എൻ്റെ സുഹൃത്തേ, നിങ്ങൾക്ക് വളരെ സന്തോഷകരമായ ക്രിസ്തുമസ് ആശംസിക്കുന്നു! ഇത് ആഘോഷത്തിൻ്റെ സമയമാണ്, ക്രിസ്തുവിൻ്റെ സന്തോഷം നമ്മുടെ ഹൃദയങ്ങളിലേക്ക് പൂർണ്ണമായി സ്വീകരിക്കാനുള്ള സമയമാണ്. ഈ സന്തോഷത്തോടെ, ലൂക്കൊസ് 2:11-ൽ നിന്നുള്ള മനോഹരമായ സന്ദേശത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം, “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.”
ഇന്ന് നാം നമ്മുടെ രക്ഷകനായ ക്രിസ്തുവിൻ്റെ ജനനം ആഘോഷിക്കുന്ന ദിവസമാണ്. എന്നാൽ അതിലും പ്രധാനമായി, നമ്മുടെ ഹൃദയത്തിലും യഥാർത്ഥമായി ജനിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. ഇതാണ് ക്രിസ്തുമസിൻ്റെ മർമ്മം. നിങ്ങൾ ചിന്തിച്ചേക്കാം, എന്തുകൊണ്ടാണ് ദൈവം ഒരു മനുഷ്യൻ്റെ രൂപത്തിൽ ഈ ലോകത്തിലേക്ക് വന്നത്? എന്തുകൊണ്ടാണ് അവൻ നമ്മുടെ രക്ഷകനാകാൻ തിരഞ്ഞെടുത്തത്? കാരണം, പാപത്തിൻ്റെ ശാപത്തിൽ നിന്നും കുറ്റബോധത്തിൽ നിന്നും തൻ്റെ ജനത്തെ രക്ഷിക്കാൻ മറ്റാരും ഇല്ലായിരുന്നു.
യേശുക്രിസ്തു മനുഷ്യരാശിയെ നോക്കിയപ്പോൾ, നാം ഇരുട്ടിൽ കഷ്ടപ്പെടുന്നതു കണ്ടു. അവൻ പറഞ്ഞു, "ഞാൻ അവരുടെ രക്ഷകനാകട്ടെ. ഞാൻ അവരെ ഈ ഇരുട്ടിൽ നിന്ന് പുറത്തെടുക്കട്ടെ." അങ്ങനെ അവൻ ഒരു മനുഷ്യനായി ജനിച്ചു. ഒരു മനുഷ്യനെന്ന നിലയിൽ, അവൻ കുരിശിൽ നമുക്കുവേണ്ടി തൻ്റെ ജീവൻ നൽകി. അവൻ തൻ്റെ വിലയേറിയ രക്തം ചൊരിഞ്ഞു, നമുക്കുവേണ്ടി മരിക്കുന്നു. ഈ രക്തത്തിലൂടെയാണ് നാം രക്ഷിക്കപ്പെടുന്നതും നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടുന്നതും. മുൻകാലങ്ങളിൽ പാപമോചനത്തിനായി മൃഗങ്ങളുടെ യാഗം ആവശ്യമായിരുന്നു. ഓരോ തവണയും ഒരു മൃഗത്തെ ബലി നൽകുമ്പോൾ ദൈവം ജനങ്ങളോട് ക്ഷമിക്കും. എന്നാൽ യേശു ആത്യന്തിക യാഗമായിത്തീർന്നപ്പോൾ, അത്തരം വഴിപാടുകളുടെ ആവശ്യമില്ലായിരുന്നു. അവൻ്റെ ത്യാഗം പൂർണ്ണവും ശാശ്വതവുമായിരുന്നു.
ഇപ്പോൾ, ഓരോ തവണയും നമ്മുടെ പാപങ്ങൾക്ക് ശിക്ഷ ലഭിക്കുമ്പോൾ, യേശുവിന്റെ രക്തം നമുക്കുവേണ്ടി മധ്യസ്ഥത വഹിച്ചുകൊണ്ട്, "ഇല്ല, ഈ പൈതൽ എന്റേതാണ്. എന്റെ പൈതൽ സ്വതന്ത്രനായിരിക്കണം. ഞാൻ ഇതിനകം ശിക്ഷ അനുഭവിച്ചിട്ടുണ്ട്" എന്ന് പറയുന്നു. ഈ രക്തം നമ്മെ എല്ലാ പാപങ്ങളിൽനിന്നും ശുദ്ധീകരിക്കുകയും നമ്മെ പുതുതാക്കുകയും ചെയ്യുന്നു. യേശുവിൻ്റെ രക്തത്തിന് മാത്രമേ പാപം കഴുകിക്കളയാനും നമ്മെ പുതിയ സൃഷ്ടികളാക്കി മാറ്റാനും കഴിയൂ. അതിനാൽ, ഇന്ന്, ഈ അത്ഭുതകരമായ രക്ഷകനെ നാം ആഘോഷിക്കുമ്പോൾ, നമുക്ക് നമ്മുടെ ഹൃദയം തുറന്ന് നമ്മെ പുതുതാക്കാൻ അവനോട് അപേക്ഷിക്കാം. എന്റെ സുഹൃത്തേ, നിങ്ങളിൽ ജനിക്കാൻ നിങ്ങൾ അവനെ ക്ഷണിക്കുകയും അവനെ നിങ്ങളുടെ രക്ഷകനാക്കുകയും ചെയ്യുമോ?
PRAYER:
പ്രിയ കർത്താവായ യേശുവേ, എൻ്റെ രക്ഷകനാകാൻ ഈ ലോകത്തിലേക്ക് വന്നതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ ജീവൻ കുരിശിൽ സമർപ്പിച്ചതിനും അങ്ങയുടെ വിലയേറിയ രക്തം എനിക്കുവേണ്ടി ചൊരിഞ്ഞതിനും നന്ദി. ഇന്ന്, എന്റെ ഹൃദയത്തിൽ ജനിക്കാനും എന്നെ ഒരു പുതിയ സൃഷ്ടിയാക്കാനും ഞാൻ അങ്ങയെ ക്ഷണിക്കുന്നു. കർത്താവേ, അങ്ങയുടെ രക്തംകൊണ്ടു എന്റെ എല്ലാ പാപങ്ങളിൽനിന്നും എന്നെ ശുദ്ധീകരിച്ചു, കുറ്റബോധത്തിൽനിന്നും അന്ധകാരത്തിൽനിന്നും എന്നെ മോചിപ്പിക്കണമേ. അങ്ങയുടെ വെളിച്ചം എന്നിൽ പ്രകാശിക്കുകയും അങ്ങയുടെ സമാധാനവും സന്തോഷവും കൊണ്ട് എന്റെ ജീവിതം നിറച്ച്, എന്റെ പാതയെ നയിക്കുകയും ചെയ്യണമേ. അങ്ങയുടെ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നതും അങ്ങയുടെ നാമത്തിനു മഹത്വം നൽകുന്നതുമായ ഒരു ജീവിതം നയിക്കാൻ എന്നെ സഹായിക്കണമേ. എനിക്കുവേണ്ടി മധ്യസ്ഥത വഹിക്കുന്നതിനും എന്നെ അങ്ങയുടെ പൈതൽ എന്ന് വിളിക്കുന്നതിനും നന്ദി. ഈ ക്രിസ്തുമസ് എൻ്റെ ജീവിതത്തിലെ അങ്ങയുടെ സാന്നിധ്യത്തിൻ്റെ യഥാർത്ഥ ആഘോഷമായിരിക്കട്ടെ. കർത്താവേ, ഞാൻ എൻ്റെ ഹൃദയത്തെ പൂർണ്ണമായും അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.