പ്രിയ സുഹൃത്തേ, ഇന്ന് നാം മത്തായി 5:14 ധ്യാനിക്കാൻ പോകുന്നു. വേദപുസ്തകം ഇപ്രകാരം പറയുന്നു, “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.” യോഹന്നാൻ 1:4 -ലും വേദപുസ്തകം പറയുന്നു, "അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു." നമുക്ക് സ്വയം പ്രകാശിക്കാനാവില്ല; വെളിച്ചം ദൈവത്തിൽനിന്നു വരുന്നു. അടുത്ത വാക്യം പറയുന്നു, " വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല." ഈ ലോകം ഇരുൾ നിറഞ്ഞതാണ്. എന്നാൽ നാം ദൈവത്തിൻ്റെ ജീവനാൽ നിറയുമ്പോൾ, നമുക്ക് ചുറ്റുമുള്ള അന്ധകാരത്തെ അകറ്റുകയും അവൻ്റെ മഹത്വത്തിനായി പ്രകാശിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ശൌൽ ഒരിക്കൽ ക്രിസ്ത്യാനികളെ പീഡിപ്പിച്ച് ഇരുട്ടിൽ നടക്കുകയായിരുന്നു. യേശു അവന്നു പ്രത്യക്ഷനായപ്പോൾ സൂര്യനെക്കാൾ പ്രകാശമുള്ള ഒരു പ്രകാശം സ്വർഗ്ഗത്തിൽനിന്നു തനിക്കു ചുറ്റും പ്രകാശിക്കുന്നതായി കണ്ടു. ആ നിമിഷം മുതൽ ദൈവം അവനെ സ്പർശിക്കുകയും അവൻ ജനങ്ങളെ ശുശ്രൂഷിക്കാൻ തുടങ്ങുകയും ചെയ്തു. അവൻ എത്രയധികം ശുശ്രൂഷ ചെയ്യുന്നുവോ അത്രയധികം ദൈവത്തിൻറെ പ്രകാശം അവനിൽ പ്രകാശിച്ചു. അതെ, ദൈവം നമുക്കുവേണ്ടിയും അതുതന്നെയാണ് ആഗ്രഹിക്കുന്നത്.
ഒരു തമിഴ് പഴഞ്ചൊല്ല് പറയുന്നു, "കിണറ്റിൽ നിന്ന് എത്രത്തോളം വെള്ളം എടുക്കുന്നുവോ അത്രത്തോളം അതിൽ നിന്ന് പുറത്തുവരുന്നു." കിണർ ഒരിക്കലും വറ്റില്ല; വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നു. അതുപോലെ, നാം ദൈവത്തിൻ്റെ സുവിശേഷം എത്രയധികം പങ്കുവെക്കുന്നുവോ അത്രയധികം നാം കർത്താവിനായി പ്രകാശിക്കുന്നു. നാം വിളിക്കപ്പെട്ടിരിക്കുന്നത് സുവിശേഷം അറിയിക്കാൻ മാത്രമല്ല, സാധ്യമായ എല്ലാ വിധത്തിലും നാം അവന് സേവനം ചെയ്യുകയും വേണം. നമുക്ക് മറ്റുള്ളവരോട് ദയ കാണിക്കാനും നമ്മുടെ സാക്ഷ്യം പങ്കിടാനും ചെറിയ വഴികളിൽപ്പോലും ദൈവത്തിൻറെ വെളിച്ചത്തെ പ്രതിഫലിപ്പിക്കാനും കഴിയും. യോഹന്നാൻ സ്നാപകനെക്കുറിച്ച് വേദപുസ്തകം ഇങ്ങനെ പറയുന്നു. യോഹന്നാൻ 5:35-ൽ യേശു തന്നെ പറഞ്ഞു, "യോഹന്നാൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു." അവൻ ദൈവത്തിൻറെ പ്രകാശത്താൽ ജ്വലിച്ചു. അതെ, നാം പ്രകാശിപ്പിക്കുന്ന പ്രകാശം നമ്മിൽ നിന്നല്ല വരുന്നത്, മറിച്ച് അത് ദൈവമഹത്വത്തിൻറെ പ്രതിഫലനമാണ്.
പ്രിയ സുഹൃത്തേ, നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങളിലുള്ള ക്രിസ്തു മഹത്വത്തിൻറെ പ്രത്യാശയാണ്. തൻറെ പ്രകാശം പ്രതിഫലിപ്പിക്കാൻ അവൻ നിങ്ങളെ പ്രാപ്തരാക്കുന്നു. "എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും" (യെശയ്യാവ് 60: 1,3). ഇന്നും ദൈവത്തിൻറെ പ്രകാശം നിങ്ങളിൽ പ്രകാശിക്കുന്നു. ഇന്ത്യയിൽ, ജനങ്ങൾക്കായി 'ലൈറ്റ് ഹൌസുകൾ' എന്ന് ഞങ്ങൾ വിളിക്കുന്ന നൂറിലധികം പ്രാർത്ഥനാ ഗോപുരങ്ങളുണ്ട്. അവർ പലരെയും ദൈവത്തിങ്കലേക്ക് ആകർഷിക്കുന്നു. പ്രാർത്ഥനയിലൂടെയാണ് ഈ വിളക്കുകൾ ജ്വലിക്കുന്നത്. ആളുകൾ പ്രാർത്ഥന തേടുകയും ദൈവത്തിൽ നിന്ന് അത്ഭുതങ്ങൾ സ്വീകരിക്കുകയും ചെയ്യുമ്പോൾ, അവർ മറ്റുള്ളവർക്കായി പ്രാർത്ഥിക്കാൻ തുടങ്ങുന്നു. യേശുവിൻറെ ജീവൻ അവരിൽ പ്രവേശിക്കുകയും അവർക്ക് അവൻറെ പ്രകാശം ലഭിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അവർ കർത്താവിനായി പൂർണ്ണ ശക്തിയോടെ തിളങ്ങിക്കൊണ്ട് ധൈര്യത്തോടെ മുന്നേറുന്നത്. നിങ്ങൾ അവരിൽ ഒരാളാകട്ടെ.
ഇന്നും ദൈവത്തിൻറെ പ്രകാശം സ്വീകരിക്കാൻ നിങ്ങളുടെ ഹൃദയത്തെ ഒരുക്കുക. വേദപുസ്തകം പറയുന്നു, "ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും" (സങ്കീർത്തനങ്ങൾ 89:15). നിങ്ങൾ ദൈവത്തിൻറെ മുഖം കാണുകയും നിങ്ങൾ യഥാർത്ഥത്തിൽ ലോകത്തിൻറെ വെളിച്ചം ആകുകയും ചെയ്യട്ടെ!
PRAYER:
പ്രിയ സ്വർഗ്ഗീയപിതാവേ, ലോകത്തിൻ്റെ വെളിച്ചമാകാൻ എന്നെ വിളിച്ചതിന് അങ്ങേക്ക് നന്ദി. അങ്ങയുടെ മഹത്വത്തിനായി ഞാൻ പ്രകാശിക്കത്തക്കവണ്ണം അങ്ങയുടെ ജീവനാൽ എന്നെ നിറയ്ക്കണമേ. എനിക്ക് ചുറ്റുമുള്ള എല്ലാ അന്ധകാരങ്ങളെയും അകറ്റി എന്നെ അങ്ങയുടെ സ്നേഹത്തിൻ്റെ പാത്രമാക്കേണമേ. ശൌലിനെപ്പോലെ, അങ്ങയുടെ നാമം ധൈര്യത്തോടെ പ്രഖ്യാപിക്കാൻ എൻറെ ജീവിതത്തെ രൂപാന്തരപ്പെടുത്തേണമേ. അങ്ങയുടെ സുവിശേഷം അറിയിക്കാനും സന്തോഷത്തോടെ അങ്ങയെ സേവിക്കാനും എന്നെ സഹായിക്കണമേ. യോഹന്നാൻ സ്നാപകൻ അങ്ങേക്കായി ജ്വലിച്ചതുപോലെ എന്റെ ജീവിതം അങ്ങയുടെ ദിവ്യപ്രകാശത്തിൻറെ പ്രതിഫലനമായിരിക്കട്ടെ. അങ്ങയുടെ മുഖപ്രകാശത്തിൽ ഞാൻ ദിവസവും നടക്കുകയും മറ്റുള്ളവരെ അങ്ങയിലേക്ക് ആകർഷിക്കുകയും ചെയ്യട്ടെ. കർത്താവേ, അനേകരെ അങ്ങയുടെ തൊഴുത്തിലേക്ക് നയിക്കുവാനായി, എന്നെ പ്രത്യാശയുടെ ഒരു ലൈറ്റ് ഹൌസ് ആക്കി മാറ്റേണമേ. ഞാൻ എന്നെ അങ്ങേക്ക് സമർപ്പിക്കുന്നു. കർത്താവായ യേശുവേ, എന്നിലൂടെ പ്രകാശിക്കണമേ! യേശുവിൻ്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.