പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ സന്തോഷമുണ്ട്. സങ്കീർത്തനം 18:16-ൽ വേദപുസ്തകം ഇപ്രകാരം പറയുന്നു, “അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു." ഇവിടെ, "പെരുവെള്ളം" എന്നത് കഷ്ടതയുടെ വെള്ളപ്പൊക്കത്തെ സൂചിപ്പിക്കുന്നു.

നാം കഷ്ടതയെ അഭിമുഖീകരിക്കുമ്പോൾ, അത് എല്ലാ വശങ്ങളിലും നമ്മെ വലയം ചെയ്യുന്നു, ആഴത്തിലുള്ള വെള്ളത്തിൽ നാം മുങ്ങിത്താഴുന്നത് പോലെ അനുഭവപ്പെടും. സങ്കീർത്തനം 69:1-ൽ ദാവീദ് ദൈവത്തോട് നിലവിളിക്കുന്നു: "ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു." ദാവീദിനെ ശത്രുക്കൾ വലയം ചെയ്തു, അവൻ മുങ്ങിമരിക്കുന്നതുപോലെ തോന്നി. എന്നിരുന്നാലും, ദൈവം അവനെ കൈവിട്ടില്ല; അവൻ ദാവീദിനെ പെരുവെള്ളത്തിൽനിന്നു വലിച്ചെടുത്തു, മുങ്ങിമരിക്കാതെ രക്ഷിച്ചു. അതുകൊണ്ടാണ് സങ്കീർത്തനം 66:12-ൽ ദാവീദ് ഇപ്രകാരം പ്രകടിപ്പിച്ചത്, "നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു." പെരുവെള്ളത്തിൻ്റെ നടുവിൽ കർത്താവ് നമ്മുടെ കൈകൾ പിടിക്കുന്നത് ഇങ്ങനെയാണ്.

ഗലീലയിലെ വെള്ളത്തിൽ ആയിരുന്നപ്പോൾ യേശുവിൻ്റെ ശിഷ്യന്മാർക്കും അങ്ങനെ തന്നെ തോന്നി. മത്തായി 8:23-27-ൽ കടലിൽവെച്ച് ശിഷ്യന്മാർക്കുണ്ടായ ഒരു സംഭവത്തെക്കുറിച്ചു നാം വായിക്കുന്നു. ശിഷ്യന്മാർ യേശുവിനോടൊപ്പം പടകിൽ ഇരിക്കുമ്പോൾ കടലിൽ ഒരു കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ശിഷ്യന്മാർ പരിഭ്രാന്തരായി, യേശുവിനെ ഉറക്കത്തിൽ നിന്ന് ഉണർത്തികൊണ്ട് "കർത്താവേ രക്ഷിക്കേണമേ: ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു." യേശു ഉടനെ ഉണർന്ന്, “അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു” എന്ന് ശിഷ്യന്മാരെ ശാസിച്ചു. എന്നിട്ട് അവൻ കടലിനെ ശാസിച്ചു, കൊടുങ്കാറ്റും കടലും ഉടനെ ശാന്തമായി.  

പ്രിയ സുഹൃത്തേ, നിങ്ങൾ ദുരിതങ്ങളുടെ വെള്ളപ്പൊക്കത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ ദയവായി നിരാശപ്പെടരുത്, ഭയപ്പെടരുത്. കർത്താവായ യേശു നിങ്ങളുടെ കഷ്ടതയുടെ നടുവിലുണ്ട്. അവൻ നിങ്ങളുടെ കൈ പിടിച്ച് പെരുവെള്ളത്തിൽ നിന്ന് നിങ്ങളെ വലിച്ചെടുക്കും.

Prayer:
പ്രിയ കർത്താവേ, അങ്ങയുടെ സ്നേഹനിർഭരമായ വാഗ്‌ദത്തത്താൽ എന്നെ പ്രോത്സാഹിപ്പിച്ചതിന് നന്ദി. അങ്ങയുടെ ശക്തമായ കരം നീട്ടി പെരുവെള്ളത്തിൽ നിന്ന് എന്നെ ഉയർത്തേണമേ. ഓരോ ദിവസവും ഞാൻ അഗാധമായ വേദനയിൽ മുങ്ങിപ്പോകുന്നതായി എനിക്ക് തോന്നുന്നു. ദയവായി എന്നെ ഓർക്കുകയും എന്നെ താഴ്ത്തുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും എന്നെ ഉയർത്തുകയും ചെയ്യേണമേ. അങ്ങയുടെ മഹത്തായ നാമത്തിൽ എല്ലാ ശാപങ്ങളും അടിച്ചമർത്തലും എന്റെ  ജീവിതത്തിൽ നിന്ന് നീക്കം ചെയ്യപ്പെടട്ടെ. ദയവായി എന്റെ കരം പിടിക്കുകയും എന്റെ എല്ലാ പ്രശ്നങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കുകയും ചെയ്യേണമേ. എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അങ്ങയുടെ പുനഃസ്ഥാപനം നടക്കട്ടെ. സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കുകയും ഒരു അത്ഭുതം പ്രവർത്തിക്കുകയും ചെയ്തതിന് അങ്ങേക്ക് നന്ദി. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.