എൻ്റെ വിലയേറിയ സുഹൃത്തേ, “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്ന് അപ്പൊ. പ്രവൃത്തികൾ 17:28 നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്ന്, "ഞാൻ എങ്ങനെ ജീവിക്കും" എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിൽ ഒന്നും ഉറപ്പായി തോന്നുന്നില്ലായിരിക്കാം. വിഷാദം, ഭയം, വേദന, അല്ലെങ്കിൽ നിറവേറ്റപ്പെടാത്ത ആവശ്യങ്ങൾ എന്നിവയുടെ ഭാരം മൂലം നിങ്ങൾക്ക് ഈ ദിവസത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് ഉറപ്പില്ല, നിങ്ങൾക്ക് ചുറ്റുമുള്ളതെല്ലാം പരാജയപ്പെട്ടതായി തോന്നുന്നു, ഭാവി മേഘാവൃതമായി കാണപ്പെടുന്നു. പക്ഷേ, എൻ്റെ സുഹൃത്തേ, ഈ വാക്യം നമുക്ക് ഉറപ്പുനൽകുന്നു: "യേശുവിൽ, നിങ്ങൾ ജീവിക്കും."

നിങ്ങളുടെ ജീവിതം യേശുവിൻ്റെ കരങ്ങളിൽ ഏൽപ്പിക്കുകയും അവനിൽ സ്വയം സമർപ്പിക്കുകയും ചെയ്യുമ്പോൾ, ജീവിതമുണ്ടാകും - പ്രത്യാശയും ശക്തിയും ലക്ഷ്യവും നിറഞ്ഞ ഒരു ജീവിതം തന്നെ. അവനിൽ നിങ്ങൾ ജീവിക്കും. അത് മാത്രമല്ല, നിങ്ങൾ ചരിക്കും. ദൈവം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകും, നിങ്ങളുടെ സാഹചര്യങ്ങളെ മറികടക്കാൻ നിങ്ങളെ സഹായിക്കുകയും നിങ്ങളെ വിശാലമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവരുകയും ചെയ്യും.

ഇപ്പോൾ, നിങ്ങൾക്ക് ബന്ധിക്കപ്പെട്ടതായി, കുടുങ്ങിപ്പോയതായി, മുന്നോട്ട് പോകാൻ കഴിയാത്തതായി തോന്നിയേക്കാം. എന്നാൽ ഓർക്കുക, യേശു തന്നെ കുരിശിലേറ്റപ്പെട്ടു, പരിഹസിക്കപ്പെട്ടു, കുറ്റാരോപിതനായി. നിങ്ങളുടേത് മനസിലാക്കാനും വഹിക്കാനുമുള്ള ഏറ്റവും ആഴത്തിലുള്ള വേദന അവൻ സഹിച്ചു. നിങ്ങൾ കുടുങ്ങിക്കിടക്കുന്നതായി തോന്നിയാലും, മുന്നോട്ട് പോകാൻ ഒരു വഴിയുമില്ലെങ്കിലും, ധൈര്യപ്പെടുക - നിങ്ങൾ അവനിൽ സ്തംഭിക്കില്ലെന്ന് യേശു വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ പരാജയപ്പെടുകയില്ല. നിങ്ങൾ ജീവിക്കും. നിങ്ങൾ ചരിക്കും. യേശു നിങ്ങളുടെ ഉള്ളിൽ വസിക്കുകയും നിങ്ങളുടെ ആത്മാവിലേക്കും മനസ്സിലേക്കും ശരീരത്തിലേക്കും തൻറെ ജീവൻ കൊണ്ടുവരികയും ചെയ്യും. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകാൻ അനുവദിക്കരുത്.

ഔറംഗബാദിൽ നിന്നുള്ള സോനം എന്ന പെൺകുട്ടിയെ യേശു സഹായിച്ചു. സോനത്തിൻ്റെ വീട് നിരന്തര പോരാട്ടവും പ്രക്ഷുബ്ധവും നിറഞ്ഞതായിരുന്നു. അവളുടെ മാതാപിതാക്കളുടെ കലഹങ്ങൾ പിശാചുക്കൾക്ക് വാതിൽ തുറന്നുകൊടുത്തു, ദാരുണമായി, അവളുടെ അമ്മയും അച്ഛനും സ്വന്തം ജീവൻ നശിപ്പിച്ചു. സോനത്തിൻ്റെ ലോകം തകർന്നു, അവൾക്ക് ചുറ്റുമുള്ള എല്ലാ വഴികളും അടഞ്ഞതായി തോന്നി. പിന്നീട് അമ്മാവൻ അവളെ കൊണ്ടുപോയി. എന്നാൽ ദുരാത്മാക്കൾ സോനത്തിൻ്റെ  പിന്നാലെ വന്ന് പീഡിപ്പിക്കാൻ തുടങ്ങി. ഈ സമയത്താണ് ആരോ അവളോട് പറഞ്ഞത്, "യേശു നിന്നെ സ്നേഹിക്കുന്നു, അവൻ നിന്നെ സഹായിക്കും." ഈ പ്രതീക്ഷയെ മുറുകെ പിടിച്ച്, "യേശുവേ, എന്നെ സഹായിക്കേണമേ" എന്ന് പറഞ്ഞ് സോനം പ്രാർത്ഥിച്ചു.

അത്ഭുതകരമായി, വാതിലുകൾ തുറക്കാൻ തുടങ്ങി. അവളെ ഒരു നഴ്സിംഗ് കോളേജിൽ പ്രവേശിപ്പിച്ചു, അവിടെ അവളുടെ സഹപാഠിയായ ദീപാലി, യേശു വിളിക്കുന്നു യുവജന പങ്കാളി, അവളെ യേശു വിളിക്കുന്നു ശുശ്രൂഷയിലേക്ക് പരിചയപ്പെടുത്തി. യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിലെ മദ്ധ്യസ്ഥരുടെ പ്രാർത്ഥനയിലൂടെ ദുരാത്മാക്കൾ അവളെ ഉപേക്ഷിക്കുകയും സോനത്തിൻ്റെ ഹൃദയത്തിൽ സമാധാനം നിറയാൻ തുടങ്ങുകയും ചെയ്തു. അവളുടെ ദുഃഖം സന്തോഷമായി മാറി, അവൾ പ്രാർത്ഥനയിൽ ദൈവത്തെ അന്വേഷിച്ചുകൊണ്ടിരുന്നപ്പോൾ, അവൻ അവളെ തൻ്റെ പരിശുദ്ധാത്മാവിനാൽ നിറച്ചു.

സോനത്തിൻ്റെ ജീവിതം എന്നെന്നേക്കുമായി മാറി. അവളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രാർത്ഥനാ പിന്തുണയ്‌ക്കായി അവൾ ഇമെയിൽ വഴി എന്നെ സമീപിച്ചു, ഞാൻ അവൾക്ക് ഒരു മറുപടി അയച്ച് അവൾക്കായി പ്രാർത്ഥിച്ചു. താമസിയാതെ, അവൾ അവളുടെ പരീക്ഷകളിൽ വിജയിക്കുകയും ഒരു ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയി ജോലി നേടുകയും ചെയ്തു. ഇന്ന്, മുന്നോട്ട് പോകാനും ജീവിക്കാനും യേശുവിലുള്ള പരിശുദ്ധാത്മാവിലൂടെ കൃപയാൽ അവൾ നിറഞ്ഞിരിക്കുന്നു. ദൈവത്തിന് അവളുടെ ജീവിതത്തെ അനുഗ്രഹിക്കാനും പരിവർത്തനം ചെയ്യാനും കഴിയുമെങ്കിൽ, നിങ്ങൾക്കും അതുതന്നെ ചെയ്യാൻ അവനു കഴിയും.

ഇന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ ജീവിക്കും. നിങ്ങൾ മുന്നോട്ട് പോകും. നിങ്ങൾ യേശുവിൽ ആയിരിക്കുകയും ചെയ്യും.

PRAYER:
പ്രിയ കർത്താവേ, യേശുവിനെ എൻ്റെ രക്ഷകനായി ഈ ലോകത്തിലേക്ക് അയച്ചതിനും അവനിൽ ഞാൻ ജീവനും വളർച്ചയും യഥാർത്ഥ ലക്ഷ്യവും കണ്ടെത്തുമെന്ന വാഗ്‌ദത്തത്തിനും അങ്ങേക്ക് നന്ദി. അങ്ങയുടെ വചനം ഇപ്രകാരം പ്രഖ്യാപിക്കുന്നു, "പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും." അങ്ങാണ് സമ്പൂർണ്ണനും പരിപൂർണ്ണനും. അങ്ങ് എന്നിൽ വസിക്കുമ്പോൾ, നിശ്ചലവും പ്രതീക്ഷയില്ലാത്തതും വരണ്ടതും അടിച്ചമർത്തുന്നതുമായ എല്ലാം ഓടിപ്പോകും. അതുകൊണ്ട് ഇന്ന്, അങ്ങയുടെ സാന്നിധ്യം കൊണ്ട് അങ്ങ് എന്നെ നിറയ്ക്കുമെന്നും എന്നെ പൂർണനാക്കുമെന്നും വിശ്വസിച്ചുകൊണ്ട് ഞാൻ എന്നെ പൂർണ്ണമായും അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ പ്രകാശത്തിൽ പൂർണമായി ജീവിക്കാൻ ഞാൻ അങ്ങയിൽ ആയിരിക്കാൻ ആഗ്രഹിക്കുന്നു. ശക്തിയോടെ മുന്നോട്ട് പോകാനും അങ്ങയുടെ സാന്നിധ്യത്തിന്റെ പൂർണ്ണതയിൽ ജീവിക്കാനും യേശുവിൽ അങ്ങയുടെ പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ ഞാൻ ആയിരിക്കാനും ദയവായി എനിക്ക് കൃപ നൽകേണമേ. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.