എൻ്റെ വിലയേറിയ ദൈവപൈതലേ, ഇന്ന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു, ദൈവം തൻ്റെ ജീവനുള്ള വചനത്തിലൂടെ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. സങ്കീർത്തനം 16:11 ഇപ്രകാരം പ്രഖ്യാപിക്കുന്നു, “നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.” ദൈവപുരുഷനായ മോശെ വളരെയധികം വിഷമിക്കുകയും പല ഭാരങ്ങളാൽ ഭാരപ്പെടുകയും ചെയ്തു. ആ നിമിഷങ്ങളിൽ അവൻ കർത്താവിങ്കലേക്ക് നോക്കി. നിങ്ങൾ പുറപ്പാട് 33:14 വായിക്കുകയാണെങ്കിൽ, കർത്താവിൻ്റെ ആശ്വാസകരമായ വാഗ്ദത്തം പറയുന്നു, "എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും."
എൻ്റെ സുഹൃത്തേ, നിങ്ങൾ മോശെയെപ്പോലെ വിഷമിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തിലെ നിരവധി വെല്ലുവിളികളാൽ നിങ്ങൾ തളർന്നിരിക്കുകയാണോ? "കർത്താവിന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും" എന്ന് ദൈവവചനം നമുക്ക് ഉറപ്പുതരുന്നു. "മകനേ, ഞാൻ നിനക്ക് സ്വസ്ഥത നല്കും" എന്ന് കർത്താവ് തന്നെ വാഗ്ദത്തം ചെയ്യുന്നു. നാം എന്ത് ചെയ്യണം? മോശെ ചെയ്തതുപോലെ, നാം കർത്താവിങ്കലേക്ക് നോക്കേണ്ടതുണ്ട്. മോശെ മണിക്കൂറുകളോളം ദിവസങ്ങളോളം ദൈവത്തിന്റെ സന്നിധിയിൽ ചെലവഴിച്ചു, തന്റെ ഹൃദയം അവന്റെ മുമ്പിൽ പകർന്നു. കർത്താവ് വിശ്വസ്തതയോടെ മോശെയുടെ മുമ്പിൽ പോയി, അവനെ നയിച്ചു, എല്ലാ പ്രയാസങ്ങളിൽ നിന്നും യിസ്രായേൽമക്കളെ വിടുവിച്ചു. സങ്കീർത്തനം 16:11 നമ്മെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു, " നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണത ഉണ്ടു." അതുപോലെ, സങ്കീർത്തനം 31:19-20 പ്രഖ്യാപിക്കുന്നു, ദൈവം നമ്മെ മനുഷ്യരുടെ കൂട്ടുകെട്ടിൽനിന്നു വിടുവിച്ചു അവന്റെ സാന്നിധ്യത്തിന്റെ മറവിൽ മറെക്കും. ദൈവം നമ്മെ നാവുകളുടെ വക്കാണത്തിൽനിന്നു രക്ഷിച്ചു അവന്റെ കൂടാരത്തിന്നകത്തു ഒളിപ്പിക്കും.
ഞങ്ങളുടെ സ്വന്തം കുടുംബത്തിൽ, ഞങ്ങൾ നിരവധി പോരാട്ടങ്ങൾ സഹിച്ചിട്ടുണ്ട്, പ്രത്യേകിച്ചും ഞങ്ങളുടെ വിലയേറിയ മകൾ ഇവാഞ്ചലിൻ വെറും 17 വയസ്സിൽ നഷ്ടപ്പെട്ടപ്പോൾ. ഞങ്ങളുടെ എല്ലാ പ്രതീക്ഷയും സന്തോഷവും ജീവിക്കാനുള്ള കാരണവും ഇല്ലാതായതുപോലെ തോന്നി. ഞങ്ങളുടെ ഹൃദയം ദുഃഖത്താൽ നിറഞ്ഞിരുന്നു, ഞങ്ങൾ നിരന്തരം കരയുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു പ്രഭാതത്തിൽ, രാവിലെ 6 മണിക്കുള്ള ഞങ്ങളുടെ പതിവ് കുടുംബ പ്രാർത്ഥനാ സമയത്ത്, മുമ്പെങ്ങുമില്ലാത്തവിധം ദൈവത്തിന്റെ സാന്നിധ്യം ഞങ്ങളുടെ മേൽ വന്നു. ഞങ്ങളെല്ലാവരും ദൈവത്തിൻ്റെ ശക്തിയാൽ നിറഞ്ഞു, പെട്ടെന്ന്, ഞങ്ങളുടെ ദുഃഖം, ചിരിയും സന്തോഷവുമായി മാറി.
1 പത്രൊസ് 1:8-ൽ പറയുന്നതുപോലെ, അത് "പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷം" ആയിരുന്നു. ആ നിമിഷം, ദൈവത്തിൻ്റെ ശബ്ദം ഞങ്ങൾ കേട്ടു, “എൻ്റെ മക്കളേ, നിങ്ങളുടെ വേദന ഞാൻ അറിയുന്നു. ഞാൻ നിങ്ങളോട് ചോദിക്കുന്നു - ഈ സമയത്ത് നിങ്ങൾ എന്നെ നിരാശപ്പെടുത്തുമോ? നിങ്ങൾ എൻ്റെ പ്രവൃത്തി തുടരുമോ അതോ എന്നിൽ നിന്ന് അകന്നുപോകുമോ?" ഞങ്ങൾ ഒരുമിച്ചു നിലവിളിച്ചുകൊണ്ട്: കർത്താവേ, അങ്ങയെ ഉപേക്ഷിച്ചാൽ ഞങ്ങൾ എവിടെ പോകും? അങ്ങാണ് ഞങ്ങളുടെ പ്രതീക്ഷയും സന്തോഷവും!" ആ നിമിഷം മുതൽ, കർത്താവ് ഞങ്ങളിൽ നവീകരിച്ച പ്രത്യാശയെ നിറയ്ക്കുകയും ഒരിക്കൽ കൂടി അവൻ്റെ ഇഷ്ടം ചെയ്യാൻ ഞങ്ങളെ സ്വയം പ്രതിജ്ഞാബദ്ധരാക്കുകയും ചെയ്തു.
നിങ്ങളുടെ ജീവിതത്തിലെ ആകുലതകളാലും പോരാട്ടങ്ങളാലും നിങ്ങൾ ഭാരപ്പെട്ടിട്ടുണ്ടോ? അതേ കർത്താവ് നിങ്ങളെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കും. പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷം അവൻ നിങ്ങൾക്ക് നൽകും, അവൻ നിങ്ങൾക്കായി പുതിയ വാതിലുകൾ തുറക്കും. ഹല്ലേലൂയാ! നിങ്ങളും ഞാനും എത്ര വലിയ വിശ്വസ്തനായ ദൈവത്തെയാണ് സേവിക്കുന്നത്!
PRAYER:
സ്‌നേഹവാനായ സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും സമാധാനവും തേടി ഞാൻ അങ്ങയുടെ സന്നിധിയിലേക്ക് വരുന്നു. എൻ്റെ മുമ്പിൽ പോയി എനിക്ക് സ്വസ്ഥത നൽകാമെന്ന് വാഗ്‌ദത്തം ചെയ്തതിന് അങ്ങേക്ക് നന്ദി. എന്റെ ദൃഷ്ടി അങ്ങിൽ ഉറപ്പിക്കാനും അങ്ങയെ പൂർണ്ണമായും വിശ്വസിക്കാനും ദയവായി എന്നെ പഠിപ്പിക്കേണമേ. കർത്താവേ, അങ്ങയുടെ സന്നിധിയിലെ മറവിൽ എന്നെ മറെക്കേണമേ. എന്നെ തളർത്തുന്ന എല്ലാ ആശങ്കകളിൽ നിന്നും പോരാട്ടങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കേണമേ. അങ്ങയുടെ സന്നിധിയിൽ മാത്രം കാണപ്പെടുന്ന, പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്താൽ എന്നെ നിറയ്ക്കണമേ. അങ്ങയുടെ ഹിതം അനുസരിക്കാൻ എൻ്റെ പ്രത്യാശയെ പുതുക്കുകയും എൻ്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്യണമേ. പരിശുദ്ധാത്മാവേ, ദയവായി എന്നെ നയിക്കുകയും എൻ്റെ മുമ്പിൽ പുതിയ വാതിലുകൾ തുറക്കുകയും ചെയ്യേണമേ. എൻ്റെ ജീവിതത്തിൽ വിശ്വസ്തനായ ദൈവമായതിന് അങ്ങേക്ക് നന്ദി. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.