എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം യിരെമ്യാവ് 20:11 ധ്യാനിക്കുന്നു, അത് ഇപ്രകാരം പറയുന്നു, “യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു.” യിരെമ്യാവ് ഇത് പറഞ്ഞപ്പോൾ, എന്താണ് സംഭവിച്ചതെന്ന് വേദപുസ്തകം വായിക്കുമ്പോൾ നമുക്ക് കാണാം. അവന്റെ വാക്കുകളുടെ ഭാരം നമുക്ക് മനസ്സിലാകും. കർത്താവ് തന്നോട് പറഞ്ഞതെല്ലാം അവൻ വിശ്വസ്തതയോടെ പ്രവചിക്കുകയായിരുന്നു. എന്നിരുന്നാലും, ആളുകൾ അവരുടെ പാപത്തിൽ വളരെ സംതൃപ്തരായിരുന്നതിനാൽ ദൈവത്തിന്റെ കല്പനകൾ കേൾക്കാനോ അനുസരിക്കാനോ അവർ വിസമ്മതിച്ചു. അവരിൽ ആലയത്തിലെ ഒരു പ്രധാന വിചാരകനായ പശ്ഹൂറും ഉണ്ടായിരുന്നു. യിരെമ്യാവിൻറെ പ്രവചനങ്ങൾ കേട്ടപ്പോൾ അവൻ പ്രകോപിതനായി. അവനെ നിശബ്ദനാക്കാൻ അയാൾ ആഗ്രഹിച്ചു. അതിനാൽ, അയാൾ അവനെ പീഡിപ്പിക്കുകയും മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു. എന്നാൽ അത്തരം കഷ്ടപ്പാടുകൾക്കിടയിലും, യിരെമ്യാവ് ധൈര്യത്തോടെ പ്രഖ്യാപിച്ചു, "യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു. കർത്താവ് എന്നാണ് അവന്റെ നാമം." എല്ലാവരുടെയും മുന്നിൽ അവൻ ഈ സത്യം പ്രഖ്യാപിച്ചു.

അതുപോലെ, നിങ്ങളുടെ വീട്ടിലോ, ജോലിസ്ഥലത്തോ, എവിടെയായിരുന്നാലും, നിങ്ങൾ ചിന്തിച്ചേക്കാം, "ഞാൻ ശരിയായത് ചെയ്യുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ നല്ലതാണ് ഞാൻ ചെയ്യുന്നത്. പക്ഷേ ഞാൻ എന്തിനാണ് കഷ്ടപ്പെടുന്നത്? എന്തുകൊണ്ടാണ് എന്നെ താഴ്ത്തിക്കെട്ടുന്നത്? എനിക്ക് അർഹമായ അംഗീകാരം ലഭിക്കാത്തത് എന്തുകൊണ്ട്?" എന്നാൽ ആ നിമിഷങ്ങളിലും, "യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു" എന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുക.

യിരെമ്യാവ് ഈ പ്രഖ്യാപനം നടത്തിയപ്പോൾ എന്താണ് സംഭവിച്ചത്? കർത്താവ് അവനോടൊപ്പം ഉണ്ടായിരുന്നു, അവന്റെ യുദ്ധങ്ങളിൽ പോരാടുകയും അവനെ സുരക്ഷിതനാക്കുകയും ചെയ്തു. അത്ഭുതങ്ങളിലൂടെ, ദൈവം യിരെമ്യാവിന്റെ പക്ഷത്ത് നിൽക്കുന്നുവെന്ന് തെളിയിച്ചു. യിരെമ്യാവ് പറഞ്ഞ എല്ലാ പ്രവചനങ്ങളും നിവൃത്തിയായി, കർത്താവ് അവനോടൊപ്പമുണ്ടെന്ന് തെളിയിച്ചു.

അതെ, എന്റെ സുഹൃത്തേ, ശക്തനായ ഒരു യോദ്ധാവിനെപ്പോലെ ദൈവം നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ കഷ്ടപ്പെട്ടേക്കാം. നിങ്ങൾക്ക് അപമാനം നേരിടേണ്ടി വന്നേക്കാം. നിങ്ങൾ ദുരുപയോഗം സഹിക്കുന്നുണ്ടാകാം. എന്നാൽ കർത്താവ് നിങ്ങൾക്കുവേണ്ടി പോരാടും. കാരണം അവൻ വെറുമൊരു പട്ടാളക്കാരൻ മാത്രമല്ല. അവൻ ഒരു വീരയോദ്ധാവാണ്! അവൻ നിങ്ങളോടൊപ്പമുണ്ട്, നിങ്ങളുടെ പക്ഷത്ത് നിൽക്കുന്നു, അവൻ നിങ്ങളുടെ യുദ്ധങ്ങളിൽ പോരാടും. അതുകൊണ്ട് ഒരിക്കലും തോൽവിയിൽ തല താഴ്ത്തരുത്. നിങ്ങളുടെ കണ്ണുകൾ ഉയർത്തുക, കാരണം കർത്താവ് നിങ്ങളുടെ പക്ഷത്തുണ്ട്. ഈ വാഗ്‌ദത്തത്തിന് അവനോട് നന്ദി പറയാനും പ്രാർത്ഥിക്കാനും നിങ്ങൾ ഒരു നിമിഷം എടുക്കുമോ?

PRAYER:
പ്രിയ കർത്താവേ, ഇന്ന് ഞാൻ ഭാരമുള്ള ഹൃദയത്തോടെ അങ്ങയുടെ സന്നിധിയിൽ വരുന്നു. നീതിപൂർവം ജീവിക്കാനും അങ്ങയുടെ വഴികളിൽ നടക്കാനും അങ്ങയുടെ ദൃഷ്ടിയിൽ ഉചിതമായത് ചെയ്യാനും ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും, എതിർപ്പും തിരസ്കരണവും കഷ്ടപ്പാടുകളും ഞാൻ നേരിടുന്നു. എന്നാൽ കർത്താവേ, ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടെന്ന അങ്ങയുടെ വാഗ്‌ദത്തത്തിൽ ഞാൻ ആശ്വാസം കണ്ടെത്തുന്നു. എന്റെ വേദനകളും പോരാട്ടങ്ങളും യുദ്ധങ്ങളും ഞാൻ അങ്ങയുടെ കൈകളിലേക്ക് സമർപ്പിക്കുന്നു. എല്ലാ കൊടുങ്കാറ്റുകളിലും അങ്ങ് എന്നെ നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ഒരു ശക്തനായ യോദ്ധാവിനെപ്പോലെ അങ്ങ് എന്നോടൊപ്പമുണ്ടെന്ന് ഞാൻ ധൈര്യത്തോടെ വിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു. കർത്താവേ, ഈ വാഗ്‌ദത്തത്തിന് നന്ദി. ഞാൻ അത് സ്വീകരിക്കുകയും അവകാശപ്പെടുകയും അതിൽ നടക്കുകയും ചെയ്യുന്നു. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.