പ്രിയപ്പെട്ടവരേ, അപ്പൊ. പ്രവൃത്തികൾ 10:35 അനുസരിച്ച്, കർത്താവ് നിങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളെ അവൻ്റെ "സൌരഭ്യവാസനയായി" അംഗീകരിക്കുകയും ചെയ്യട്ടെ. ഇവിടെ, വേദപുസ്തകം ഇപ്രകാരം പറയുന്നു, “ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാർത്ഥമായി ഗ്രഹിക്കുന്നു."
കർത്താവിനോടുള്ള ഭയം ദൈവമുമ്പാകെ ഒരു "സൌരഭ്യവാസനയാണ്." അത് അവനു പ്രസാദകരമായ വഴിപാടാണ്. അപ്പൊ. പ്രവൃത്തികൾ 10:2-ൽ, ദൈവത്തെ ഭയപ്പെടുകയും നീതിയുള്ള പ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്ന ഒരാളായി കൊർന്നേല്യൊസിനെ വിശേഷിപ്പിക്കുന്നു. എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കുകയും പാവപ്പെട്ടവർക്ക് ദാനം ചെയ്യുകയും ചെയ്യുന്ന ഒരു ഭക്തനാണ് അവൻ. കൊർന്നേല്യൊസ് യേശുവിൽ വിശ്വസിക്കാൻ ഒരു യഹൂദനായിരുന്നില്ല, എന്നാൽ റോമൻ ശതാധിപനായിരുന്നു. അതിനാൽ, അവൻ ദൈവത്തിൽ വിശ്വസിക്കുക എന്നത് ഒരു സാധാരണ കാര്യമല്ല. എന്നിരുന്നാലും, കൊർന്നേല്യൊസിനെ ദൈവം സ്വീകരിച്ചു, കാരണം അവൻ ദൈവത്തെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്തു. ദൈവം വ്യക്തികളെ ബഹുമാനിക്കുന്നവൻ അല്ല. അവൻ പക്ഷപാതം കാണിക്കുന്നില്ല. നിങ്ങൾ ആരായാലും ശരി, നിങ്ങൾക്ക് ദൈവത്തിൽ വിശ്വസിക്കാനും അവനെ ഭയപ്പെടാനും കഴിയും. നിങ്ങളുടെ പശ്ചാത്തലം എന്തുതന്നെ ആയിരുന്നാലും, നിങ്ങൾക്ക് യേശുവിൽ വിശ്വസിക്കുന്നത് തിരഞ്ഞെടുക്കാം.
റോമർ 4:3-ൽ വേദപുസ്തകം ഇപ്രകാരം പറയുന്നു. “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു”. നാം ദൈവത്തിൽ വിശ്വസിക്കുമ്പോൾ, നാം നീതിമാൻമാരാണെന്ന് കർത്താവ് നമ്മോട് പറയുന്നു. നമ്മുടെ സ്വന്തം നീതിയെ യെശയ്യാവ് 64:6-ൽ കറപിരണ്ട തുണിപോലെ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. എന്നാൽ, ദൈവത്തിന് സൌരഭ്യവാസനയായ യേശുവിന്റെ യാഗത്തിലൂടെ, നമ്മുടെ കറപിരണ്ട തുണികൾ നീതിയിലേക്ക് മാറ്റപ്പെടുന്നു. യേശുവിൻ്റെ നീതി നിമിത്തം ദൈവം നമ്മെ അംഗീകരിക്കുന്നു. II കൊരിന്ത്യർ 2:14-15-ൽ വേദപുസ്തകം പറയുന്നു: "ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം." തുടർന്നുള്ള വാക്യത്തിൽ, കർത്താവ് നമ്മെ "തൻ്റെ സൌരഭ്യവാസന" എന്ന് വിളിക്കുന്നു. സർവ്വശക്തനായ ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നത് എത്ര മധുരമായ കാര്യമാണ്; നാം ദൈവത്തിൽ വിശ്വസിക്കുമ്പോൾ മാത്രമാണ് ഇത് സംഭവിക്കുന്നത്.
യേശു വിളിക്കുന്നു ശുശ്രൂഷയിൽ നടക്കുന്ന ഞങ്ങളുടെ പ്രാർത്ഥനാ മഹോൽത്സവങ്ങളിൽ, ആയിരക്കണക്കിന് ആളുകൾ ലളിതമായ വിശ്വാസത്തോടും പ്രത്യാശയോടും കൂടി ഒരു അത്ഭുതം തേടി വരുന്നു. വലിയ ജനക്കൂട്ടം ഉണ്ടായിരുന്നിട്ടും, അവർ തങ്ങളുടെ വിശ്വാസം മുറുകെ പിടിക്കുന്നു, ദൈവം തങ്ങൾക്കുവേണ്ടി മാത്രമുള്ളതുപോലെ അവനിൽ വിശ്വസിക്കുന്നു. ഈ അചഞ്ചലമായ വിശ്വാസവും പ്രത്യാശയും നീതിയായി കാണുന്നു, അതിൻ്റെ ഫലമായി ദൈവം അവരെ അംഗീകരിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു. ആളുകൾ വീൽചെയറിൽ നിന്ന് എഴുന്നേൽക്കുന്നു, അവരുടെ ചങ്ങലകൾ തകരുന്നു, അവർ പരിശുദ്ധാത്മാവിനാൽ നിറയുന്നു. ഭൂമിയിൽ, അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ സുഗന്ധം നാം അനുഭവിക്കും. എൻ്റെ സുഹൃത്തേ, നിങ്ങളും ദൈവത്താൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അവനിലുള്ള നിങ്ങളുടെ വിശ്വാസം നിങ്ങൾക്കും ഒരു അത്ഭുതം സംഭവിക്കുമെന്ന് ഉറപ്പ് നൽകുന്നു.
Prayer:
സ്നേഹവാനായ കർത്താവേ, അങ്ങയുടെ വിശ്വസ്ത വാഗ്‌ദത്തത്തിന് ഞാൻ നന്ദി പറയുന്നു. ഞാൻ ഇപ്പോൾ അങ്ങയുടെ മുൻപിൽ വരുന്നു, അങ്ങയെ പൂർണമായി വിശ്വസിക്കാൻ തിരഞ്ഞെടുക്കുന്നു, കാരണം വിശ്വാസമില്ലാതെ അങ്ങയെ പ്രസാദിപ്പിക്കുക അസാധ്യമാണെന്ന് അങ്ങയുടെ വചനം പറയുന്നു. ദൈവഭയം എന്നിൽ അനുദിനം ശക്തിപ്പെടട്ടെ, അങ്ങനെ എൻ്റെ ജീവിതം അങ്ങേക്ക് ഒരു "സൌരഭ്യവാസന" പോലെ സ്വീകാര്യമാകും. കർത്താവേ, സമർപ്പിതവും നീതിയുക്തവുമായ ജീവിതം നയിക്കാൻ എന്നെ സഹായിക്കേണമേ. എപ്പോഴും പ്രാർത്ഥിക്കാനുള്ള കൃപ നൽകണമേ. കർത്താവേ, കുരിശിലെ അങ്ങയുടെ പരമമായ ത്യാഗത്തിലൂടെ എൻ്റെ നീതിയായിത്തീർന്നതിനും, സർവ്വശക്തനായ ദൈവത്തിൻ്റെ മുമ്പാകെ എന്നെ നീതിമാനാക്കിയതിനും നന്ദി. അങ്ങ് എൻ്റെ വിശ്വാസവും സമാധാനവും സന്തോഷവും പുനഃസ്ഥാപിക്കുമെന്നും എൻ്റെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്നും ഞാൻ പോകുന്നിടത്തെല്ലാം അങ്ങയുടെ സൌരഭ്യം വഹിക്കുന്ന ഒരു സുഗന്ധ ധൂപമായി എന്നെ സ്ഥാപിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.