ നാം കൂടുതൽ ശക്തരായി വളരണം. കൊലൊസ്സ്യർ 1:29-ൽ പൗലൊസ് പറഞ്ഞു, "അതിന്നായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു."
പലപ്പോഴും, നമ്മുടെ ഉള്ളിലെ കർത്താവിൻ്റെ സാന്നിധ്യം നമുക്ക് തിരിച്ചറിയാൻ കഴിയില്ല. വേദപുസ്തകം പ്രസ്‌താവിക്കുന്നു, "യഹോവ ഒരു മഹാവീരനെപ്പോലെ നിങ്ങളോടുകൂടെ ഉണ്ടു." പ്രയാസകരമായ സമയങ്ങളിൽ, നാം പലപ്പോഴും ഇത് മറക്കുന്നു. യേശുക്രിസ്തുവിൻ്റെ ശക്തിയെ സജീവമായി പിന്തുടരേണ്ടതിൻ്റെ ആവശ്യകത പൗലൊസ് ഊന്നിപ്പറയുന്നു. എഫെസ്യർ 6:10-ൽ, പൗലൊസ് നമ്മെ "കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവാൻ" പ്രോത്സാഹിപ്പിക്കുന്നു. എനിക്ക് ക്ഷീണം തോന്നുമ്പോഴെല്ലാം, ഞാൻ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ദൈവത്തിൽ നിന്ന് ശക്തി വീണ്ടെടുക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുമായിരുന്നു. വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നത് "ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” എന്നാകുന്നു. 2 കൊരിന്ത്യർ 12:9 - ൽ പറഞ്ഞിരിക്കുന്നതുപോലെ, ഇന്നും നമുക്ക് യേശുക്രിസ്തുവിന്റെ കൃപയിൽ ശക്തി കണ്ടെത്താനാകും, അവിടെ ദൈവം പറയുന്നു, "എന്റെ കൃപ നിനക്ക് മതി."
നമ്മുടെ കർത്താവായ യേശുക്രിസ്തു കൃപ നിറഞ്ഞവനാണ്. യേശുവിൻ്റെ ഈ കൃപയിൽ ആശ്രയിക്കുമ്പോൾ നാം കൂടുതൽ ശക്തരായി വളരും. വേദപുസ്തകവും ഇപ്രകാരം പറയുന്നു: 'യേശുക്രിസ്തുവിൽ മാത്രം കാണുന്ന കൃപയാൽ ശക്തരാവുക, നിരന്തരം ശക്തിപ്പെടുത്തുകയും ശാക്തീകരിക്കപ്പെടുകയും ചെയ്യുക.'
Prayer:
പ്രിയ പിതാവേ, അങ്ങയുടെ ശക്തമായ വാഗ്‌ദത്തത്തിന് ഞാൻ നന്ദി പറയുന്നു. അങ്ങ് എന്നോടൊപ്പമുണ്ടെന്ന് അറിയുന്നതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്. അങ്ങയുടെ അനന്തമായ കൃപയാൽ എന്നെ ശക്തിപ്പെടുത്തുകയും ശാക്തീകരിക്കുകയും ചെയ്യേണമേ. അങ്ങയെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകില്ല എന്ന് അങ്ങയുടെ വചനം പറയുന്നു. കർത്താവേ, അങ്ങയുടെ കൃപയിൽ എനിക്ക് കുറവുണ്ടാകാതെ, എൻ്റെ ശരീരത്തിലും ആത്മാവിലും പ്രാണനിലും ശക്തിപ്പെടട്ടെ. എല്ലാ കാര്യങ്ങളും ചെയ്യാനുള്ള അങ്ങയുടെ കൃപ എൻ്റെ ജീവിതത്തിൽ സമൃദ്ധമായി നിറയട്ടെ, ശക്തമായ ഒരു യോദ്ധാവായി എന്നെ ശക്തീകരിക്കേണമേ. ഒരു സിംഹത്തെപ്പോലെ ഞാൻ അങ്ങിൽ ശക്തമായി നിൽക്കാനും ഒരു തിന്മയും എന്നെ സ്പർശിക്കാതിരിക്കാനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഓരോ ദിവസവും ശക്തയാകാൻ എന്നെ പ്രാപ്തമാക്കിയതിന് നന്ദി. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.