പ്രിയ സുഹൃത്തേ, ഇന്ന് നാം എഫെസ്യർ 2:10 ലെ മനോഹരമായ ഒരു വാക്യത്തെക്കുറിച്ച് ധ്യാനിക്കാൻ പോകുന്നു, അത് ഇങ്ങനെ പറയുന്നു, “നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.” മറ്റൊരു വിവർത്തനത്തിൽ, "നാം ദൈവത്തിൻറെ മാസ്റ്റർപീസ് ആണ്" എന്ന് പറയുന്നു. നാം അവനാൽ ശ്രദ്ധാപൂർവം സൃഷ്ടിക്കപ്പെട്ടവരാണ്. ഗ്രീക്കിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കിന്റെ അർത്ഥം "നാം ദൈവത്തിൻറെ കവിതയാണ്" എന്നാണ്. ഒരു കവിത എത്ര ശ്രദ്ധയോടെയാണ് എഴുതുന്നതെന്ന് ആലോചിച്ചു നോക്കൂ. നാം അത് പരിഷ്കരിക്കാൻ വളരെയധികം സമയമെടുക്കുന്നു, ഓരോ വാക്കും ശരിയായ രീതിയിൽ രൂപപ്പെടുത്തുന്നു. നാം അത് അപൂർണ്ണമായി വിടുന്നില്ല, അല്ലേ? അതെ, നാം ദൈവത്തിൻ്റെ കൈകളാൽ മനോഹരമായി സൃഷ്ടിക്കപ്പെട്ട അവന്റെ സ്നേഹത്തിൻ്റെയും കൃപയുടെയും ഒരു പുസ്തകമാണ്. കർത്താവ് മാത്രമാണ് നമ്മുടെ ജീവിതത്തിന്റെ രചയിതാവ്. അത് എഴുതാൻ അവൻ മറ്റാരെയും അനുവദിച്ചില്ല.
എന്റെ അമ്മ ചെറുപ്പമായിരുന്നപ്പോൾ കൂടകൾ നെയ്തെടുക്കുമായിരുന്നു. അവർ ഒരു പരിപൂർണ്ണതാവാദിയായിരുന്നു, മറ്റാരെയും തന്റെ ജോലിയിൽ സ്പർശിക്കാൻ അവർ അനുവദിക്കില്ലായിരുന്നു. "ഞാൻ മാത്രമേ അത് ചെയ്യുകയുള്ളൂ" എന്ന് അവർ പറയും. എല്ലാ വിശദാംശങ്ങളും തികഞ്ഞതാണെന്ന് ഉറപ്പാക്കിക്കൊണ്ട് അവർ ഓരോ കൂടയും വളരെ സ്നേഹത്തോടും കരുതലോടെയും നെയ്തു. ഇന്നും ഞങ്ങളുടെ പക്കൽ അവരുടെ ഒരു കൂടയുണ്ട് - ഞങ്ങളുടെ യാത്രകൾക്കായി അവർ നിർമ്മിച്ച ഒരു വലിയ, മനോഹരമായ ബാഗ്. ഇത് അവരുടെ മാസ്റ്റർപീസ് ആണ്, അവരുടെ സമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും പ്രതിഫലനമാണ്. അതുപോലെ, നിങ്ങൾ ദൈവത്തിൻറെ ഒരു മാസ്റ്റർപീസ് ആണ്. തുടക്കം മുതൽ അവസാനം വരെ, അവൻ മാത്രമാണ് നിങ്ങളെ രൂപപ്പെടുത്തുന്നത്. നിങ്ങളെ രൂപപ്പെടുത്താനും ശുദ്ധീകരിക്കാനും, അവൻ തന്റെ വിലയേറിയ വാഗ്‌ദത്തങ്ങൾ, തന്റെ ആത്മാവ്, തന്റെ സ്നേഹം, വിവിധ കരുതലുകൾ എന്നിവയെല്ലാം ഉപയോഗിച്ച് നിങ്ങളെ അവൻ രൂപകൽപ്പന ചെയ്ത വ്യക്തിയാക്കി മാറ്റുന്നു.
ഇന്നും അവൻ നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നു. നിങ്ങൾ ധാരാളം ഫലം കായ്ക്കേണ്ടതിന് ഒരു ലക്ഷ്യത്തോടെയാണ് അവൻ നിങ്ങളെ നട്ടിരിക്കുന്നത്. അതുകൊണ്ടാണ് വേദപുസ്തകം നമ്മെ, കർത്താവ് നടുന്ന "നീതിവൃക്ഷങ്ങൾ" എന്ന് വിളിക്കുന്നത്. നിങ്ങളുടെ ജീവിതം ലക്ഷ്യമില്ലാത്തതല്ല; ദൈവത്തെ മഹത്വപ്പെടുത്തുന്ന നല്ല പ്രവൃത്തികൾ ചെയ്യുക എന്ന ഒരു ദൗത്യം നിങ്ങൾക്കുണ്ട്. "കർത്താവേ, എനിക്ക് എങ്ങനെ അങ്ങേക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയും?" എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ നിങ്ങൾ നിങ്ങളുടെ ഹൃദയം അവനു സമർപ്പിക്കുമ്പോൾ, അവൻ നിങ്ങൾക്കായി വാതിലുകൾ തുറക്കും. അവയിലൂടെ കടന്നുപോകാൻ മടിക്കരുത്. നിങ്ങൾ ഒരു ഉയർന്ന ലക്ഷ്യത്തിനായി സൃഷ്ടിക്കപ്പെട്ടവരാണ്. നിങ്ങൾ ദൈവത്തെ അനുസരിക്കുകയും പരിശുദ്ധാത്മാവിനാൽ പ്രചോദിതമായ സൽപ്രവൃത്തികൾ ചെയ്തുകൊണ്ട് അവൻറെ മാർഗം പിന്തുടരുകയും ചെയ്താൽ അവൻ നിങ്ങളിൽ പ്രസാദിക്കും. മത്തായി 25:35-ൽ യേശു പറയുന്നു, "എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു."
അതുപോലെ, അവനെ സേവിക്കാൻ നിങ്ങൾ നിങ്ങളുടെ ജീവിതം സമർപ്പിക്കുമ്പോൾ, പ്രിയ സുഹൃത്തേ, അവൻ നിങ്ങളിൽ ആനന്ദിക്കും. സൽപ്രവൃത്തികൾക്കായി ക്രിസ്തുവിൽ സൃഷ്ടിക്കപ്പെട്ട ദൈവത്തിന്റെ കരങ്ങളാണ് നിങ്ങൾ. അതിനാൽ മൗനമായിരിക്കരുത്. എഴുന്നേൽക്കുക! പൂർണ്ണഹൃദയത്തോടെ കർത്താവിനെ സേവിക്കുക. നിങ്ങളുടെ പൂർണ്ണശക്തിയോടെ അവനെ സ്നേഹിക്കുക, അപ്പോൾ നിങ്ങൾ ഒരു നീതിവൃക്ഷമായി, അവന്റെ രാജ്യത്തിൽ ഒരു ഫലവൃക്ഷമായി മാറും. വിവാഹത്തിന് മുമ്പ്, ഞാൻ കർത്താവിനെ സേവിച്ചിരുന്നില്ല. എന്നാൽ എന്റെ ഹൃദയം അവന്റെ സേവനത്തിനായി സമർപ്പിച്ചപ്പോൾ, അവൻ എന്നെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു അനുഗ്രഹമാക്കി മാറ്റി. എൻറെ പ്രതിഫലം അവൻറെ പക്കലുണ്ടെന്ന് എനിക്കറിയാം. നിങ്ങൾ കർത്താവിനായി പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് പ്രതിഫലം ലഭിക്കും. അവനെ സേവിക്കാൻ നിങ്ങൾ മുന്നോട്ട് വരുമോ?
PRAYER:
പ്രിയ കർത്താവേ, എന്നെ അങ്ങയുടെ മാസ്റ്റർപീസ് ആയി സൃഷ്ടിച്ചതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ സ്നേഹത്താൽ അങ്ങ് എന്നെ രൂപപ്പെടുത്തിയിരിക്കുന്നു. എന്റെ ജീവിതം അങ്ങയുടെ കൈകളിലാണ്. കർത്താവേ, അങ്ങയുടെ പരിപൂർണ്ണപദ്ധതിക്കും ഉദ്ദേശ്യത്തിനും അനുസൃതമായി എന്നെ രൂപപ്പെടുത്തണമേ. അങ്ങയുടെ ആത്മാവിനാൽ എന്നെ നിറയ്ക്കുകയും, അങ്ങ് എനിക്കായി ഒരുക്കിയിരിക്കുന്ന സൽപ്രവൃത്തികൾ ചെയ്യാൻ എന്നെ നയിക്കുകയും ചെയ്യണമേ. ധാരാളം ഫലം കായ്ക്കാനും അങ്ങയുടെ നാമത്തിന് മഹത്വം നൽകാനും എന്നെ സഹായിക്കണമേ. അങ്ങ് എനിക്കായി തുറന്ന വാതിലുകളിലൂടെ കടക്കാൻ എനിക്ക് ധൈര്യം നൽകണമേ. ആവശ്യമുള്ളവരോടുള്ള സ്നേഹവും അനുകമ്പയും കൊണ്ട് എന്റെ ഹൃദയം നിറയട്ടെ. കർത്താവേ, മറ്റുള്ളവരെ സേവിക്കാനും അനുഗ്രഹിക്കാനും എന്നെ ഒരു പാത്രമായി ഉപയോഗിക്കേണമേ. എൻറെ ഉറപ്പുള്ള പ്രതിഫലം സ്വർഗത്തിലാണെന്ന് അറിഞ്ഞുകൊണ്ട് എപ്പോഴും അങ്ങയോട് വിശ്വസ്തത പുലർത്താൻ എന്നെ സഹായിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.