പ്രിയ സുഹൃത്തേ, ഇന്ന് വേദപുസ്തകത്തിലെ യോഹന്നാൻ 14:16 ഇപ്രകാരം പറയുന്നു, “അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. വേദപുസ്തകം പറയുന്നു "അവൻ മറ്റൊരു കാര്യസ്ഥനാകുന്നു." അവൻ ഒരു പ്രത്യേക ദൈവമല്ല. ദൈവം - പുത്രൻ, ദൈവം - പിതാവ്, ദൈവം - പരിശുദ്ധാത്മാവ് എന്നിവരെല്ലാം ഒന്നുതന്നെയാണ്.

ആരാണ് ഈ കാര്യസ്ഥൻ? അവൻ ദൈവമാണ്, പരിശുദ്ധാത്മാവാണ്. 1കൊരിന്ത്യർ 6:19-ൽ വേദപുസ്തകം പറയുന്നു, "പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം." ഈ പരിശുദ്ധാത്മാവിനെ നിങ്ങൾക്ക് ഒരു
"ദാനം" ആയി നൽകപ്പെട്ടിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങളുടെ ശരീരം ദൈവം വസിക്കുന്ന ഒരു ആലയമാണ്. ഇത് കേൾക്കുന്നത് എത്ര ആശ്വാസകരമാണ്. ദൈവം നമ്മിൽ വസിക്കുന്നു. ഇതാണ് അവൻ നൽകുന്ന ആദ്യത്തെ ആശ്വാസം.

അവൻ നമ്മിൽ വസിക്കുന്നതിനാൽ അവൻ എന്താണ് ചെയ്യുന്നത്? റോമർ 5:5 ൽ പറയുന്നതുപോലെ, നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിലൂടെ അവൻ തന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ പകരുന്നു. അതും സമൃദ്ധമായ സ്നേഹം. അതെ, പ്രിയ സുഹൃത്തേ, അവൻ്റെ സ്നേഹം തന്നെ. അവൻ നമ്മുടെ ഉള്ളിലിരുന്ന് "അവൻ്റെ സ്നേഹം" കൊണ്ട് നമ്മെ ശാന്തമാക്കുന്നു. അവൻ - പരിശുദ്ധാത്മാവ്, നമ്മുടെ ഹൃദയങ്ങളിൽ ഇരുന്നു, അവൻ്റെ സ്നേഹത്താൽ നമ്മെ ശാന്തമാക്കുന്നു, സെഫന്യാവ് 3:17 പറയുന്നു, "ഘോഷത്തോടെ അവൻ നമ്മിൽ ആനന്ദിക്കും."

ഒരു അമ്മ തൻറെ കൊച്ചുകുട്ടിയോട് എന്താണ് ചെയ്യുന്നത്? അവൾ തൻ്റെ കുട്ടിയെ തൊട്ടിലിൽ കിടത്തി കുട്ടിയോടുള്ള സ്നേഹത്താൽ പാടുന്നു. അതുപോലെ, നമ്മോടുള്ള വലിയ സ്നേഹത്താൽ പാടിക്കൊണ്ട് കർത്താവ് നമ്മെക്കുറിച്ച് സന്തോഷിക്കുന്നു. അതെ, ഒരു അമ്മയെപ്പോലെ കർത്താവ് നമ്മെ ആശ്വസിപ്പിക്കുന്നു. യെശയ്യാവ് 66:13-ൽ ഉള്ളതുപോലെ, വേദപുസ്തകം പറയുന്നു: "അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ ആശ്വാസം പ്രാപിക്കും." കൂടാതെ 2 കൊരിന്ത്യർ 1:3-ൽ വേദപുസ്തകം പറയുന്നു, "അവൻ സർവ്വാശ്വാസവും നല്കുന്ന ദൈവം ആകുന്നു." വാക്യം 4 - ൽ, വേദപുസ്തകം പറയുന്നു, "ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു."

ഇന്നും, കർത്താവിൻ്റെ ആശ്വാസം നിങ്ങളുടെമേൽ വരട്ടെ. നിങ്ങളോടുള്ള സ്നേഹത്താൽ, അവൻ അത് ചെയ്യുന്നു. എൻ്റെ കഷ്ടതയുടെ നടുവിൽ പ്രാർത്ഥിക്കാൻ പോലും എനിക്കറിയില്ല എന്ന് നാം പറയുമ്പോൾ, നിങ്ങളിലുള്ള പരിശുദ്ധാത്മാവ് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും. റോമർ 8:26-ൽ വേദപുസ്തകം പറയുന്നു, "ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു." നിങ്ങളോടുള്ള അതിയായ സ്നേഹത്താൽ, അവൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ബലഹീനതയിൽ അവൻ നിങ്ങളെ സഹായിക്കുന്നു. ഇതാണ് ദൈവത്തിൽ നമുക്കുള്ള ആശ്വാസം. ഇത് പലതവണ ഞാൻ അനുഭവിച്ചിട്ടുണ്ട്. ഞാൻ എൻ്റെ ഹൃദയത്തിൽ നിറഞ്ഞ ദുഃഖത്തോടെ കർത്താവിൻ്റെ അടുക്കൽ പോകും. എന്നാൽ, കർത്താവ് എന്നെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കുമ്പോൾ, എൻ്റെ പ്രാർത്ഥനയ്ക്കുശേഷം, ദുഃഖത്തിനുപകരം എൻ്റെ ഹൃദയത്തിൽ സന്തോഷം അനുഭവപ്പെടും. എൻ്റെ ആത്മാവിൽ വലിയ വിശ്രമം ഉണ്ടാകും. ഒരു ആശ്വാസകനായി ദൈവം എന്നിലുണ്ടെന്ന് എനിക്ക് തോന്നും. അതാണ് നാം അവനോട് പ്രാർത്ഥിക്കുമ്പോൾ ദൈവം നമുക്ക് നൽകുന്ന ആശ്വാസം. നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ, നിങ്ങൾക്ക് ആശ്വാസം ലഭിക്കാൻ ഒരു പുരുഷൻ്റെയോ സ്ത്രീയുടെയോ അടുക്കൽ പോകരുത്. ദൈവത്തിങ്കലേക്കു പോകുക. നിങ്ങളുടെ ബലഹീനതയിൽ അവൻ നിങ്ങളെ സഹായിക്കുന്നു.

ഒരിക്കൽ, ഞാൻ വളരെ വിഷാദത്തിലായിരുന്നപ്പോൾ, "കർത്താവേ, എങ്ങനെയെങ്കിലും എന്നെ അങ്ങയുടെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ" എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു. കർത്താവ് മധുരവും ശാന്തവുമായ ശബ്ദത്തിൽ പറഞ്ഞു: എന്റെ കുഞ്ഞേ, ഉറങ്ങാൻ പോകൂ, രാവിലെ എഴുന്നേറ്റ് ഭർത്താവിനോടൊപ്പം പ്രാർത്ഥിക്കൂ. ഞാൻ നിന്നെ എൻ്റെ ആത്മാവിനാൽ നിറയ്ക്കും." കൃത്യമായി അവൻ പറഞ്ഞതുപോലെ, പിറ്റേന്ന് രാവിലെ, കർത്താവ് ഞങ്ങളെ രണ്ടുപേരെയും, എന്റെ ഭർത്താവിനെയും എന്നെയും തന്റെ ആത്മാവിനാൽ നിറച്ചു, അവൻ ഞങ്ങൾക്ക് വിവിധതരം ഭാഷകൾ നൽകി. ഞങ്ങളുടെ പ്രാർത്ഥനയ്ക്കിടയിൽ ഞാൻ യേശുവിനെ മുഖാമുഖം കണ്ടു. നിറഞ്ഞ സ്നേഹത്തോടെ ഞാൻ അവനെ കണ്ടു. ഞാൻ അവനെ നോക്കിയപ്പോൾ അവൻ്റെ കണ്ണുകളിൽ ഒരു അമ്മയുടെ സ്നേഹം കാണാമായിരുന്നു. യേശുവിനെ കണ്ടതിനുശേഷം എൻ്റെ എല്ലാ വിഷാദവും എന്നെ വിട്ടുപോയി. നമ്മുടെ എല്ലാ കഷ്ടപ്പാടുകളിലും അനർത്ഥങ്ങളിലും നമ്മെ ആശ്വസിപ്പിക്കാൻ ദൈവം മറ്റൊരു കാര്യസ്ഥനെ അയച്ചിട്ടുണ്ട്. ഇന്നും, കർത്താവ് നിങ്ങളുടെ ഹൃദയത്തെ അവൻ്റെ സ്നേഹത്താൽ, അവൻ്റെ ആത്മാവിനാൽ നിറയ്ക്കട്ടെ.

PRAYER:
സ്‌നേഹവാനായ സ്വർഗ്ഗീയപിതാവേ, പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ അങ്ങയുടെ സ്നേഹം എൻ്റെ ഹൃദയത്തിലേക്ക് ഒഴുകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കഷ്ടതയുടെ സമയങ്ങളിൽ അങ്ങ് എന്റെ സഹായിയും എല്ലാ സങ്കടങ്ങളിലും എന്റെ ആശ്വാസകനുമാണ്. കർത്താവേ, എന്റെ എല്ലാ വേദനകളും ദു:ഖങ്ങളും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു - എന്നെ സുഖപ്പെടുത്തേണമേ, അങ്ങയുടെ ആശ്വാസകരമായ സാന്നിധ്യം എന്റെ ആത്മാവിനെ നിറയ്ക്കട്ടെ. എനിക്ക് മറ്റ് ആശ്വാസ സ്രോതസ്സുകളൊന്നും ആവശ്യമില്ല, കാരണം അങ്ങ് മാത്രം മതി. കർത്താവേ, എൻ്റെ ദുഃഖങ്ങളെ സന്തോഷമാക്കി മാറ്റണമേ. അങ്ങ് എന്നെ ആശ്വസിപ്പിക്കുമ്പോൾ, മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ എന്നെ സഹായിക്കേണമേ, അങ്ങ് എൻ്റെ ഹൃദയത്തിൽ ചൊരിഞ്ഞതുപോലെ അങ്ങയുടെ സ്നേഹം അവരുടെ ഹൃദയങ്ങളിൽ ചൊരിയേണമേ. എൻ്റെ ഭാരങ്ങൾ ഉയർത്തിയതിനും അങ്ങയുടെ ആത്മാവിൻ്റെ നവോന്മേഷദായകമായ സ്പർശനത്തിനും നന്ദി. അങ്ങ് എപ്പോഴും എന്നോടൊപ്പമുണ്ടെന്ന് അറിഞ്ഞുകൊണ്ട് ഞാൻ അങ്ങയുടെ സമാധാനത്തിൽ വിശ്രമിക്കുന്നു. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.