എൻ്റെ വിലയേറിയ സുഹൃത്തേ, സങ്കീർത്തനം 118:6 ഇപ്രകാരം പറയുന്നു, “യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?” ഇന്ന് നിങ്ങൾക്കുള്ള ദൈവത്തിൻ്റെ ആശ്വാസകരമായ വചനമാണിത്.
“കർത്താവ് എൻ്റെ പക്ഷത്തുണ്ടായിരുന്നില്ലെങ്കിൽ മനുഷ്യർ എന്നെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു” എന്ന് ദാവീദ് പ്രഖ്യാപിച്ചു. കൂടാതെ, അവൻ പറഞ്ഞു: "കർത്താവ്, മനുഷ്യരെ എന്റെ തലമേൽ കയറി ഓടിക്കുമാറാക്കി; എനിക്ക് തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു." അതെ, സുഹൃത്തേ, നമ്മുടെ ജീവിതത്തിന്മേൽ ചവിട്ടിമെതിക്കാൻ ദൈവം മറ്റുള്ളവരെ അനുവദിക്കുന്ന സമയങ്ങളുണ്ട്. അവർ കള്ളസാക്ഷ്യം പറഞ്ഞേക്കാം, നുണകൾ പ്രചരിപ്പിച്ചേക്കാം, നമ്മളെ തെറ്റായി കുറ്റപ്പെടുത്തിയേക്കാം. അത് അനീതിയാണ്, നമ്മുടെ ഹൃദയത്തിൽ നാം നിലവിളിക്കുന്നു: "കർത്താവേ, അങ്ങ് എവിടെയാണ്? അങ്ങയുടെ നീതി എവിടെ?” കുട്ടികളുണ്ടാകാത്തതിനാലും ചിലർ ഇങ്ങനെ കരയുന്നു. ജോലി നഷ്‌ടപ്പെടുന്ന ചിലർ, "ഇത്രയും നാണക്കേടിലൂടെ കടന്നുപോകാൻ അങ്ങ് ഞങ്ങളെ അനുവദിക്കുന്നത് എന്തുകൊണ്ട്?" എന്ന് പറഞ്ഞ് കരയുന്നു. ലോകം ദുഷ്ടത നിറഞ്ഞതാണ്, ദൈവം ചിലപ്പോൾ ഈ ദുഷ്ടന്മാരെ നമ്മുടെ ജീവിതത്തിൽ ചവിട്ടിമെതിക്കാൻ അനുവദിക്കുന്നു. എന്നാൽ ആ നിമിഷങ്ങളിലാണ് ദൈവം തൻ്റെ ശക്തി കാണിക്കുന്നത്. അവൻ പ്രഖ്യാപിക്കുന്നു: “ദുഷ്ടരേ, നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എൻ്റെ മക്കളുടെ മേൽ നടക്കുക. അവരെക്കുറിച്ച് തെറ്റായി കുറ്റപ്പെടുത്തുക, തെറ്റായി സംസാരിക്കുക, നിങ്ങളുടെ ശക്തിയാൽ അവരെ ഭീഷണിപ്പെടുത്തുക. എന്നിട്ടും, അവർക്ക് നീതി ലഭ്യമാക്കിക്കൊണ്ട് ഞാൻ അവരെ നിങ്ങളുടെ എല്ലാവരെക്കാളും ഉയർത്തും. എൻ്റെ കാലത്തു ഞാൻ വന്നു അവരെ ഉയിർപ്പിക്കും.”
അതെ, യോവേൽ 2:25-26-ൽ കർത്താവ് പറയുന്നു, "ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും. നിങ്ങളുടെ കൈകളുടെ പ്രവൃത്തിയെ അനുഗ്രഹിക്കും, നിങ്ങളുടെ മക്കളെ അനുഗ്രഹിക്കും. നിങ്ങൾ വീടുകളെ പണിതു പാർക്കും." ഇത് നിങ്ങൾക്കുള്ള ദൈവത്തിൻ്റെ വാഗ്ദാനമാണ്.
ഭയപ്പെടേണ്ട; മനുഷ്യന് നിങ്ങളോട് എന്തു ചെയ്യാൻ കഴിയും? അതേ വേദന യേശു കുരിശിൽ സഹിച്ചു. കള്ളക്കേസ് ചുമത്തി തല്ലുകയും തുപ്പുകയും ചെയ്തു. അവൻ ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും, ക്രൂശിക്കപ്പെടാനുള്ള തെറ്റായ സർക്കാർ വിധിയാൽ അവൻ അപലപിക്കപ്പെട്ടു. ജനം അവനെ അനുഗമിച്ചതിനാൽ അധികാരത്തിലിരിക്കുന്നവർ അസൂയപ്പെട്ടു; അവൻ അവർക്ക് ജീവൻ നൽകുകയായിരുന്നു. എന്നിട്ടും യേശു ജയിച്ചു. അവൻ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റത് നിങ്ങളെ സഹായിക്കാനാണ്. അവൻ നീതി കൊണ്ടുവരും. നിങ്ങൾ ഹൃദയത്തിലാണോ അതോ ജീവിതത്തിലാണോ മുറിവേറ്റത്? കർത്താവ് നിങ്ങളുടെ പക്ഷത്തുണ്ട്; ഭയപ്പെടേണ്ട. അവൻ നിങ്ങളുടെ ശത്രുക്കളുടെ മുമ്പിൽ വിരുന്നൊരുക്കും, നിങ്ങളുടെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്ത്, നിങ്ങളെ ഉയർത്തും. നൻമയും കരുണയും നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളെ പിന്തുടരും. നിങ്ങളുടെ ശത്രുക്കളുടെ ആക്രമണങ്ങൾ താൽക്കാലികം മാത്രമാണ്.
കൊൽക്കത്തയിൽ നിന്നുള്ള സഹോദരി. അഷ്ടമി ബൗരി 19 വർഷമായി വേലക്കാരിയായി ജോലി ചെയ്തു. അവൾ നിരക്ഷരയായ ഒരു സ്ത്രീയാണ്, യേശുവിനെ അറിയാത്ത വിധവയായ അമ്മയല്ലാതെ മറ്റാരുമില്ല അവൾക്ക്. അവളുടെ കുടുംബത്തിലെ ആളുകൾ അവളെ വളരെയധികം ബുദ്ധിമുട്ടിച്ചു. അതിലും മോശമായി, അവളുടെ സഹോദരൻ്റെ ഭാര്യ, അവളെ ഉപദ്രവിച്ചെന്ന് ആരോപിച്ച് കള്ളക്കേസ് ഫയൽ ചെയ്തു. അവളുടെ നിരക്ഷരത കാരണം സ്വയം എങ്ങനെ പ്രതിരോധിക്കണമെന്ന് അവൾക്ക് അറിയില്ലായിരുന്നു. എന്നാൽ ആരോ അവളെ കൊൽക്കത്തയിലെ പ്രാർത്ഥനാ ഗോപുരത്തിലേക്ക് കൊണ്ടുപോയി. പ്രാർത്ഥനാ പടയാളികൾ അവളോടൊപ്പം ചേർന്നു, അവൾക്കുവേണ്ടി കരഞ്ഞുകൊണ്ട് യേശുവിനോട് പ്രാർത്ഥിച്ചു. അവൾ പ്രാർത്ഥനാ ഗോപുരത്തിൽ നിന്ന് ഇറങ്ങിയ ഉടൻ, അവളുടെ വക്കീൽ അവളെ വിളിച്ച് പറഞ്ഞു, “അഭിനന്ദനങ്ങൾ! നിങ്ങളുടെ നാത്തൂന്റെ കള്ളക്കേസ് ജഡ്ജി തള്ളിക്കളഞ്ഞു. നിങ്ങൾ സ്വതന്ത്രയാണ്! ” എൻ്റെ സുഹൃത്തേ, ദൈവം നിങ്ങൾക്കും നീതി നൽകും. അവൻ നിങ്ങളെയും നിങ്ങളുടെ ജോലിയിൽ ഉയർത്തുകയും നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുകയും നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും. നിങ്ങൾ സഹിച്ച എല്ലാ വേദനകൾക്കും നഷ്ടങ്ങൾക്കും പകരമായി ഇരട്ടി ഓഹരിയും നിങ്ങളുടെ ഭാഗത്തുള്ള നീതിയും നൽകിക്കൊണ്ട് അവൻ നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും.
PRAYER:
പ്രിയ സ്വർഗ്ഗീയപിതാവേ, അങ്ങ് എപ്പോഴും എൻ്റെ അരികിലായതിൽ ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാൻ ഭയപ്പെടുകയില്ല, കാരണം അങ്ങ് എൻ്റെ സംരക്ഷകനും എൻ്റെ പരിചയും ആകുന്നു. ദുഷ്ടന്മാർ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ച് എനിക്കെതിരെ ഉയരുമ്പോൾ, അങ്ങയുടെ ശക്തിയും നീതിയും കൃത്യസമയത്ത് വെളിപ്പെടുത്തിക്കൊണ്ട് അങ്ങ് എന്നെ എല്ലാ കഷ്ടപ്പാടുകൾക്കും മുകളിൽ ഉയർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. ശത്രുക്കൾ അപഹരിച്ച വർഷങ്ങളെ പുനഃസ്ഥാപിക്കണമേ, കർത്താവേ; എൻ്റെ കൈകളുടെ പ്രവൃത്തിയെ അനുഗ്രഹിക്കേണമേ. അങ്ങ് യേശുവിനെ കല്ലറയിൽ നിന്ന് ഉയർത്തിയതുപോലെ എന്നെയും പരീക്ഷയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു സമൃദ്ധമായി അനുഗ്രഹിക്കേണമേ. എന്റെ ശത്രുക്കളുടെ മുമ്പിൽ എനിക്കായി വിരുന്നൊരുക്കി, എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്ത്, അങ്ങയുടെ നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരട്ടെ. അങ്ങയോടൊപ്പം, എല്ലാ ആക്രമണങ്ങളും താത്കാലികമാണെന്നും, അങ്ങയുടെ നീതി നിലനിൽക്കുമെന്നും എനിക്കറിയാം. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.