എന്റെ വിലയേറിയ സുഹൃത്തേ, "നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ" 1 യോഹന്നാൻ 4:4-ൽ വെളിപ്പെടുത്തിയിരിക്കുന്നതുപോലെ, രണ്ട് വ്യക്തികൾ പ്രവർത്തിക്കുന്നുണ്ട് - വലിയവനും ലോകത്തിലുള്ളവനും. ഈ ലോകത്തിലുള്ളവൻ പിശാചാണ്. യോഹന്നാൻ 10:10 - ൽ മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനും വരുന്ന കള്ളൻ എന്ന് അവനെ വിളിക്കുന്നു. പാപം അനേകം ജീവിതങ്ങളുടെയും ഭൂമിയുടെയും മേൽ, പിശാചിന് ആധിപത്യം നൽകിയിരിക്കുന്നതിനാൽ ഈ ലോകത്തിൽ നമുക്ക് കഷ്ടതകൾ നേരിടേണ്ടിവരുമെന്ന് യേശു തന്നെ യോഹന്നാൻ 16:33-ൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

റോമർ 6:23 നമ്മോട് പറയുന്നത്, പാപം മരണത്തിന് കാരണമാകുന്നു എന്നാണ്. അതുകൊണ്ടാണ് സാത്താൻ അന്ധകാരവും ഭയവും നാശവും വ്യാപിപ്പിക്കുകയും ആളുകളുടെ അനുഗ്രഹങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്നത്. എന്നാൽ നാം നമ്മുടെ ഹൃദയം തുറന്ന് ജീവദാതാവായ യേശുവിനെ ക്ഷണിക്കുമ്പോൾ എല്ലാം മാറുന്നു. മനുഷ്യശരീരം ധരിച്ച, പൂർണ്ണമായും ദൈവമായ യേശു, നമ്മുടെ എല്ലാ പാപങ്ങളും സ്വയം ഏറ്റെടുത്തു. അവൻ പൂർണ്ണമായും വിശുദ്ധനായിരുന്നിട്ടും, നമുക്കുവേണ്ടിയുള്ള ശിക്ഷ അവൻ വഹിച്ചു, അവന്റെ പാപങ്ങൾക്കുവേണ്ടിയല്ല, നമ്മുടെ പാപങ്ങൾക്കുവേണ്ടിയാണ് ക്രൂശിൽ കഷ്ടപ്പെട്ടത്. പാപത്തിന്റെ ആത്യന്തിക പരിണതഫലമായ മരണം തന്നെ നേരിട്ടുകൊണ്ട് അവൻ നമ്മുടെ സ്ഥാനത്ത് ഒരു ശാപമായി മാറി.

എന്നിരുന്നാലും, അവൻ ദൈവമായതിനാലും, മരണത്താൽ ദൈവത്തെ പിടിച്ചുനിർത്താൻ കഴിയാത്തതിനാലും, അവന്റെ ആത്മാവ് മൂന്നാം ദിവസം അവനെ ഉയിർപ്പിച്ചു. അവൻ മരണത്തെയും കല്ലറയെയും കീഴടക്കി, ഇന്ന് അവൻ ജീവിച്ചിരിക്കുന്നു! എന്തുകൊണ്ട്? നിങ്ങളിലേക്ക് വന്ന് ദൈവമുമ്പാകെ വിശുദ്ധനും സ്വീകാര്യനുമായ തന്റെ പൈതലായി നിങ്ങളെ ജീവനോടെ നിലനിർത്തുന്നതിനു തന്നെ. അന്ധകാരത്തിന്റെ ശക്തികളെ തകർക്കുകയും പാപത്തിന്റെ ശാപം തകർക്കുകയും ചെയ്ത അതേ യേശു ഇപ്പോൾ നിങ്ങളിൽ വസിക്കുന്നു. ആത്മാവിനും ബന്ധങ്ങൾക്കും ദൈനംദിന ജീവിതത്തിനും മരണം കൊണ്ടുവരുന്ന പിശാചിനെക്കാൾ വലുതാണ് അവൻ. യേശു നിങ്ങൾക്ക് ജയം നൽകുന്നു, എല്ലാ ശാപങ്ങളിൽ നിന്നും നിങ്ങളെ വിടുവിക്കുകയും  നിങ്ങളെ വിജയിയാക്കുകയും ചെയ്യുന്നു.

ഇന്ന്, അവൻ നിങ്ങളുടെ ഹൃദയത്തിന്റെ വാതിൽക്കൽ നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങൾ അവനോട് നിങ്ങളുടെ ഹൃദയം തുറന്ന്, "യേശുവേ, എന്റെ ഹൃദയത്തിലേക്ക് വരേണമേ, കർത്താവേ, എന്നിൽ വസിക്കണമേ" എന്ന് പറയുമോ? അവൻ സ്നേഹപൂർവ്വം ഇങ്ങനെ വിളിക്കുന്നു, "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും." നിങ്ങൾ അവന്റെ ശബ്ദം കേൾക്കുകയും നിങ്ങളുടെ ഹൃദയം തുറക്കുകയും ചെയ്താൽ, അവൻ നിങ്ങളുടെ ഉള്ളിൽ പ്രവേശിച്ച് ജീവിക്കും. ക്രിസ്തു അകത്തുണ്ടെങ്കിൽ  ഇരുട്ടിന്റെ ഒരു ശക്തിക്കും നിങ്ങളെ കീഴടക്കാൻ കഴിയില്ല. അവൻ നിങ്ങളെ പൂർണ്ണജയം പ്രാപിച്ചവനാക്കും. ദൈവം നിങ്ങളോടൊപ്പം ഉണ്ടായിരിക്കേണ്ടതല്ലേ? യേശുവാണ് വഴി. ഇന്ന് നിങ്ങളുടെ ഹൃദയം അവനുവേണ്ടി തുറക്കുക.

PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, എന്റെ ജീവിതത്തിൽ അങ്ങയുടെ സാന്നിധ്യം തേടി താഴ്മയുള്ള ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. കർത്താവായ യേശുവേ, ഇരുട്ടിന്റെ എല്ലാ ശക്തിയേക്കാളും അങ്ങ് വലിയവനാണെന്ന് ഞാൻ വിശ്വസിക്കുന്നു. ദയവായി എന്നിൽ വസിക്കണമേ. എന്റെ പാപങ്ങൾ സ്വയം ഏറ്റെടുക്കുന്നതിനും എന്റെ സ്ഥാനത്ത് മരിക്കുന്നതിനും വിജയത്തോടെ വീണ്ടും ഉയർന്നുവരുന്നതിനും നന്ദി. കർത്താവേ, അങ്ങിൽനിന്ന് എന്നെ വേർതിരിക്കുന്ന എല്ലാ പാപങ്ങളിൽ നിന്നും എന്നെ ശുദ്ധീകരിക്കണമേ. അങ്ങയുടെ മുമ്പിൽ എന്നെ വിശുദ്ധനാക്കണമേ. ഞാൻ ശത്രുവിന്റെ നുണകളെ നിരസിക്കുകയും അങ്ങയുടെ സത്യത്തിൻറെ സ്വാതന്ത്ര്യത്തിലും പ്രകാശത്തിലും നടക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. അങ്ങയുടെ പുനരുത്ഥാനത്തിന്റെ ശക്തിയിൽ എല്ലാ ദിവസവും ജീവിക്കാൻ കഴിയേണ്ടതിന് എന്നെ അങ്ങയുടെ ആത്മാവിനാൽ നിറയ്ക്കണമേ. അങ്ങയോടൊപ്പമുള്ള എന്റെ നടത്തത്തെ തടസ്സപ്പെടുത്തുന്ന എല്ലാ ശാപങ്ങളെയും, എല്ലാ ചങ്ങലകളെയും, എല്ലാ കോട്ടകളെയും തകർക്കണമേ. അങ്ങയുടെ സമാധാനം എന്റെ ഭയങ്ങളെ മാറ്റിസ്ഥാപിക്കട്ടെ, അങ്ങയുടെ സ്നേഹം എന്റെ ഉള്ളിലെ എല്ലാ സംശയങ്ങളെയും പുറത്താക്കട്ടെ. യേശുവേ, ഞാൻ എന്റെ ജീവിതം അങ്ങേക്ക് സമർപ്പിക്കുന്നു. എന്റെ കർത്താവും എന്റെ രക്ഷകനും എന്റെ നിത്യസഹായിയുമായിരിക്കേണമേ. എന്നെ പൂർണ്ണജയം പ്രാപിച്ചവനാക്കി മാറ്റിയതിന് അങ്ങേക്ക് നന്ദി. ഞാൻ എന്നേക്കും അങ്ങിൽ ആശ്രയിക്കുന്നു. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.