പ്രിയ സുഹൃത്തേ, സദൃശവാക്യങ്ങൾ 18:10 അനുസരിച്ച്, കർത്താവിൻ്റെ നാമം നിങ്ങളുടെമേൽ ഉണ്ടാകട്ടെ. വേദപുസ്തകം പറയുന്നു, “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു  [തിന്മയ്ക്ക് വളരെ മുകളിൽ] ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.”

യിരെമ്യാവ് 10:6 ൽ, കർത്താവിൻ്റെ വചനം ഇപ്രകാരം പ്രഖ്യാപിക്കുന്നു, "യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു." ദൈവത്തിൻ്റെ നാമം യഥാർത്ഥമായി അറിയണമെങ്കിൽ നാം ദൈവത്തെത്തന്നെ അറിയണം. നാം അവനോട് നിലവിളിക്കുകയും അവന്റെ വചനത്തെ ധ്യാനിക്കുകയും എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ, നാം ദൈവത്തെ അറിയുന്നതിലേക്ക് കൂടുതൽ അടുക്കുന്നു. സഹോദരിമാർ എന്നോട് പലപ്പോഴും ചോദിച്ചിട്ടുണ്ട്, "നമുക്ക് എങ്ങനെ ദൈവത്തോട് കൂടുതൽ അടുക്കാൻ കഴിയും?" എന്റെ ഉത്തരം എല്ലായ്പ്പോഴും ഒന്നുതന്നെയാണ്: "പ്രിയ സഹോദരീ, വചനം കൂടുതൽ വായിക്കുക". ദൈവത്തെ കൂടുതൽ ആഴത്തിൽ അറിയാനുള്ള ഒരേയൊരു മാർഗ്ഗം അതാണ്.

സാറായിയുടെ അടിമയായ ഹാഗാറിനെ കുറിച്ച് നിങ്ങൾ വായിച്ചപ്പോൾ, അവളുടെ യജമാനത്തിയിൽ നിന്ന് അവൾ ഓടിപ്പോയപ്പോൾ, കർത്താവ് അവളെ കണ്ടു. കർത്താവിൻ്റെ ദൂതൻ അവൾക്കു പ്രത്യക്ഷപ്പെട്ട് ചോദിച്ചു: “നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു?" അവൾ മറുപടി പറഞ്ഞു, "ഞാൻ എന്റെ യജമാനത്തിയെ വിട്ട് ഓടിപ്പോകയാകുന്നു." അപ്പോൾ ദൂതൻ പറഞ്ഞു, "നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവൾക്കു കീഴടങ്ങിയിരിക്ക. ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർധിപ്പിക്കും; അത് എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും." ഭാവിയിൽ അവളുടെ മകൻ എങ്ങനെയായിരിക്കുമെന്ന് പോലും കർത്താവ് വിവരിച്ചു. ആ മരുഭൂമിയിൽ ഹാഗർ കർത്താവിനെ കണ്ടു. അതുകൊണ്ടാണ്, ഉല്പത്തി 16:13-ൽ, തന്നോട് സംസാരിച്ച കർത്താവിൻ്റെ നാമത്തെ അവൾ ഇപ്രകാരം വിളിച്ചത്: "എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു." കർത്താവ് ഹാഗറിനെ ആഴത്തിൽ പരിചരിക്കുകയും അവളുടെ ദുരിതങ്ങൾ കാണുകയും ചെയ്തു. അവൻ അവൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും തൻറെ പദ്ധതിയിലേക്ക് അവളെ പിന്തിരിപ്പിക്കുകയും ചെയ്തു. ദൈവം ഹാഗറിന് പ്രത്യക്ഷപ്പെട്ടില്ലായിരുന്നുവെങ്കിൽ, അവൾ ജന്മനാടായ മിസ്രയീമിലേക്ക് മടങ്ങുകയും അവളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിൻറെ ഉദ്ദേശ്യം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. എന്നിട്ടും ദൈവം തൻ്റെ കാരുണ്യത്താൽ അവൾക്ക് തന്നെത്തന്നെ വെളിപ്പെടുത്തി അവളെ തന്നിലേക്ക് അടുപ്പിച്ചു. അവൾ മരുഭൂമിയിൽ വച്ച് ദൈവത്തെ കൂടുതൽ അടുത്തറിയുകയും അവന് "എന്നെ കാണുന്ന ദൈവം" എന്ന പുതിയ പേര് നൽകുകയും ചെയ്തു.

അതെ, യഹോവയുടെ നാമം ഒരു ബലമുള്ള ഗോപുരമാണ്. ദൈവം ഹാഗാറിന് അവളുടെ സങ്കടത്തിൽ പ്രത്യക്ഷപ്പെട്ടതിനാൽ, പ്രിയ സുഹൃത്തേ, അവൻ തീർച്ചയായും നിങ്ങൾക്കും പ്രത്യക്ഷപ്പെടും. പഴയനിയമത്തിൽ, തിരുവെഴുത്ത് "യഹോവയുടെ നാമത്തെ" കുറിച്ച് സംസാരിക്കുന്നു. പുതിയ നിയമത്തിൽ അത് "യേശുവിന്റെ നാമത്തെ" കുറിച്ച് സംസാരിക്കുന്നു. മത്തായി 1:22 നമ്മോട് പറയുന്നു, " അവർ അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും." മത്തായി 1:21 പറയുന്നു, " അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു." യേശുവിൻ്റെ നാമം വിളിച്ചപേക്ഷിക്കുന്നത് എത്ര വലിയ ഭാഗ്യമാണ്! കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും. കർത്താവിൻ്റെ നാമം ശക്തവും ബലവുമുള്ളതാണ്. യേശുവിന്റെ നാമത്തിങ്കലേക്ക് ഓടാനും അവനിൽ സുരക്ഷിതത്വം കണ്ടെത്താനും കർത്താവ് നിങ്ങളെ നയിക്കട്ടെ.

PRAYER:
സ്നേഹവാനായ പ്രിയ പിതാവേ, എനിക്ക് അഭയവും ശക്തിയും കണ്ടെത്താൻ കഴിയുന്ന ബലമുള്ള ഒരു ഗോപുരമാണ് അങ്ങയുടെ നാമം. അങ്ങയുടെ വചനത്തെ ധ്യാനിച്ചും അങ്ങയുടെ നാമത്തെ വിളിച്ചപേക്ഷിച്ചും അങ്ങയെ കൂടുതൽ ആഴത്തിൽ അറിയാൻ എന്നെ സഹായിക്കണമേ. ഹാഗാറിനെ അവളുടെ മരുഭൂമിയിൽ അങ്ങ് കണ്ടതുപോലെ, എൻ്റെ പോരാട്ടങ്ങളിൽ എന്നെ കരുണയോടെ നോക്കുകയും അങ്ങയുടെ ലക്ഷ്യത്തിലേക്ക് എന്നെ നയിക്കുകയും ചെയ്യേണമേ. എൻ്റെ നിരാശയുടെ നിമിഷങ്ങളിൽ അങ്ങയെത്തന്നെ എനിക്ക് വെളിപ്പെടുത്തിത്തരേണമേ, അങ്ങ് കാണുന്ന ദൈവമാണെന്ന് എന്നെ കാണിക്കേണമേ. എല്ലാ നാമങ്ങൾക്കും  മേലായ  യേശുവിൻ്റെ മഹത്തായ നാമത്തിൽ വിശ്വസിക്കാൻ എന്നെ നയിക്കണമേ. എന്റെ ഇമ്മാനൂവേൽ ആയതിനും അങ്ങയുടെ കൃപയിലൂടെ എന്നെ രക്ഷിച്ചതിനും അങ്ങേക്ക് നന്ദി. സുരക്ഷിതത്വത്തിനായി ഞാൻ എപ്പോഴും അങ്ങയുടെ അടുത്തേക്ക് ഓടിവരട്ടെ. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.