എൻ്റെ സുഹൃത്തേ, സങ്കീർത്തനം 46:1 നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, ദൈവം നമ്മുടെ സങ്കേതവും നമ്മുടെ ബലവും കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയുമായിരിക്കുന്നു. ഇന്നത്തെ വാഗ്ദത്തം സങ്കീർത്തനം 5:11-ൽ നിന്നുള്ളതാണ്, അതിൽ ഇപ്രകാരം പറയുന്നു, “നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; അവർ എപ്പോഴും ആനന്ദിച്ചാർക്കും.” അതെ, തന്നിൽ അഭയം പ്രാപിക്കുന്നവരെ ദൈവം പരിപാലിക്കുന്നു. കർത്താവ് നമ്മുടെ നിത്യ സങ്കേതമാണ്. അവൻ നമ്മുടെ ആത്മാവിനെയും ജീവനെയും സത്യസന്ധതയെയും സ്വത്തുക്കളെയും കുടുംബത്തെയും സംരക്ഷിക്കും.
ഹെരോദാവ് ശിശുവായ യേശുവിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ, "ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു പോകുക" എന്ന വ്യക്തമായ മാർഗനിർദേശത്തോടെ ദൈവം യോസേഫിൻ്റെ അടുത്തേക്ക് ഒരു ദൂതനെ അയച്ചു. ഈ ദൈവം തന്നെ നിങ്ങളുടെ മക്കളെ വളർത്തുന്നതിൽ നിങ്ങളെ നയിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യും. അവൻ നിങ്ങളുടെ സങ്കേതമാണ്, അവൻ്റെ ദിവ്യ സംരക്ഷണത്താൽ നിങ്ങൾ ആനന്ദിച്ചാർക്കും. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകാതിരിക്കട്ടെ.
ഞങ്ങളുടെ ബാലജന പങ്കാളിയായ ആശിഷ് ഷാരോണിന്റെ ജീവിതത്തിലുണ്ടായ ദൈവത്തിന്റെ സംരക്ഷണത്തിന്റെ അത്ഭുതകരമായ സാക്ഷ്യം ഇതാ. മാതാപിതാക്കളോടൊപ്പം കാറിൽ യാത്ര ചെയ്യവേ ആശിഷ് ഗുരുതരമായ അപകടത്തിൽ പെട്ടു. ബോധം നഷ്ടപ്പെട്ട അവൻ പിന്നീട് ആശുപത്രിയിൽ ഉണർന്നു. അവന്റെ അമ്മ അവനെ ഓർമ്മിപ്പിച്ചു, "നീ ഒരു യേശു വിളിക്കുന്നു ബാലജന പങ്കാളിയാണ്. പ്രാർത്ഥനാ മധ്യസ്ഥർ നിനക്കുവേണ്ടി പ്രാർത്ഥിക്കുന്നു. നിനക്ക് ഒരു ദോഷവും വരില്ല." ആ ദിവസത്തെ യേശു വിളിക്കുന്നു പ്രതിദിന വാഗ്ദത്ത വാക്യം സങ്കീർത്തനം 91:15 ആയിരുന്നു, “അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും." ആശിഷ് ഈ വാഗ്‌ദത്തത്തിൽ ഉറച്ചുനിന്നു. അവൻ്റെ ദൈവിക സംരക്ഷണത്തിനായി ദൈവത്തിന് നന്ദി! ആശിഷിൻ്റെ കൈകൾ ഒടിഞ്ഞെങ്കിലും, അവൻ വളരെ വേദന അനുഭവിച്ചെങ്കിലും, അവൻ ദൈവത്തിൻ്റെ വാഗ്ദത്തം മുറുകെ പിടിച്ചു. അവൻ്റെ 12-ാമത്തെ ബോർഡ് പരീക്ഷകൾക്ക് രണ്ടാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ പ്രാർത്ഥനാ പിന്തുണയ്‌ക്കായി അവൻ പ്രാർത്ഥനാ ഗോപുരത്തിലേക്ക് വിളിച്ചു. പ്രാർത്ഥനാ മധ്യസ്ഥർ അവനുവേണ്ടി പ്രാർത്ഥിച്ചു, ദൈവത്തിൻ്റെ ശക്തിയാൽ അവൻ ഉത്സാഹത്തോടെ പഠിച്ചു. അവൻ പ്രതീക്ഷിച്ചത് 50% മാത്രം, എന്നാൽ ദൈവം അവന് 80% നൽകി അനുഗ്രഹിച്ചു! ദൈവം ആശിഷിനെ കാത്തുസൂക്ഷിക്കുക മാത്രമല്ല, അവനെ അഭിവൃദ്ധിപ്പെടുത്തുകയും അവൻ്റെ കുടുംബത്തെ സംരക്ഷിക്കുകയും ചെയ്തു.
നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകാതിരിക്കട്ടെ. വാസ്തവമായി, നിങ്ങൾ യേശുവിൽ അഭയം തേടുമ്പോൾ, ലോകം വെല്ലുവിളികൾ കൊണ്ടുവന്നേക്കാമെങ്കിലും, ദൈവം നിങ്ങളെ സംരക്ഷിക്കുകയും നിങ്ങൾ ആനന്ദിച്ചാർക്കുകയും ചെയ്യും.
PRAYER:
പ്രിയ സ്വർഗ്ഗീയപിതാവേ, എൻ്റെ സങ്കേതവും എൻ്റെ ബലവും കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയുമായതിന് അങ്ങേക്ക് നന്ദി. ഞാൻ അങ്ങിൽ അഭയം പ്രാപിക്കുമ്പോൾ, എനിക്ക് സന്തോഷം കണ്ടെത്താനും ആനന്ദിച്ചാർക്കാനും കഴിയുമെന്ന ഉറപ്പിന് ഞാൻ അങ്ങയെ സ്തുതിക്കുന്നു. ദയവായി എൻ്റെ ആത്മാവിനെയും എൻ്റെ ജീവനെയും എൻ്റെ സത്യസന്ധതയെയും എൻ്റെ കുടുംബത്തെയും അങ്ങയുടെ ദിവ്യ സാന്നിധ്യത്താൽ സംരക്ഷിക്കേണമേ. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എന്നെ നയിക്കേണമേ, അങ്ങ് യോസേഫിനെ നയിച്ചതുപോലെ എനിക്ക് ശരിയായ പാതയെ കാണിച്ചുതരേണമേ. വെല്ലുവിളികൾ ഉയരുമ്പോഴും അങ്ങയുടെ സംരക്ഷണത്തിൽ വിശ്വസിക്കാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ സമാധാനത്താൽ എൻ്റെ ഹൃദയത്തെ നിറയ്ക്കുകയും എല്ലാ ഉത്കണ്ഠയും ഭയവും അകറ്റുകയും ചെയ്യണമേ. അങ്ങ് എപ്പോഴും സമീപസ്ഥനാണെന്ന് അറിഞ്ഞുകൊണ്ട് അങ്ങിൽ സന്തോഷിക്കാൻ എന്നെ പഠിപ്പിക്കേണമേ. കർത്താവേ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനും കരുതലിനും നന്ദി. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.