എൻ്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന്, നമ്മുടെ ധ്യാനത്തിനായി, 1 ശമൂവേൽ 2:9-ൽ നിന്നുള്ള വാഗ്ദത്ത വാക്യം നാം തിരഞ്ഞെടുത്തിരിക്കുന്നു, അതിൽ ഇപ്രകാരം പറയുന്നു: “തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ കാക്കുന്നു." ആരെയാണ് "അവൻ" എന്ന് പരാമർശിക്കുന്നത്? യെശയ്യാവ് 43:3 ഉം 15 ഉം പറയുന്നു, "അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു." ഇപ്പോൾ, പ്രത്യാശയോടെ വാക്യം വീണ്ടും വായിക്കുകയും അത് അവകാശപ്പെടുകയും ചെയ്യുക: “തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ കാക്കുന്നു." ദൈവത്തിൽ നിന്നുള്ള എന്തൊരു അത്ഭുതകരമായ വാഗ്‌ദത്തം!

ലേവ്യപുസ്തകം 20:26-ൽ, കർത്താവ് യിസ്രായേൽ ജനത്തോട് പറഞ്ഞു, "നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ജാതികളിൽ നിന്നു വേറുതിരിച്ചിരിക്കുന്നു." യിസ്രായേല്യർ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളായിരുന്നു, കർത്താവ് തന്നെ അവരെ തിരഞ്ഞെടുത്തു. അവൻ പറഞ്ഞു, "ഞാൻ നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വേർപെടുത്തിയിരിക്കുന്നു, നിങ്ങൾ വിശുദ്ധരാകും." ഇത് തീർച്ചയായും മഹത്തായ ഒരു വിളിയാണ്. അതുപോലെ, കർത്താവ് ഇന്ന് നിങ്ങളെ വിളിക്കുന്നത് അവൻ്റെ സ്വന്തം ജനമാകാനാണ്. അവൻ്റെ വിശുദ്ധിയും ശുദ്ധീകരണവും കൊണ്ട് നിങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കാൻ അവൻ ആഗ്രഹിക്കുന്നു. എബ്രായർ 13:12-ൽ പരാമർശിച്ചിരിക്കുന്നതുപോലെ, കർത്താവായ യേശുക്രിസ്തുവിൻ്റെ വിലയേറിയ രക്തത്താൽ മാത്രമേ ഈ വിശുദ്ധീകരണം സാധ്യമാകൂ.

എന്റെ സുഹൃത്തേ, യേശുക്രിസ്തുവിന്റെ രക്തത്താൽ നിങ്ങൾ കഴുകപ്പെട്ടിട്ടുണ്ടോ? അവന്റെ രക്തത്താൽ നിങ്ങൾ വിശുദ്ധീകരിക്കപ്പെടുന്നുണ്ടോ? നിങ്ങൾ ഒരു വിശുദ്ധജീവിതം നയിക്കാൻ പ്രതിജ്ഞാബദ്ധരാകുമ്പോൾ മാത്രമേ കർത്താവ് നിങ്ങളുടെ പാദങ്ങൾ സംരക്ഷിക്കുകയും എല്ലാ തിന്മകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുകയുള്ളൂ. സങ്കീർത്തനം 91:11 & 12 പറയുന്നു: "നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും." എത്ര വലിയ അനുഗ്രഹമാണ് നമ്മുടെ ജീവിതത്തിൽ നമുക്ക് ലഭിക്കുക. യേശുക്രിസ്തുവിൻ്റെ രക്തത്താൽ നിങ്ങൾ കഴുകപ്പെട്ടിട്ടുണ്ടോ? നിങ്ങൾ അവനുമായി അടുത്ത് നടക്കാറുണ്ടോ? ഇല്ലെങ്കിൽ, നിങ്ങളുടെ ജീവിതം കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന് സമർപ്പിക്കാനും അവന്റെ പാപമോചനത്തിനായി അപേക്ഷിക്കാനും അവൻ കുരിശിൽ ചൊരിഞ്ഞ വിലയേറിയ രക്തം കൊണ്ട് ശുദ്ധീകരിക്കപ്പെടാനും ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ, നിങ്ങൾ കർത്താവിന്റെ മുൻപിൽ വിശുദ്ധമായി നടക്കുമ്പോൾ നിങ്ങൾ എല്ലാ വശത്തും സംരക്ഷിക്കപ്പെടും. ഈ അനുഗ്രഹങ്ങളെല്ലാം നമുക്ക് ഇപ്പോൾ തന്നെ പ്രാർത്ഥിച്ച് സ്വീകരിക്കാമോ?

Prayer:
എൻ്റെ പ്രിയ സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ അത്ഭുതകരമായ വാഗ്‌ദത്തത്തിന് നന്ദി. അങ്ങ് നീതിമാന്മാരുടെ ദൈവമാണ്. ഒരിക്കൽക്കൂടി ഞാൻ എന്റെ ജീവിതം പൂർണ്ണമായും അങ്ങയുടെ സ്നേഹനിർഭരമായ കൈകളിലേക്ക് സമർപ്പിക്കുന്നു. എന്റെ അകൃത്യങ്ങൾ ക്ഷമിക്കുകയും ഞാൻ പുതിയതാകേണ്ടതിന് അങ്ങയുടെ വിലയേറിയ രക്തം കൊണ്ട് എന്നെ ശുദ്ധീകരിക്കുകയും ചെയ്യണമേ. അങ്ങയെ മുറുകെ പിടിക്കാനും ഒരിക്കലും സന്തോഷത്തിനോ ആശ്വാസത്തിനോ വേണ്ടി ലോകത്തെ നോക്കാതിരിക്കാനും എന്നെ സഹായിക്കേണമേ. ഉള്ളിൽ നിന്ന് എന്നെ രൂപാന്തരപ്പെടുത്തുകയും അങ്ങിൽ എന്നെ ഒരു പുതിയ സൃഷ്ടിയാക്കുകയും ചെയ്യേണമേ. അങ്ങയുടെ മുമ്പിൽ വിശുദ്ധമായി നടക്കാനുള്ള കൃപയും ശക്തിയും എനിക്ക് നൽകേണമേ. അങ്ങ് എന്റെ പാദങ്ങൾ ഇടറിവീഴാൻ അനുവദിക്കില്ലെന്ന് എനിക്കറിയാം, കാരണം അങ്ങ് എന്റെ പാദങ്ങളും എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളും സംരക്ഷിക്കുകയും അങ്ങയുടെ സാന്നിധ്യത്തിൽ എന്നെ ഭദ്രവും സുരക്ഷിതവുമാക്കി നിലനിർത്തുകയും ചെയ്യും. കർത്താവേ, അങ്ങേക്ക് നന്ദി. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.