എൻ്റെ സുഹൃത്തേ, ഇന്നത്തെ നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ വാഗ്ദത്തം യെശയ്യാവ് 58:9-ൽ നിന്നുള്ളതാണ്. “അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവിൽ നിന്നു നീക്കിക്കളകയും.” ദൈവം നമുക്ക് ഉത്തരം നൽകും എന്ന് കേൾക്കുന്നതും 'ഞാൻ വരുന്നു' എന്ന് പറയുന്നതും അതിശയമല്ലേ? കാരണം കർത്താവിനെ കണ്ടെത്തുന്നത് മഹത്തായ കാര്യമാകുന്നു. ഈ വാക്യത്തിൽ ഇപ്രകാരം പറയുന്നു, "അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും."

ഈ അദ്ധ്യായം, ദൈവമക്കളെയും കർത്താവ് അവരിൽ എങ്ങനെ നിരാശനാണ് എന്നും അഭിസംബോധന ചെയ്യുന്നു. നേതാക്കളോട് അവരുടെ പാപങ്ങൾ പ്രഖ്യാപിക്കാനും അവരുടെ പ്രവൃത്തികൾക്കായി അവരെ നേരിടാനും അവൻ നിർദ്ദേശിക്കുന്നു. ഉപവസിക്കുകയും അവന്റെ മുമ്പിൽ വണങ്ങുകയും ചെയ്തിട്ടും തങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്നില്ലെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. കാരണം, അവർ നീതിയും ന്യായവും അവഗണിച്ചുകൊണ്ട് കപടമായി അവനെ സമീപിക്കുന്നു. ഉപവാസത്തിൽ പോലും, അവർ തങ്ങളുടെ ജോലിക്കാരോട് വഴക്കിടുകയും മോശമായി പെരുമാറുകയും ചെയ്യുന്നു, പിന്നെ അവരുടെ പ്രാർത്ഥന കേൾക്കാത്തത് എന്തുകൊണ്ടാണെന്ന് അവർ ചോദിക്കുന്നു.

എൻ്റെ സുഹൃത്തേ, അത്തരം അവസ്ഥകളിലൂടെ നാം ദൈവത്തെ സമീപിക്കുന്ന സമയങ്ങളുണ്ടായിട്ടുണ്ട്, എങ്കിലും നമുക്ക് ഉത്തരം നൽകാൻ കർത്താവ് ആഗ്രഹിക്കുന്നു. നമ്മുടെ ആഗ്രഹങ്ങൾക്കുമുമ്പിൽ നീതി അന്വേഷിക്കാൻ നമ്മെ പ്രേരിപ്പിച്ചുകൊണ്ട്, ‘ഞാൻ വരുന്നു' എന്ന് പ്രഖ്യാപിക്കാൻ അവൻ ആഗ്രഹിക്കുന്നു. അവൻ്റെ നീതി പിന്തുടരുന്നത് നമ്മെ തൃപ്തിപ്പെടുത്തും. നന്മ ചെയ്യുക, കർത്താവിനെ ഭയപ്പെടുക, ശരിയായി പ്രവർത്തിക്കുക എന്നിവ അവനെ പ്രസാദിപ്പിക്കും, നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഇന്ന്, നമ്മുടെ ഉള്ളിലെ ഈ നീതിയാണ് അവൻ ആഗ്രഹിക്കുന്നത്. അവൻ അത് മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

PRAYER:

സ്വർഗ്ഗസ്ഥനായ പിതാവേ, ഇന്ന് അങ്ങയുടെ സന്നിധിയിൽ വന്ന്, ഞാൻ വിളിക്കുമ്പോൾ ; അങ്ങ് ഉത്തരം അരുളും; ഞാൻ നിലവിളിക്കുമ്പോൾ , 'ഞാൻ വരുന്നു' എന്നു അങ്ങ് അരുളിച്ചെയ്യും എന്ന അങ്ങയുടെ വാഗ്ദത്തം ഞാൻ ഓർക്കുന്നു. കർത്താവേ, ചിലപ്പോൾ എൻ്റെ സ്വന്തം വീഴ്ചകളും പോരായ്മകളും നിറഞ്ഞ ഹൃദയത്തോടെ ഞാൻ അങ്ങയുടെ അടുക്കൽ വരുന്നുവെന്ന് ഞാൻ സമ്മതിക്കുന്നു. ഞാൻ വിരൽ ചൂണ്ടിയ, ദുഷ്ടത സംസാരിച്ച, നീതിയെ അവഗണിച്ച സമയങ്ങളെക്കുറിച്ച് പശ്ചാതപിക്കുന്നു. കർത്താവേ, എൻ്റെ ഹൃദയം അങ്ങിൽ നിന്ന് അകന്നിരിക്കെ, ശൂന്യമായ ആചാരങ്ങളോടും പാരമ്പര്യങ്ങളോടും കൂടി അങ്ങയെ സമീപിച്ചതിന് എന്നോട് ക്ഷമിക്കേണമേ. അങ്ങയുടെ നീതിയെ ആത്മാർത്ഥമായി അന്വേഷിക്കാനും മറ്റുള്ളവർക്ക് നന്മ ചെയ്യാനും അങ്ങയെ ഭക്തിയോടെ ഭയപ്പെടാനും എന്നെ സഹായിക്കേണമേ. എൻ്റെ പ്രവൃത്തികൾ അങ്ങയുടെ സ്നേഹത്തെയും നീതിയെയും പ്രതിഫലിപ്പിക്കട്ടെ, അവ അങ്ങയുടെ ദൃഷ്ടിയിൽ പ്രസാദകരമാകട്ടെ. പിതാവേ,  "ഞാൻ വരുന്നു" എന്ന അങ്ങയുടെ ശബ്ദം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ ആഗ്രഹങ്ങളെ അങ്ങയുടെ ഇഷ്ടവുമായി യോജിപ്പിക്കാൻ എന്നെ പഠിപ്പിക്കേണമേ, അങ്ങനെ എൻ്റെ പ്രാർത്ഥനകൾക്ക് അങ്ങയുടെ പൂർണ്ണമായ പദ്ധതിയനുസരിച്ച് ഉത്തരം ലഭിക്കും. അങ്ങയുടെ നീതി ഇന്നും എന്നും എന്നിൽ പ്രകാശിക്കട്ടെ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.