എൻ്റെ പ്രിയ സുഹൃത്തേ, നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ ഞാൻ ആവേശഭരിതയാണ്. ഇന്ന് ഒരു പ്രത്യേക ദിവസമാണ്, കാരണം എൻ്റെ പിതാവ് ഡോ. പോൾ ദിനകരൻ തൻ്റെ ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരാൻ ഞാൻ ആഗ്രഹിക്കുന്നു, കൂടാതെ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മറ്റുള്ളവർക്കും എൻ്റെ ആശംസകൾ നേരുന്നു. നിങ്ങൾക്കെല്ലാവർക്കും സന്തോഷകരവും അനുഗ്രഹീതവുമായ ജന്മദിനം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!

ഇന്നത്തെ വാഗ്ദത്ത വാക്യം ആവർത്തനം 14:2-ൽ നിന്നുള്ളതാണ്. “നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു." നിങ്ങൾ കർത്താവിൻ്റെ ദൃഷ്ടിയിൽ വിലപ്പെട്ടവരാണ്. നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു, നിങ്ങൾ അവൻ്റെ അമൂല്യമായ സ്വത്താണ്. അപ്പോൾ, ദൈവം തൻ്റെ  അമൂല്യമായ സ്വത്ത് എന്ന് ആരെ വിളിക്കുന്നു? പുറപ്പാട് 19:5-ൽ നാം കാണുന്നതുപോലെ, കർത്താവിൻ്റെ കൽപ്പനകൾ അനുസരിക്കുകയും അവൻ്റെ നിയമം പ്രമാണിക്കയും  ചെയ്യുന്നവർ അവൻ്റെ "പ്രത്യേക സമ്പത്താണ്."

ഇന്ന്, നിങ്ങൾ കർത്താവിനെ അനുസരിക്കുകയും അവൻ്റെ ഇഷ്ടപ്രകാരം എല്ലാം ചെയ്യുകയും ചെയ്യുമ്പോൾ, ദൈവം നിങ്ങളെ അവൻ്റെ അമൂല്യസമ്പത്തായി സൂക്ഷിക്കുന്നു. അവൻ നിങ്ങളെ തിരഞ്ഞെടുത്തത് നിങ്ങളുടെ പശ്ചാത്തലമോ സമ്പത്തോ പ്രശസ്തിയോ കൊണ്ടല്ല, മറിച്ച് അവൻ നിങ്ങളെ സ്നേഹിക്കുകയും അവൻ്റെ കൽപ്പനകൾ പാലിക്കുന്ന എല്ലാവരോടും വിശ്വസ്തത പുലർത്തുകയും ചെയ്യുന്നതിനാലാണ് (ആവർത്തനം 7:9). യേശുവിൻ്റെ അമ്മയായ മറിയയുടെ ജീവിതത്തിൽ നാം ഇത് കാണുന്നു. അവൾ ആരുമല്ലെങ്കിലും, അവൾ കർത്താവിനാൽ സ്നേഹിക്കപ്പെട്ടു. ദൂതൻ അവൾക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ, അവൻ അവളെ "കൃപലഭിച്ചവളേ" എന്ന് അഭിവാദ്യം ചെയ്യുകയും അവൾക്ക് ദൈവത്തിൻ്റെ കൃപ ലഭിച്ചിരിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തു (ലൂക്കൊസ് 1:28, 30). ലോകത്തിന്റെ രക്ഷകനെ ഭൂമിയിലേക്ക് കൊണ്ടുവരാൻ ദൈവം തിരഞ്ഞെടുത്തത് അജ്ഞാതയായ മറിയത്തെയാണ്, കാരണം അവൻ അവളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.

എൻ്റെ സുഹൃത്തേ, ഇന്ന് ദൈവാനുഗ്രഹം നിങ്ങളോടുകൂടെയുണ്ട്. നിങ്ങൾ അവൻ്റെ കൽപ്പനകൾ പാലിച്ചതുകൊണ്ടാണ് അവൻ നിങ്ങളെ തിരഞ്ഞെടുത്തത്. മഹത്തായതും ശക്തവുമായ കാര്യങ്ങൾ ചെയ്യാൻ അവൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ജീവിതത്തിൽ, നിങ്ങളുടെ ജോലിയിൽ, നിങ്ങളുടെ കുടുംബജീവിതത്തിൽ, നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ, നിങ്ങളുടെ ആത്മീയ ജീവിതത്തിൽ നിങ്ങൾ അത് കാണും. ഈ കാര്യങ്ങളിലെല്ലാം നിങ്ങൾ വലിയ കൃപ കാണും. എന്തെന്നാൽ, നിങ്ങൾ ദൈവത്തിന്റെ കൽപ്പനകൾ പാലിച്ചിരിക്കുന്നു. നിങ്ങൾ അവൻ്റെ അമൂല്യമായ സ്വത്താണ്. അതിനാൽ, സന്തോഷമുള്ളവരായിരിക്കുക! ദൈവം
നിങ്ങളിലൂടെ വലിയ കാര്യങ്ങൾ ചെയ്യും.

Prayer:
പ്രിയ കർത്താവേ, അങ്ങയുടെ വചനത്തിലൂടെ എന്നെ പ്രോത്സാഹിപ്പിച്ചതിന് നന്ദി. അങ്ങ് എന്നെ സ്നേഹിക്കുന്നതിനാൽ അങ്ങ് എന്നെ അങ്ങേക്കായി തിരഞ്ഞെടുത്തിരിക്കുന്നു. എല്ലാ കാര്യങ്ങളിലും അങ്ങയെ അനുസരിക്കാനും അങ്ങയുടെ കൽപ്പനകൾ പാലിക്കാനും ഞാൻ എന്നെത്തന്നെ സമർപ്പിക്കുമ്പോൾ, അങ്ങ് എന്നോട് അങ്ങേയറ്റം കൃപ കാണിക്കുകയും എന്നെ അങ്ങയുടെ അമൂല്യമായ സ്വത്ത് എന്ന് വിളിക്കുകയും ചെയ്തതിൽ ഞാൻ നന്ദിയുള്ളവളാണ്. ഇന്ന്, എല്ലാ നിധികളും നൽകി എന്നെ അനുഗ്രഹിക്കണമേ, അങ്ങനെ എൻ്റെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും എനിക്ക് വലിയ വർദ്ധനവ് അനുഭവപ്പെടും. എൻ്റെ എല്ലാ പ്രയത്നങ്ങളെയും, എൻ്റെ കുടുംബത്തെയും, എൻ്റെ ആത്മീയ ജീവിതത്തെയും അനുഗ്രഹിക്കണമേ, എന്നെ എപ്പോഴും അങ്ങയുടെ അമൂല്യസ്വത്തായി നിലനിർത്തേണമേ. എൻ്റെ ജീവിതത്തിൽ അങ്ങ് നൽകിയ അനുഗ്രഹത്തിന് നന്ദി. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.