എൻ്റെ വിലയേറിയ സുഹൃത്തേ, ഇന്നത്തെ വാഗ്‌ദത്തം റോമർ 8:31-ൽ നിന്നുള്ളതാണ്, അത് ഇപ്രകാരം പ്രഖ്യാപിക്കുന്നു, “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?" അതനുസരിച്ച്, കർത്താവ് നിങ്ങളോടൊപ്പമുണ്ട്, അവൻ നിങ്ങളുടെ പക്ഷത്താണ്. ദൈവം നിങ്ങൾക്ക് അനുകൂലമാണെങ്കിൽ, നിങ്ങൾക്ക് എതിരാകാൻ ആർക്കാണ് കഴിയുക?
അവൻ്റെ രക്തത്താൽ അവൻ നിങ്ങളെ വാങ്ങിയതിനാൽ നിങ്ങൾ കർത്താവിനുള്ളവരാണ്. അവൻ നിങ്ങളെ അവൻ്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു. അവൻ നിങ്ങളെ എന്നെങ്കിലും മറക്കുമോ? ആളുകൾ നിങ്ങളോട് യുദ്ധം ചെയ്തേക്കാം, പക്ഷേ അവർ വിജയിക്കുകയില്ല, കാരണം കർത്താവ് നിങ്ങളുടെ പക്ഷത്താണ്. ഇന്ന് അവൻ നിങ്ങളോട് അരുളിച്ചെയ്യുന്നു: "ഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും. ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും നൽകും" (യെശയ്യാവ് 45:2 & 3). അവൻ ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു, "എന്റെ പൈതലേ, നിനക്കെതിരെ നിൽക്കുന്നതിലൂടെ ആർക്കും നിന്നെ മറികടക്കാൻ കഴിയില്ല" കാരണം അവൻ നിന്നോടൊപ്പമുണ്ട്. അതുകൊണ്ട് ഭയപ്പെടേണ്ട.
ഭുവനേശ്വരി എന്ന ഒരു സഹോദരി തന്റെ സാക്ഷ്യം ഇങ്ങനെ പങ്കുവെച്ചു: ഭർത്താവിന്റെ ഒരു സുഹൃത്ത് തുടക്കത്തിൽ വളരെ നല്ല സുഹൃത്തായി പ്രവർത്തിച്ചിരുന്നു, എന്നാൽ ഭർത്താവിന് വായ്പ നൽകിയ ചെറിയ തുകയ്ക്ക് അവരുടെ വിലയേറിയ വീട് (കോടിക്കണക്കിന് രൂപ വിലമതിക്കുന്ന) ജാമ്യമായി അദ്ദേഹം എടുത്തു. തുടർന്ന് വീട് തൻ്റേതാണെന്ന് പറഞ്ഞ് അവരെ ഒഴിപ്പിക്കുകയും ചെയ്തു. തകർന്നുപോയ അവർ അവരുടെ വീടിന് വേണ്ടി പോരാടാൻ കോടതിയിൽ പോയെങ്കിലും നിയമ പോരാട്ടം 20 വർഷം നീണ്ടുനിന്നു. നിർഭാഗ്യവശാൽ, ഈ കാലയളവിൽ അവളുടെ ഭർത്താവ് മരിച്ചു.
അവളുടെ നഗരത്തിലെ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരം സന്ദർശിക്കാൻ ആരോ അവളോട് നിർദ്ദേശിച്ചു. എല്ലാ ചൊവ്വാഴ്ചയും നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ അവൾ പങ്കെടുക്കുകയും തന്റെ അടിമത്തം തകർക്കാനും വീട്ടിലേക്ക് മടക്കികൊണ്ടുവരാനും ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. ഉടനെ ഒരു അത്ഭുതം സംഭവിച്ചു! അവൾക്ക് തീർത്തും അജ്ഞാതനായ ഒരു അഭിഭാഷകൻ അവളെ സമീപിക്കുകയും അവളുടെ കേസ് ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അവൻ അവളുടെ കേസ് നടത്തി, ജഡ്ജി അവൾക്ക് അനുകൂലമായി വിധിച്ചു. കുറച്ചുകൂടി പണം നൽകിയാൽ വീട് തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അവളെ വഞ്ചിച്ചയാൾ തിരിച്ചെത്തി. അവൾക്ക് അവളുടെ വീട് വീണ്ടെടുക്കാൻ കഴിഞ്ഞു, ഇപ്പോൾ അവിടെ താമസിക്കുന്നു. എൻ്റെ സുഹൃത്തേ, എന്തൊരു അത്ഭുതകരമായ സാക്ഷ്യം! ദൈവം നമുക്ക് അനുകൂലമാണെങ്കിൽ, നമുക്ക് പ്രതികൂലമായി ആരുണ്ടാകും?
Prayer:
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സ്നേഹവാഗ്ദാനത്തിന് നന്ദി. എന്നോടുള്ള അങ്ങയുടെ സ്നേഹം മറ്റേതിനെക്കാളും വലുതും ശക്തവുമാണ്. അങ്ങയുടെ വിലയേറിയ രക്തത്താൽ അങ്ങ് എന്നെ വാങ്ങി, എന്നെ അങ്ങയുടെ സ്വന്തമാക്കിയിരിക്കുന്നു. അങ്ങ് അറിയാതെ എൻ്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. കർത്താവേ, അങ്ങ് വാഗ്ദത്തം ചെയ്തതുപോലെ, അങ്ങ് എന്നോടൊപ്പമുണ്ടെന്ന് എല്ലാവരേയും കാണിക്കണമേ. ഞാൻ കടന്നുപോകുന്ന ഈ യുദ്ധത്തിൽ പോരാടേണമേ, വിജയത്തോടെ ഉയർന്നുവരാൻ എന്നെ സഹായിക്കേണമേ. കർത്താവേ, ദയവായി എനിക്ക് മുമ്പായി പോയി എല്ലാ വളഞ്ഞ പാതകളും എനിക്ക് നേരെയാക്കേണമേ. അങ്ങ് എന്നോടൊപ്പമുണ്ടെങ്കിൽ യാതൊന്നിനും എന്നെ ഉപദ്രവിക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം അങ്ങ് എപ്പോഴും എന്നെ നിരീക്ഷിക്കുന്നു. കർത്താവേ, എനിക്കുവേണ്ടി നിലകൊള്ളുന്നതിനും എൻ്റെ യുദ്ധത്തിൽ പോരാടുന്നതിനും അങ്ങേക്ക് നന്ദി. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.