എൻ്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്നത്തെ വാഗ്ദത്തം സങ്കീർത്തനം 37:18-ൽ നിന്നുള്ളതാണ്. അത് ഇപ്രകാരം പറയുന്നു, “യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.”

കർത്താവിനോടു ചേർന്നു നടന്ന അനേകം നീതിമാന്മാരെക്കുറിച്ച് വേദപുസ്തകത്തിൽ നാം വായിക്കുന്നു. അവരിൽ ഒരാളായിരുന്നു ഇയ്യോബ്. നിങ്ങൾ ഇയ്യോബ് 1: 1 - ഉം 1: 8 - ഉം വായിക്കുകയാണെങ്കിൽ, ഇയ്യോബ് നേരുള്ളവനും കുറ്റമറ്റവനുമായിരുന്നു എന്ന് കർത്താവ് തന്നെ അവനെക്കുറിച്ച് സാത്താനോട് സാക്ഷ്യപ്പെടുത്തുന്നു. എന്നിരുന്നാലും, അത്തരം ആളുകൾ പോലും കഷ്ടതയിലൂടെ കടന്നുപോകണം. സങ്കീർത്തനം 15:2 സൂചിപ്പിക്കുന്നത് പോലെ, ഇയ്യോബ് തൻ്റെ ജീവിതത്തിൽ നിരവധി പരീക്ഷണങ്ങളും
പ്രലോഭനങ്ങളും നേരിട്ടു. തുടക്കത്തിൽ, അവന് തൻ്റെ എല്ലാ മക്കളും നഷ്ടപ്പെട്ടു. ഇയ്യോബ് 30:16-ൽ അവൻ പറയുന്നു: "കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു." തൻ്റെ കഷ്ടതയുടെ നടുവിൽ ഇയ്യോബ് എന്താണ് പറഞ്ഞത്? ഇയ്യോബ് 13:15 ൽ, "അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും" എന്ന് പ്രഖ്യാപിക്കുന്നു. ഇയ്യോബ് 23:10-ൽ അവൻ പറയുന്നു, "എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും."

എൻ്റെ സുഹൃത്തേ, തൻ്റെ എല്ലാ കഷ്ടതകൾക്കിടയിലും, ഇയ്യോബ് കർത്താവിങ്കലേക്ക് നോക്കുകയും എല്ലായ്‌പ്പോഴും ദൈവത്തോട് പറ്റിനിൽക്കുകയും ചെയ്‌തു. ഇയ്യോബ് 42:2 പറയുന്നു, " നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു." അതെ, എന്റെ സുഹൃത്തേ, ഇയ്യോബിനെപ്പോലെ നാം കർത്താവുമായി അടുത്ത ബന്ധം പുലർത്തണം. അപ്പോൾ, ദൈവത്തിൻ്റെ വാഗ്‌ദത്തമനുസരിച്ച്, നമ്മുടെ അവകാശം എന്നേക്കും നിലനിൽക്കും.

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ നിരന്തര സാന്നിധ്യത്തിനും എൻ്റെ ജീവിതത്തിലെ മാർഗ്ഗനിർദ്ദേശത്തിനും നന്ദിയുള്ളവളായി ഞാൻ ഇന്ന് അങ്ങയുടെ സന്നിധിയിൽ വരുന്നു. നിഷ്കളങ്കന്മാരുടെ നാളുകളെ അങ്ങ് അറിയുന്നുവെന്നും അവരുടെ അവകാശം ശാശ്വതമായിരിക്കുമെന്നും അങ്ങ് വാഗ്ദത്തം ചെയ്തിരിക്കുന്നു. ഞാൻ അങ്ങയുടെ ദൈവിക ജ്ഞാനത്തിലും കരുതലിലും വിശ്വസിക്കുന്നു. കർത്താവേ, ഇയ്യോബിനെപ്പോലെ, നേരുള്ളതും കുറ്റമറ്റതുമായ ഒരു ജീവിതം നയിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ അങ്ങയോട് അടുത്ത് നടക്കാൻ ആഗ്രഹിക്കുന്നു. പരീക്ഷണങ്ങളും കഷ്ടപ്പാടുകളും എൻ്റെ വഴിയിൽ വരുമ്പോഴും ഇയ്യോബിൻ്റെ അചഞ്ചലമായ വിശ്വാസം ഓർക്കാൻ എന്നെ സഹായിക്കേണമേ. എൻ്റെ വിശ്വാസത്തെ ശക്തിപ്പെടുത്തേണമേ, അങ്ങനെ ഞാനും എൻ്റെ പരീക്ഷണങ്ങളിൽ നിന്ന് പൊന്നുപോലെ പുറത്തു  വരട്ടെ. കഷ്ടതയുടെ സമയങ്ങളിൽ, ഞാൻ എപ്പോഴും അങ്ങയിലേക്ക് നോക്കാനും അങ്ങയുടെ വാഗ്‌ദത്തങ്ങളിൽ മുറുകെ പിടിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങയുടെ ഒരു ഉദ്ദേശവും തടസ്സപ്പെടുത്താൻ കഴിയില്ലെന്നറിഞ്ഞുകൊണ്ട്, അങ്ങയുടെ ശക്തിയും പരമാധികാരവും ഞാൻ അംഗീകരിക്കുന്നു. അങ്ങയുടെ വാഗ്‌ദത്തമനുസരിച്ച്, എൻ്റെ അവകാശം  എന്നെന്നേക്കുമായി നിലനിൽക്കുമെന്ന് വിശ്വസിച്ചുകൊണ്ട്, അങ്ങയുമായി അടുത്ത ബന്ധം നിലനിർത്താൻ എന്നെ സഹായിക്കേണമേ. കർത്താവേ, എൻ്റെ കാലടികളെ നയിക്കേണമേ, അങ്ങയുടെ ഇഷ്ടം എൻ്റെ ജീവിതത്തിൽ നിറവേറട്ടെ. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.