പ്രിയ സുഹൃത്തേ, മത്തായി 5:8-ൽ ഉള്ളതുപോലെ, നമ്മുടെ കർത്താവായ യേശു പറയുന്നു, “ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും." മത്തായിയുടെ അഞ്ചാം അധ്യായം മുഴുവനും "ഗിരിപ്രഭാഷണങ്ങളിലെ" വിവിധതരത്തിലുള്ള ഒമ്പത് അനുഗ്രഹങ്ങളെക്കുറിച്ച് കർത്താവ് പരാമർശിച്ചിരിക്കുന്നു. ഈ ലോകത്ത് നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണിത് - “ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും."

എങ്ങനെയാണ് നാം ഹൃദയത്തിൽ ശുദ്ധരാകുന്നത്? യഥാർത്ഥ നീതിയുടെ കൂട്ടായ്മയിൽ പങ്കുചേരാനുള്ള യേശുവിൽ നിന്നുള്ള മനോഹരമായ ക്ഷണമാണിത്. യേശുവിൽ നിന്നുള്ള ഈ ക്ഷണം നിങ്ങൾ സ്വീകരിക്കുകയാണെങ്കിൽ, നിങ്ങൾ തീർച്ചയായും അനുഗ്രഹീതരും നിങ്ങളുടെ ഹൃദയത്തിൽ ശുദ്ധരും ആയിരിക്കും. ബാഹ്യമായ വിശുദ്ധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, നമ്മുടെ ഹൃദയത്തിനുള്ളിലെ വിശുദ്ധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യേശു നമ്മെ ഉപദേശിക്കുന്നത്. യഹൂദമതത്തിൽ, ആളുകൾ ആചാരപരമായ കഴുകൽ പിന്തുടർന്നു, കൈകളും കാലുകളും അവരുടെ മുഴുവൻ ശരീരവും കഴുകികൊണ്ട്  ബാഹ്യമായ വിശുദ്ധിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് അവരെ ശരീരത്തിലും ഹൃദയത്തിലും ശുദ്ധരാക്കുമെന്ന് അവർ വിശ്വസിച്ചു. എന്നിരുന്നാലും, യേശു യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് വിശുദ്ധി ഉള്ളിൽ നിന്ന് വരണമെന്നാണ്. അതുകൊണ്ടാണ് സങ്കീർത്തനം 51:10-ൽ ദാവീദ് ദൈവത്തോട് ഇപ്രകാരം നിലവിളിച്ചത്, "ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ." ഒരു മനുഷ്യൻ നമ്മുടെ ബാഹ്യരൂപത്തെ അടിസ്ഥാനമാക്കി നമ്മെ വിധിച്ചേക്കാം, എന്നാൽ ദൈവം നമ്മുടെ ഹൃദയങ്ങളെ കാണുന്നു.

ഒരിക്കൽ യേശു നഥനയേൽ എന്ന യിസ്രായേല്യൻ്റെ ഹൃദയത്തിലേക്ക് നോക്കി. യോഹന്നാൻ 1:47-ൽ, യേശു പറഞ്ഞു, “ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല ” ദൈവം യഥാർത്ഥത്തിൽ നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലേക്ക് നോക്കുന്നു, അതിനാൽ നമ്മുടെ ഹൃദയങ്ങൾ ശുദ്ധമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. അപ്പോൾ കർത്താവായ യേശു നഥനയേലിനോട് പറഞ്ഞു, “ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും” സ്വർഗ്ഗത്തെയും ദൈവത്തെയും കാണുന്നത് എത്ര ധന്യമായ ജീവിതമാണ്.

ശുദ്ധമായ ഹൃദയമുള്ളപ്പോൾ സ്വർഗ്ഗം നിങ്ങൾക്കായി തുറക്കും. നിങ്ങൾ കർത്താവിൻ്റെ സൗന്ദര്യം കാണുകയും ദൈവവുമായി ആശയവിനിമയം നടത്തുകയും ചെയ്യും. കർത്താവ് നല്ലവൻ എന്നു നിങ്ങൾ രുചിച്ചറിയുകയും നിങ്ങളുടെ ഹൃദയദൃഷ്ടികളാൽ ക്രിസ്തുവിനെ കാണുകയും ചെയ്യും. ഏറ്റവും പ്രധാനമായി, നിങ്ങൾ ദൈവത്തെ ശരീര രൂപത്തിൽ കാണും. യേശുവിനെ മുഖാമുഖം കാണുന്നത് എത്ര അനുഗൃഹീതമായ ജീവിതമാണ്. "ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും." പ്രിയ സുഹൃത്തേ, നിങ്ങൾ അത് പ്രാർത്ഥിച്ച് സ്വീകരിക്കുമോ?

PRAYER:
സ്നേഹവാനായ പ്രിയ പിതാവേ, അങ്ങ് വാഗ്ദത്തം ചെയ്തതുപോലെ, ദയവായി സ്വർഗ്ഗം തുറക്കേണമേ. അങ്ങയെ മുഖാമുഖം കാണാനും അങ്ങയുടെ മഹത്വം കാണാനും ഞാൻ ആഗ്രഹിക്കുന്നു. ദൈവത്തിൻ്റെ ദൂതന്മാർ കയറുന്നതിനും ഇറങ്ങുന്നതിനും സാക്ഷ്യം വഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ തലമുതൽ പാദങ്ങൾ വരെ എന്നെ ശുദ്ധീകരിച്ചുകൊണ്ട് അങ്ങ് എന്നെ ഇതിന് യോഗ്യതയുള്ളവളാക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങയോടൊപ്പം അടുത്ത് നടക്കാനും എല്ലായ്പ്പോഴും അങ്ങയുടെ ശബ്ദം കേൾക്കാനും ദയവായി എന്നെ സഹായിക്കേണമേ. എൻ്റെ ഹൃദയത്തിൽ വിശുദ്ധിയും വിശ്വസ്തതയും നിറഞ്ഞ ഒരു ജീവിതം നയിക്കാൻ എനിക്ക് കൃപ നൽകണമേ. കർത്താവേ, എന്നെ വിശുദ്ധിയും നിർമ്മലതയും നീതിയും ഉള്ളവളാക്കിയതിന് അങ്ങേക്ക് നന്ദി. കർത്താവേ, എന്നെ ആത്മാർത്ഥമായി സ്നേഹിച്ചതിന് അങ്ങേക്ക് നന്ദി. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.