പ്രിയ സുഹൃത്തേ, ഇന്ന് നാം II പത്രൊസ് 1:3-നെക്കുറിച്ച് ചിന്തിക്കാൻ പോകുന്നു, അത് ഇപ്രകാരം പ്രഖ്യാപിക്കുന്നു, “തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.” ദൈവത്തിന്റെ ശക്തിയിലൂടെ നമുക്ക് അവനിൽ നിന്ന് എല്ലാം ലഭിക്കും. ഈ യാത്രയുടെ ആദ്യപടി ദൈവത്തെക്കുറിച്ചുള്ള അറിവ് നേടുക എന്നതാണ്, ആത്യന്തികമായി, അവൻ നമുക്ക് തന്റെ മഹത്വവും ശ്രേഷ്ഠതയും നൽകുന്നു. ഇവയെല്ലാം നമുക്ക് എങ്ങനെ ദൈവത്തിൽ നിന്ന് ലഭിക്കുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഉത്തരം ഫിലിപ്പിയർ 1:4-ൽ ഉണ്ട്, അവിടെ വേദപുസ്തകം നമുക്ക് ഉറപ്പുനൽകുന്നു, "നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും."
ദൈവം ഇതിനകം തന്നെ നിങ്ങളുടെ ജീവിതത്തിൽ തന്റെ നല്ല പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്, അവൻ അത് പൂർത്തിയാക്കും. നമുക്ക് ആവശ്യമുള്ളതെല്ലാം അവൻ നൽകുന്നു. ചിലർ പ്രാർത്ഥിച്ചേക്കാം, "കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ എനിക്ക് കൂടുതൽ തരേണമേ", എന്നാൽ ദൈവം തൻ്റെ ആത്മാവിൻ്റെ ശക്തിയാൽ നമുക്ക് എല്ലാം തന്നിട്ടുണ്ട്. പരിശുദ്ധാത്മാവിനോട് കൂടുതൽ ആവശ്യപ്പെടുന്നതിനുപകരം, നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താൻ നാം അവനെ അനുവദിക്കണം, കാരണം വേദപുസ്തകം പറയുന്നതുപോലെ, "അവൻ വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമാണ്". 1 പത്രൊസ് 5:10 വീണ്ടും നമുക്ക് ഉറപ്പ് നൽകുന്നു, "ദൈവം തന്നേ നിങ്ങളെ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും."
ദൈവം നൽകുമ്പോൾ, അവൻ പൂർണ്ണവും പരിപൂർണ്ണവുമായ ഒരു പ്രവൃത്തി ചെയ്യുന്നു. ദൈവഭക്തിയുടെ പരിപൂർണ്ണതയെ നാം മഹത്വവും വീര്യവും എന്ന് വിളിക്കുന്നു. ഉല്പത്തി 5:24-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ഹാനോക്കിൻ്റെ ജീവിതം നോക്കുമ്പോൾ, "ഹാനോക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി." ഹാനോക്കിന്റെ ജീവിതത്തിൽ ദൈവത്തിന്റെ പ്രവർത്തനം പൂർത്തിയായതുപോലെ, അവനെ തൻറെ മഹത്തായ സാന്നിധ്യം കൊണ്ട് നിറയ്ക്കുന്നു, അതുപോലെ തന്നെ അവൻ നമ്മെയും രൂപാന്തരപ്പെടുത്തും. II കൊരിന്ത്യർ 3:18 ഈ സത്യം സ്ഥിരീകരിക്കുന്നു, അത് ഇപ്രകാരം പരാമർശിക്കുന്നു, " നാം എല്ലാവരും തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു." പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ മാത്രമേ ഈ പരിവർത്തനം സാധ്യമാകൂ.
അത്തരമൊരു മഹത്തായ ദാനം സ്വീകരിക്കാൻ നാം യോഗ്യരല്ലെങ്കിലും, ദൈവം തന്റെ കൃപയാൽ ആത്മീയമായി ആസ്വദിക്കാൻ നമുക്ക് എല്ലാം നൽകിയിട്ടുണ്ട്. "തന്റെ തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതി, രാജകീയപുരോഹിതവർഗ്ഗം, വിശുദ്ധവംശം, സ്വന്തജനം " എന്ന് പോലും അവൻ നമ്മെ വിളിക്കുന്നു. അവസാനമായി, പരിശുദ്ധാത്മാവ് നമ്മിൽ അവൻ്റെ പ്രവൃത്തി പൂർത്തിയാക്കുമ്പോൾ, ഈ ലോകത്തിലെ ദശലക്ഷക്കണക്കിന് ആളുകളെ അനുഗ്രഹിക്കാൻ വേർതിരിക്കപ്പെട്ട ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായി നാം മാറുന്നു. വീര്യത്തിന്റെ ആത്മാവ് നിങ്ങളുടെ മേൽ വസിക്കട്ടെ. നിങ്ങൾ വിശുദ്ധിയിൽ വളരുകയും അവന്റെ പ്രതിച്ഛായയിലേക്ക് രൂപാന്തരപ്പെടുകയും ചെയ്യട്ടെ. ആമേൻ.
PRAYER:
പ്രിയ കർത്താവേ, ജീവനും ഭക്തിക്കും വേണ്ടി എനിക്ക് എല്ലാം നൽകുന്ന അങ്ങയുടെ ദിവ്യശക്തിയ്ക്ക് ഞാൻ അങ്ങയോട് നന്ദി പറയുന്നു. അങ്ങയുടെ മഹത്വത്തിലും വീര്യത്തിലും ഞാൻ നടക്കേണ്ടതിന് അങ്ങയെക്കുറിച്ചുള്ള അറിവുകൊണ്ട് എൻ്റെ ഹൃദയം നിറയ്ക്കണമേ. കർത്താവേ, എൻ്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ, അങ്ങ് എൻ്റെ വിശ്വാസത്തിൻ്റെ നായകനും പൂർത്തീവരുത്തുന്നവനുമാകുന്നു. അങ്ങ് ആരംഭിച്ച കാര്യങ്ങൾ അങ്ങ് പൂർത്തിയാക്കുമെന്ന് അറിഞ്ഞുകൊണ്ട് അങ്ങയുടെ പരിപൂർണ്ണമായ പ്രവൃത്തിയിൽ വിശ്വസിക്കാൻ എന്നെ സഹായിക്കേണമേ. പരിശുദ്ധാത്മാവേ, തേജസ്സിൽ നിന്ന് തേജസ്സിലേക്ക്, എന്നെ ക്രിസ്തുവിൻ്റെ പ്രതിച്ഛായയിലേക്ക് അനുദിനം രൂപാന്തരപ്പെടുത്തണമേ. ഹാനോക്കിനെപ്പോലെ ഞാൻ അങ്ങയോടുകൂടെ വിശ്വസ്തതയോടെ നടക്കട്ടെ; അങ്ങയുടെ തേജസ്സുള്ള സന്നിധിയിൽ വസിക്കട്ടെ. എന്റെ അയോഗ്യതയിൽപ്പോലും, അങ്ങ് എന്നെ അങ്ങയുടെ തിരഞ്ഞെടുക്കപ്പെട്ടവൾ എന്ന് വിളിച്ചിരിക്കുന്നു. അതിനാൽ അങ്ങയുടെ കൃപയ്ക്ക് നന്ദി. കർത്താവേ, അങ്ങയുടെ വിശുദ്ധിയും സ്നേഹവും പ്രതിഫലിപ്പിക്കുന്ന, മറ്റുള്ളവരെ അനുഗ്രഹിക്കുന്ന ഒരു പാത്രമായി എന്നെ ഉപയോഗിക്കേണമേ. വീര്യത്തിന്റെ ആത്മാവ് എന്നിൽ ആവസിക്കട്ടെ, അങ്ങനെ ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എനിക്ക് അങ്ങയെ മഹത്വപ്പെടുത്താൻ കഴിയും. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.