പ്രിയ സുഹൃത്തേ, എഫെസ്യർ 1:4 പറയുന്നു, “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തിരിക്കുന്നു.” നിങ്ങൾ ദൈവത്തിന്റെ പദ്ധതിയിലെ പിൻബുദ്ധിയല്ല; നിങ്ങൾ ഒരു ആകസ്മികതയല്ല. റോമർ 8:29 സ്ഥിരീകരിക്കുന്നതുപോലെ, "നിങ്ങൾ മുന്നിയമിക്കപ്പെട്ടിരിക്കുന്നു." ദൈവത്തിന് നിങ്ങൾക്കായി പുതിയ പദ്ധതികളൊന്നുമില്ല. നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ലോകസ്ഥാപനത്തിന് മുമ്പുതന്നെ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങൾ എടുക്കുന്ന ഓരോ ചുവടും, നിങ്ങൾ അഭിമുഖീകരിക്കുന്ന ഓരോ വെല്ലുവിളിയും, നിങ്ങൾ ജീവിക്കുന്ന ഓരോ നിമിഷവും അവനറിയാം. നിങ്ങളോടുള്ള ദൈവത്തിൻറെ സ്നേഹം എത്ര ആഴമേറിയതും അളക്കാനാവാത്തതുമാണ്!
ലോകസ്ഥാപനത്തിന് മുമ്പുതന്നെ അവൻ നിങ്ങളെ സ്നേഹത്തോടെ സൃഷ്ടിച്ചു. തികഞ്ഞ സ്നേഹത്തോടെയും കരുതലോടെയും ഉദ്ദേശ്യത്തോടെയുമാണ് അവൻ നിങ്ങളെ രൂപപ്പെടുത്തിയത്. ഈ സത്യങ്ങൾ അറിയുന്നത് വളരെ മനോഹരമാണ്! എന്നിരുന്നാലും, വിശ്വാസത്തിൻ്റെ ഉത്തരവാദിത്തം കർത്താവ് നിങ്ങളുടെ മേൽ ചുമത്തുന്നു. ദൈവം നിങ്ങളെ സ്നേഹിക്കുന്നുവെന്ന് നിങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുന്നുവെങ്കിൽ, ലോകസ്ഥാപനത്തിന് മുമ്പുതന്നെ അവൻ നിങ്ങളെ അറിഞ്ഞിട്ടുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ അവൻറെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരുമായിരിക്കാൻ വിളിക്കപ്പെട്ടവരാണെന്നും നിങ്ങൾ മനസ്സിലാക്കും. നിങ്ങൾ നിങ്ങളുടേതല്ല. നിങ്ങൾ ദൈവത്തിൻ്റെ സൃഷ്ടിയാണ്, അവൻ്റെ ഉദ്ദേശ്യത്തിനായി വേർതിരിച്ചിരിക്കുന്നു.
എഫെസ്യർ 2:8-ൽ വേദപുസ്തകം പറയുന്നു, "കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു." ദൈവത്തിൽ വിശ്വാസം അർപ്പിക്കുമ്പോൾ നാം അവനിൽ സുരക്ഷിതരാകും. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ, "ഞാൻ എന്തിനാണ് ഈ ലോകത്തിൽ ജനിച്ചത്?" എന്ന് ചിന്തിക്കാൻ എളുപ്പമാണ്. പ്രയാസമുള്ള നിമിഷങ്ങളിൽ, "എന്റെ ഉദ്ദേശ്യം എന്താണ്?" എന്ന് നമ്മൾ ചോദിച്ചേക്കാം. എന്നാൽ ധൈര്യപ്പെടുക! നിങ്ങൾ എത്രമാത്രം പ്രത്യേകതയുള്ളവരാണെന്ന് ദൈവത്തിനറിയാം. എന്റെ സുഹൃത്തേ, നിങ്ങളുടെ ജീവിതത്തെക്കുറിച്ച് അവന് ഒരു ദൈവിക പദ്ധതിയുണ്ട്. യോഹന്നാൻ സ്നാപകനെ നോക്കുമ്പോൾ, കർത്താവിന് അവൻ്റെ ജീവിതത്തിൽ ഒരു പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു. ലൂക്കൊസ് 1:14-ൽ ഇങ്ങനെ എഴുതിയിരിക്കുന്നു, "അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും." അടുത്ത വാക്യം പരാമർശിക്കുന്നു, "അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും." യോഹന്നാൻ തൻറെ അമ്മയുടെ ഗർഭപാത്രത്തിൽ രൂപപ്പെടുന്നതിന് മുമ്പുതന്നെ, ഈ കാര്യങ്ങൾ അവനെക്കുറിച്ച് ജീവപുസ്തകത്തിൽ മനോഹരമായി എഴുതപ്പെട്ടിരുന്നു.
അതുപോലെ, നിങ്ങളുടെ ജീവിതത്തിനായി ദൈവത്തിന് ഒരു മഹത്തായ പദ്ധതിയുണ്ട്. അതെ, നിങ്ങൾ ദൈവത്താൽ തന്നെ തിരഞ്ഞെടുക്കപ്പെടുകയും വേർതിരിക്കപ്പെടുകയും ചെയ്തവരാണ്. നിങ്ങൾ ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ട അവൻ്റെ കൈവേലയാണ്. നിങ്ങൾ സത്പ്രവൃത്തികൾക്കായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, അത് നിങ്ങളിലൂടെ നടക്കാൻ ദൈവം മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ട്. അവൻ നിങ്ങളെ എത്രമാത്രം പരിഗണിക്കുന്നു, അവൻ നിങ്ങളെ എത്ര ആഴത്തിൽ അറിയുന്നു, അവൻ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് ചിന്തിക്കുക! അവൻ പറയുന്നു, "നിങ്ങൾ എന്റെ അമൂല്യ സ്വത്താണ്. നിങ്ങളെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. നിങ്ങൾ എന്നെ തിരഞ്ഞെടുത്തില്ല, എന്നാൽ നിങ്ങൾ വളരെ ഫലം കായ്ക്കേണ്ടതിന് ഞാൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു." അതെ, പ്രിയ സുഹൃത്തേ, നിങ്ങളുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ട്. ദൈവത്തിൽ വിശ്വസിക്കുകയും അവന്റെ അടുത്തേക്ക് വരികയും ചെയ്യുക. അവനോട് കൂടുതൽ അടുക്കുക, അപ്പോൾ അവൻ നിങ്ങളോട് കൂടുതൽ അടുക്കും.
PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, ലോകസ്ഥാപനത്തിന് മുമ്പെ എന്നെ തിരഞ്ഞെടുത്തതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ സ്നേഹം അളവറ്റതാണ്, എനിക്കായുള്ള അങ്ങയുടെ പദ്ധതികൾ പരിപൂർണ്ണമാണ്. സ്നേഹത്തോടെ അങ്ങയുടെ മുമ്പിൽ നിഷ്കളങ്കമായി, വിശുദ്ധിയിൽ നടക്കാൻ എന്നെ സഹായിക്കേണമേ. എൻ്റെ വിശ്വാസത്തെ ശക്തിപ്പെടുത്തേണമേ, അങ്ങനെ ഞാൻ എപ്പോഴും അങ്ങയുടെ ഉദ്ദേശ്യത്തിൽ ആശ്രയിക്കും. എനിക്ക് ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ, ഞാൻ അങ്ങേക്ക് പ്രത്യേകതയുള്ളവളാണെന്ന് എന്നെ ഓർമ്മിപ്പിക്കേണമേ. യോഹന്നാൻ സ്നാപകനെക്കുറിച്ച് അങ്ങേക്ക് ഒരു പദ്ധതി ഉണ്ടായിരുന്നതുപോലെ, എനിക്കുവേണ്ടി അങ്ങേക്ക് സവിശേഷമായ ഒരു പദ്ധതിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സൽപ്രവൃത്തികൾ ചെയ്യാൻ യേശുവിൽ സൃഷ്ടിക്കപ്പെട്ട അങ്ങയുടെ കൈവേലയാണ് ഞാൻ. ഞാൻ വളരെ ഫലം കായ്ക്കുകയും ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുകയും ചെയ്യട്ടെ. കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുമ്പോൾ എന്നെ അങ്ങയോട് കൂടുതൽ അടുപ്പിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.