എൻ്റെ പ്രിയ സുഹൃത്തേ, യെശയ്യാവ് 60:19-ൽ നിന്നുള്ള മനോഹരമായ ഒരു വാഗ്‌ദത്തമാണ് ഇന്ന് ദൈവം നിങ്ങൾക്ക് നൽകിയിരിക്കുന്നത്. അത് ഇപ്രകാരം പറയുന്നു, “യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു.” നിങ്ങളുടെ ജീവിതം സൂര്യപ്രകാശം കൊണ്ട് നിറയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം, ദൈവം നിങ്ങൾക്കും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. വാസ്തവത്തിൽ, നിങ്ങൾ അവൻ്റെ സൂര്യപ്രകാശമാകണമെന്ന് അവൻ ആഗ്രഹിക്കുന്നു! എൻ്റെ ഇളയ മകൾ സ്റ്റെല്ലാ റമോളയ്ക്ക് വേണ്ടി ഞാൻ ഒരു ടി-ഷർട്ട് വാങ്ങിയ ഒരു കാലത്തെ ഇത് എന്നെ ഓർമ്മിപ്പിക്കുന്നു. അതിൽ "നീയാണ് എൻ്റെ സൂര്യപ്രകാശം" എന്ന വാക്കുകൾ ഉണ്ടായിരുന്നു. അതിലേക്ക് നോക്കുമ്പോഴെല്ലാം ഞാൻ പ്രാർത്ഥിക്കും, "കർത്താവേ, എൻ്റെ മകൾ തിളങ്ങുന്ന നക്ഷത്രമായിരിക്കട്ടെ." ഇതാണ് നമ്മുടെ ദൈവത്തിൻ്റെ മനസ്സും. അതുകൊണ്ടാണ് അവൻ വാഗ്ദത്തം ചെയ്യുന്നത്, "ഞാൻ നിനക്കു നിത്യപ്രകാശമായിരിക്കും. ഞാൻ നിൻ്റെ തേജസ്സുമായിരിക്കും."
ദുഃഖകരമെന്നു പറയട്ടെ, ലോകത്തിലെ അനേകം ആളുകൾ ദൈവത്തെ അവഗണിക്കുകയും സകലവിധ തെറ്റായ സ്ഥലങ്ങളിലും വെളിച്ചം തേടുകയും ചെയ്യുന്നു. എന്നാൽ സങ്കീർത്തനം 89:15-ൽ വേദപുസ്തകം ഇപ്രകാരം പറയുന്നു, "ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും." വാസ്‌തവത്തിൽ, നാം ദൈവത്തിൻ്റെ വെളിച്ചത്തിൽ നടക്കുമ്പോൾ, നാം അളവറ്റ അനുഗ്രഹങ്ങൾ പ്രാപിക്കുന്നു. നാം അവനിലേക്ക് നോക്കുമ്പോഴെല്ലാം അവൻ്റെ ജയഘോഷം നാം കേൾക്കുന്നു.
ദൈവവചനം നമ്മുടെ കാലിന്നു ദീപവും നമ്മുടെ പാതെക്കു പ്രകാശവുമാണ്. അതുകൊണ്ടാണ് എഫെസ്യർ 5:11-ൽ പൗലൊസ് നമ്മെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നത്, "ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ." കർത്താവായ യേശുക്രിസ്തു ലോകത്തിൻ്റെ യഥാർത്ഥ വെളിച്ചമാണ്. അവൻ്റെ ജീവദായകമായ വെളിച്ചം സ്വീകരിക്കുന്നവൻ ഒരിക്കലും ഇരുട്ടിൽ നടക്കുകയില്ല, കാരണം അവൻ പ്രകാശത്താൽ നിറഞ്ഞിരിക്കുന്നു, അവനിൽ ഇരുട്ടില്ല. നമ്മുടെ കണ്ണുകൾ യേശുവിൽ ഉറപ്പിക്കുമ്പോൾ, അവന്റെ തേജസ്സാൽ നമ്മുടെ മുഖങ്ങൾ പ്രകാശിക്കുന്നു. ഈ ഇരുണ്ട ലോകത്തിൽ തിളങ്ങാൻ നമ്മെ പ്രാപ്തരാക്കുന്ന പരിശുദ്ധാത്മാവിനാൽ അവൻ നമ്മെ നിറയ്ക്കുന്നു. വേദപുസ്തകത്തിലെ II കൊരിന്ത്യർ 3:18-ൽ പറയുന്നതുപോലെ, നാം ക്രമേണ തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു. പരിശുദ്ധാത്മാവില്ലാതെ, ഈ ഇരുണ്ട ലോകത്തിൽ നമുക്ക് വിജയകരമായി ജീവിക്കാൻ കഴിയില്ല.
അതെ, യേശു നമ്മുടെ തേജസ്സാണ്. നമ്മുടെ ജീവിതത്തെ ആദരിക്കാനും പ്രകാശിപ്പിക്കാനും അവൻ നമ്മെ അനുവദിക്കുന്നു. യെശയ്യാവ് 60:1 പ്രഘോഷിക്കുന്നതുപോലെ, " എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു." വിശ്വാസത്തോടെ ഇപ്രകാരം പ്രഖ്യാപിക്കുക, "യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?" പ്രിയ സുഹൃത്തേ, ഇത് നിങ്ങളുടെ സാക്ഷ്യമായിരിക്കട്ടെ. കർത്താവ് നിങ്ങളുടെ നിത്യപ്രകാശവും തേജസ്സും ആകട്ടെ. നിങ്ങൾ ഈ ലോകത്തിൽ ദൈവത്തിന്റെ സൂര്യപ്രകാശമായി പ്രകാശിക്കട്ടെ!
PRAYER:
പ്രിയ കർത്താവായ യേശുവേ, അങ്ങ് ലോകത്തിൻ്റെ വെളിച്ചമാണ്, ഇപ്പോൾ തന്നെ അങ്ങ് എന്നിൽ പ്രകാശിക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങയുടെ മഹത്തായ പ്രകാശം കാണാൻ എൻ്റെ കണ്ണുകൾ തുറക്കേണമേ, അങ്ങയുടെ സാന്നിധ്യം കൊണ്ട് എൻ്റെ ഹൃദയം നിറയ്‌ക്കേണമേ. കർത്താവേ, എന്നെ പ്രകാശപൂരിതമാക്കണമേ, എൻ്റെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും എന്നെ പ്രകാശിപ്പിക്കണമേ. ഈ ദിവസം മുതൽ, അങ്ങയുടെ നിത്യപ്രകാശം എന്നിൽ വസിക്കട്ടെ, അത് എനിക്ക് പ്രതീക്ഷയും സന്തോഷവും നൽകട്ടെ. കർത്താവേ, അങ്ങയുടെ തേജസ്സുകൊണ്ട് എന്നെ നിറയ്‌ക്കേണമേ, ഓരോ ദിവസം കഴിയുന്തോറും എന്റെ ജീവിതം കൂടുതൽ ശോഭയുള്ളതാകട്ടെ. എന്നെ അങ്ങയുടെ പ്രതിച്ഛായയാക്കി മാറ്റേണമേ, അങ്ങയുടെ സ്നേഹവും കൃപയും പ്രതിഫലിപ്പിക്കാൻ എന്നെ അനുവദിക്കേണമേ. നിരാശയുടെ നിഴലോ ഭയമോ എന്നിൽ നിലനിൽക്കരുതേ, കാരണം അങ്ങാണ് എന്റെ രക്ഷ. ആമേൻ.